| Saturday, 22nd March 2025, 12:41 pm

'രജിനി സാറുമൊത്ത് ചെയ്യാനിരുന്ന സിനിമ'; എമ്പുരാന്റെ ട്രെയിലര്‍ ആദ്യം അദ്ദേഹത്തെ കാണിച്ചതിന് കാരണമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എംപുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിനൊക്കെ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ രജിനികാന്ത് പങ്കുവെച്ചിരുന്നു. രജിനികാന്തിനെ കുറിച്ചും എമ്പുരാന്റെ ട്രെയിലര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൃഥ്വിരാജ്.

രജിനികാന്തിനെ എമ്പുരാന്റെ ട്രെയിലര്‍ കാണിക്കാന്‍ ഒരു കാരണമുണ്ടെന്നാണ് പൃഥ്വി പറയുന്നത്.

‘ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. സിനിമയുടെ ട്രെയിലര്‍ രജിനി സാറിനെ കാണിക്കണമെന്ന് എനിക്ക് തോന്നി.

കാരണം എനിക്ക് അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തെ പറ്റാവുമ്പോഴൊക്കെ കാണാനും എന്റെ വര്‍ക്ക് അദ്ദേഹത്തെ കാണിക്കാനും ഞാന്‍ ആഗ്രഹിച്ചു.

അങ്ങനെ ഞാന്‍ സൗന്ദര്യയെ വിളിച്ചു. അവര്‍ എന്നോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സിനിമയുടെ ട്രെയിലര്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം അത് കണ്ടത്.

അദ്ദേഹം സാധാരണയായി ഒരു സിനിമയുടെ ട്രെയിലറോ സിനിമകളെ കുറിച്ചുള്ള ട്വീറ്റുകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു.

അദ്ദേഹം അത് ചെയ്യുമ്പോഴുണ്ടാകുന്ന വിസിബിലിറ്റിയെ കുറിച്ചൊന്നുമല്ല ഞാന്‍ ആലോചിച്ചത്. മറിച്ച് അദ്ദേഹം അത് ചെയ്തു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യമായി ഞാന്‍ കാണുന്നത്,’പൃഥ്വിരാജ് പറഞ്ഞു.

‘എംപുരാന്റെ ട്രെയിലര്‍ കണ്ട ആദ്യ വ്യക്തി…. ട്രെയ്ലര്‍ കണ്ട ശേഷം താങ്കള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എന്നും ഓര്‍ത്തുവെയ്ക്കും.

ഇത് എനിക്ക് വളരെ വലിയ കാര്യമാണ്. എന്നും താങ്കളുടെ ആരാധകന്‍’… എന്നുപറഞ്ഞുകൊണ്ടായിരുന്നു രജിനീകാന്തിനൊപ്പമുള്ള ചിത്രം പൃഥ്വി കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

Content Highlight: why Empuraan’s trailer was shown to Rajinikanth first says Prithviraj

We use cookies to give you the best possible experience. Learn more