ചെന്നൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമാായി ഡി.എം.കെ. രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയെ മനപൂര്‍വ്വം ദുര്‍ബലപ്പെടുത്തുകയാണെന്നും ഡി.എം.കെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയും സുതാര്യതയില്ലായ്മയും സത്യസന്ധതയില്ലായ്മയുമാണ് ഇന്ത്യ മുന്നണിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ഡി.എം.കെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’യിലെ എഡിറ്റോറിയലിലൂടെയായിരുന്നു കോണ്‍ഗ്രസിനെതിരായ പാര്‍ട്ടിയുടെ പരാമര്‍ശങ്ങള്‍.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രാദേശിക കക്ഷികളുടെ സഹായം തേടുന്ന കോണ്‍ഗ്രസ്, സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളെ തന്നെ പിന്നില്‍ നിന്ന് കുത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പത്രം കുറ്റപ്പെടുത്തി.
‘നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉടനീളം, കൂടെയുള്ള ഇന്ത്യ മുന്നണി പങ്കാളികള്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ ബി.ജെ.പിക്കെതിരെ പോരാടാനെന്ന പേരില്‍ ഇതേ കക്ഷികളുടെ കാലുപിടിക്കാന്‍ അവര്‍ ഓടിയെത്തും,’ മുഖപ്രസംഗത്തില്‍ പറയുന്നു.
ജൂണ്‍ 8ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റപ്പെട്ടുവെന്നും പാര്‍ട്ടി ആരോപിച്ചു. ഐക്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി സ്വയം ഒരു ഏകീകരണ ശക്തിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
‘രാഹുല്‍ ഗാന്ധി ഇത്തരമൊരു വിമര്‍ശനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് വിമര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമായി മാറിയത്. അതിനുള്ള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയും സത്യസന്ധതയില്ലായ്മയുമാണ്,’ എഡിറ്റോറിയല്‍ പറഞ്ഞു.
സഖ്യകക്ഷികളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഭഗവാന്‍ ശിവന്‍ വിഷം കുടിക്കുന്നതുപോലെ ഉള്‍കൊള്ളണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനെയും പത്രം വിമര്‍ശിച്ചു.
പുരാണ കഥയില്‍ വിഷം സൃഷ്ടിച്ചിട്ടില്ലെന്നും ദേവാസുരന്മാര്‍ അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്ന വിഷം ലോകത്തെ രക്ഷിക്കാന്‍ അദ്ദേഹം കുടിക്കുക മാത്രമാണ് ചെയ്തതെന്നും പത്രം പറഞ്ഞു.
ഇന്ത്യ സംഖ്യത്തില്‍ അമൃതിന് പകരം വിഷമാണ് ഉണ്ടായതെങ്കില്‍ അത് കടഞ്ഞ് വിഷമുണ്ടാക്കിയതിന് പിന്നില്‍ ആരാണെന്ന ചോദ്യവും എഡിറ്റോറിയല്‍ ഉയര്‍ത്തുന്നു.
Content Highlight: Who poisoned the India alliance? Rahul Gandhi’s political immaturity: DMK
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.