ആയുഷ്മാന്‍ ഭാരതില്‍ നിന്നും കേരളം വിട്ടു നില്‍ക്കുന്നതെന്ത്? അവകാശവാദങ്ങളിലെ നുണകളും പൊള്ളത്തരങ്ങളും
ശ്രീഷ്മ കെ

ആയുഷ്മാന്‍ ഭാരതില്‍ നിന്നും കേരളം വിട്ടു നില്‍ക്കുന്നതെന്ത്? അവകാശവാദങ്ങളിലെ നുണകളും പൊള്ളത്തരങ്ങളും

ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയെന്ന പേരില്‍ കാര്യമായി കൊട്ടിഘോഷിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആയുഷ്മാന്‍ ഭാരത് രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ദുര്‍ബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമായി മോദി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് – പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പില്‍ വരുത്തിയ പദ്ധതി യഥാര്‍ത്ഥത്തില്‍, വലിയൊരു പൊള്ളത്തരത്തെയാണ് നിറംപൂശിക്കാണിക്കുന്നത്.

പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ക്കു തന്നെ അതിലുള്ള പൊരുത്തക്കേടുകളും വാസ്തവവിരുദ്ധതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആയുഷ്മാന്‍ ഭാരതിനേക്കാള്‍ മികച്ച ആരോഗ്യസംരക്ഷണ പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന കാരണം കാണിച്ച് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് പദ്ധതിയോടു ചേരാതെ വിട്ടു നില്‍ക്കുന്നത്. “മോദി കെയര്‍” എന്ന ഓമനപ്പേരുള്ള സര്‍ക്കാരിന്റെ സ്വപ്നപദ്ധതി വലിയ തട്ടിപ്പാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

പദ്ധതിയെ അടച്ചാക്ഷേപിക്കുകയല്ല വിമര്‍ശകര്‍ ചെയ്യുന്നത്. മറിച്ച്, കാര്യകാരണസഹിതം വിശദീകരണം നല്‍കി മോദി കെയറിന്റെ തട്ടിപ്പു വെളിവാക്കുകയാണ്. മതിയായ ധനവിഹിതം നീക്കിവയ്ക്കാതെയാണ് മോദിയുടെ ആയുഷ്മാന്‍ ഭാരത് നടപ്പിലാകാനൊരുങ്ങുന്നത്.

പദ്ധതിപ്രകാരം രാജ്യമൊട്ടാകെ ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് പ്രധാന അവകാശവാദം. 2018-19 വര്‍ഷത്തേക്ക് ഈ കേന്ദ്രങ്ങള്‍ക്കായി ധനകാര്യമന്ത്രി മാറ്റിവച്ചിരിക്കുന്നത് ആയിരത്തിയിരൂന്നൂറ് കോടി രൂപയാണ്. അതായത്, ഓരോ കേന്ദ്രത്തിനും എണ്‍പതിനായിരം രൂപ വീതം. പുതിയ പദ്ധതിയുടെ പേരെഴുതിച്ചേര്‍ത്ത് പെയിന്റടിക്കാന്‍ മാത്രമേ ഈ തുക തികയുകയുള്ളൂ എന്നാണ് പരക്കെയുള്ള വിമര്‍ശനം.

അതേസമയം, ജന്‍ ആരോഗ്യ യോജനയ്ക്കായി നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന രണ്ടായിരം കോടി എന്ന തുക കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയ്ക്കു മാറ്റിവച്ചിരുന്ന ആയിരം കോടിയെക്കാള്‍ ഏറെയൊന്നും വലുതല്ല താനും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ മാറ്റമൊന്നും തുക വകയിരുത്തലില്‍ സംഭവിച്ചിട്ടില്ല എന്നു സാരം. പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കി വോട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് മോദിയും പരിവാരങ്ങളും എന്നതും എടുത്തു പറയേണ്ടതില്ല.

പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജിനെക്കുറിച്ചുള്ള പെരുപ്പിച്ചു കാണിക്കലില്‍ത്തന്നെ പരസ്പര വിരുദ്ധതയുണ്ട്. ഏകദേശം അമ്പതു കോടിയോളം ജനങ്ങള്‍ പദ്ധതിയ്ക്കു കീഴില്‍ വരുമെന്നും, ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപയോളം ആനുകൂല്യം ലഭിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ വിശദീകരിക്കുന്നു്.

അടയ്‌ക്കേണ്ട പ്രീമിയത്തിന്റെ ഒരു ശതമാനം തുക ഗുണഭോക്താവില്‍ നിന്നും ഈടാക്കിയാലും, ഈയിനത്തില്‍ സര്‍ക്കാരിന്റെ പ്രതിവര്‍ഷ ചെലവ് അമ്പതു കോടി രൂപയോളമാണ് വരിക. പദ്ധതിക്കായി സര്‍ക്കാര്‍ പതിനായിരം കോടി രൂപയെങ്കിലും കണ്ടെത്തേണ്ടതുണ്ടെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിന് കണ്ടെത്താനാകില്ലെന്ന് ഉറപ്പുള്ള ഈ തുക പോലും പത്തു കോടി കുടുംബങ്ങള്‍ എന്ന കണക്കെടുക്കുമ്പോള്‍ വളരെ തുച്ഛമായ സംഖ്യയാണെന്നതാണ് വാസ്തവം. ഒരു കുടുംബത്തിന് ആയിരം രൂപ, അഥവാ ഒരു വ്യക്തിക്ക് ഇരുന്നൂറു രൂപ മാത്രമാണ് ഈ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം മാറ്റിവയ്ക്കപ്പെടുക. ഇത്തരമൊരു പദ്ധതിക്ക് എങ്ങിനെയാണ് സമഗ്രമായ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താന്‍ സാധിക്കുക?

ഈ സംശയങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അഞ്ചു സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചു മാറിനില്‍ക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ല താനും. സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ, ഇത്ര കുറഞ്ഞ പ്രീമിയം തുകയ്ക്ക് ഈ ചികിത്സാ ആനുകൂല്യം ലഭിക്കുക എന്നത് പ്രായോഗികമല്ലെന്നും ഈ ആശങ്കയോടു കൂടി പദ്ധതിയില്‍ ഭാഗമാകേണ്ടതില്ലെന്നുമാണ് ധനമന്ത്രി തോമസ് ഐസകിന്റെ പക്ഷം. കേരളത്തില്‍ നിലവിലുള്ള വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകീകരിച്ചുള്ള പുതിയ പദ്ധതി ചര്‍ച്ചയിലുണ്ട്. ആയുഷമാന്‍ ഭാരതിനെക്കാള്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്നത് ഇതാണെങ്കില്‍ അങ്ങിനെതന്നെ മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യശ്രീ എന്ന പദ്ധതി നിലവിലുണ്ടായിരിക്കേ, എണ്‍പതു ലക്ഷം പേര്‍ക്കു മാത്രം ആനുകൂല്യം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വരുത്തേണ്ടെന്നാണ് തെലങ്കാന സര്‍ക്കാരിന്റെയും തീരുമാനം. നേരത്തേ, സംസ്ഥാനത്തെ ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജന പദ്ധതി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തുകയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നും കാണിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. നിലവില്‍ മികച്ച ആരോഗ്യസംരക്ഷണ പദ്ധതിയുള്ള സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ എടുക്കുന്ന ഊര്‍ജം ഇന്ധനവിലവര്‍ദ്ധനവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്നും പട്നായിക് കൂട്ടിച്ചേര്‍ത്തിരുന്നു.

മൊഹല്ല ക്ലിനിക്കുകള്‍ പോലുള്ള മികച്ച ആരോഗ്യ പദ്ധതികളുള്ള ദല്‍ഹിയും പഞ്ചാബും വിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്, കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുന്നു എന്ന കണക്കുകളുണ്ടാക്കാന്‍ മാത്രം ലക്ഷ്യം വച്ചുള്ള പ്രഖ്യാപനമാണ് മോദി കെയര്‍ എന്നത് പകല്‍ പോലെ വ്യക്തമാണെന്നിരിക്കേ, ഇതിലും മികച്ച സൗകര്യങ്ങളുള്ളപ്പോള്‍ തങ്ങള്‍ വിട്ടു നില്‍ക്കുക തന്നെ ചെയ്യുമെന്ന ഈ അഞ്ചു സംസ്ഥാനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല.

ഇത്രയും കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നതിനു ശേഷമെങ്കിലും, ആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണെന്ന ഗീര്‍വാണം നിര്‍ത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം. വലിയൊരു വിഭാഗം ജനങ്ങളെ കണക്കില്‍പ്പെടുത്താനായി, ചെലവഴിക്കുന്ന തുകയില്‍ കുറവു വരുത്തുന്നത് അംഗീകരിക്കാനാവില്ലല്ലോ. ഇനി പദ്ധതിക്കു കീഴില്‍ വരുന്നവരുടെ കണക്കിന്റെ കാര്യത്തിലാണെങ്കില്‍പ്പോലും, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ലോകത്തേറ്റവും വലുത്.

മറ്റൊരര്‍ത്ഥത്തില്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ എന്ന ലക്ഷ്യത്തെ പാടേ നിസ്സാരവല്‍ക്കരിക്കുകയാണ് ആയുഷ്മാന്‍ ഭാരത് ചെയ്യുന്നത്. പദ്ധതിയിലെ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവു വരുത്തുകയല്ല, മറിച്ച് അവകാശവാദങ്ങളൊഴിവാക്കി വകയിരുത്തുന്ന തുക വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്

ശ്രീഷ്മ കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം