ഹലാലാക്കണമെങ്കില്‍ ആദ്യം ഹറാമാകണമല്ലോ, ആരാണ് മുസ്‌ലിങ്ങള്‍ക്ക് സിനിമ ഹറാമാക്കിയത്
Discourse
ഹലാലാക്കണമെങ്കില്‍ ആദ്യം ഹറാമാകണമല്ലോ, ആരാണ് മുസ്‌ലിങ്ങള്‍ക്ക് സിനിമ ഹറാമാക്കിയത്
വി.പി റജീന
Saturday, 17th October 2020, 9:45 pm

‘ഹലാല്‍ ലൗ സ്‌റ്റോറി’ സിനിമ കാണാനൊത്തില്ല. കുറേയധികം റിവ്യൂകളും ഫേസ്ബുക് പോസ്റ്റുകളും കണ്ടു. കുറേയെണ്ണം വായിച്ചു. സിനിമ ‘ഹറാം’ ആയി കണ്ടുപോരുന്ന ഒരു ജീവിത പരിസരത്തില്‍ സിനിമ പിടിക്കാന്‍ ഇറങ്ങുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ആശയക്കുഴപ്പങ്ങളും വെല്ലുവിളികളും ആണ് ഹലാല്‍ ലൗ സ്‌റ്റോറിയുടെ ഉള്ളടക്കമെന്നാണ് ഒറ്റവാചകത്തില്‍ മനസ്സിലാക്കാനായത്.

അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പല പോസ്റ്റുകളും റിവ്യൂകളും വായിച്ചപ്പോള്‍ പലതിലും മുസ്‌ലിം, സിനിമ എന്നിവയെ എതിര്‍ ദിശകളില്‍ കൊണ്ട് നിര്‍ത്തിയതായും കണ്ടു. അത്തരമൊരു സാഹചര്യത്തില്‍ ഉയര്‍ന്ന ഒരു സംശയമാണ് തലക്കെട്ടില്‍ ഉന്നയിച്ചത്. മുസ്‌ലിങ്ങള്‍ / മലബാറിലെ മുസ്‌ലിങ്ങള്‍ മലയാള സിനിമയെ അകറ്റി നിര്‍ത്തിയിരുന്നോ, ഉണ്ടെങ്കില്‍ എപ്പോള്‍ മുതലാണ് അങ്ങനെ ഒരു വഴിതിരിച്ചില്‍ ഉണ്ടായത്, എന്താണ് അതിലേക്ക് നയിച്ച ഘടകങ്ങള്‍ അതുകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ.

ഇനിയങ്ങോട്ട് തീര്‍ത്തും വ്യക്തിപരമായ ചില സിനിമയോര്‍മകള്‍ കുറിക്കാനാഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. അതില്‍ നിന്ന് ഇത്തവണയും ചിലതൊക്കെ കടമെടുക്കുകയാണ്.

ഓര്‍മ തെളിഞ്ഞ കാലം മുതല്‍ സിനിമയും സിനിമ തിയ്യേറ്ററും കൂടെയുണ്ട്. ഇടക്കാലത്തെപ്പൊഴോ ഏതാനും വര്‍ഷങ്ങള്‍ ശൂന്യമായതൊഴിച്ച്. എന്റെ സിനിമയോര്‍മകളുടെ തുടക്കം ഉപ്പാക്കൊപ്പമുള്ളതാണ്. കഠിനാധ്വാനിയായ കൂലിപ്പണിക്കാരനായിരുന്നു എന്റെ ഉപ്പ. അന്നന്നത്തെ അന്നത്തിനുള്ളത് ഒപ്പിച്ചുപോവാന്‍ മാത്രമുള്ള വരുമാനം. എന്നിട്ടും ഉപ്പ ചില കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. അതെങ്ങനെയെന്നോ. എപ്പൊഴെങ്കിലും പണി കഴിഞ്ഞ് ഇത്തിരി നേരത്തെ വന്ന് ഇന്ന് സിനിമയ്ക്ക് പോവാം എന്ന് എന്നോടും അനിയനോടും പറയും. ഞാനന്ന് യു.പി ക്ലാസിലൊക്കെ ആയിരിക്കും.

കോഴിക്കോട് നഗരത്തിന്റെ ഓരം ചേര്‍ന്നുള്ള ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്. ഈ ഗ്രാമത്തില്‍ തന്നെ രണ്ട് കിലോമീറ്റര്‍ പോലും ഇടദൂരമില്ലാതെ മൂന്ന് തിയേറ്ററുകളുണ്ടായിരുന്നു. ഗിരീഷ്, കൃഷ്ണാര്‍ജുന, രാജ. നാടിന്റെ മൂന്ന് അടയാളങ്ങള്‍ എന്നോണം ഇന്നാട്ടുകാരുടെയും യുവതീ യുവാക്കളുടെയും സ്വന്തം തിയ്യേറ്ററുകള്‍ ആയിരുന്നു ഇവ. ഇതില്‍ ഇപ്പോള്‍ ഏറെ ശോഷിച്ച് രാജ മാത്രം അവശേഷിക്കുന്നു.

നല്ലളം ഗിരീഷ് തിയ്യേറ്റര്‍

ഗിരീഷ് നിന്ന ഭാഗത്തെ ബസ്‌റ്റോപ്പിന് ഗിരീഷ് എന്ന് പേരിട്ട് നാട്ടുകാര്‍ സായൂജ്യമടഞ്ഞു. എല്ലാ നാടിനുമുണ്ടാവും ഓര്‍മകളും കഥകളും അനുഭവങ്ങളും ഉറങ്ങുന്ന ഇത്തരം സിനിമാ തിയ്യേറ്ററുകള്‍. ഓഡിറ്റോറിയങ്ങളും ഷോപിങ് കോപ്ലക്‌സുകളുമായി രൂപം മാറിക്കഴിഞ്ഞിരിക്കും അതില്‍ പലതും.

ഉമ്മയുടെ വീടിനോട് തൊട്ടു ചേര്‍ന്നായിരുന്നു ഞങ്ങളുടെ ചെറിയ വീട്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഏറെ മതചിട്ടയോടെ ജീവിതം നയിക്കുന്ന വലിയുമ്മയും വലിയുപ്പയും. യാഥാസ്ഥിതിക മുസ്‌ലിം ജീവിതാന്തരീക്ഷത്തില്‍ സിനിമ അത്ര വലിയ പാപമായി അന്നാരും പറഞ്ഞു കേട്ടിട്ടില്ല. എന്റെ ഉമ്മയുടെ ഒരു സഹോദരന്‍ അദ്ദേഹത്തിന്റെ നല്ല പ്രായത്തില്‍ നന്നായി സിനിമകള്‍ കണ്ടിട്ടുണ്ട്. പിന്നീടദ്ദേഹം ഹോം സിനിമകളെ മാത്രം ഇഷ്ടപ്പെട്ടു.

ഉമ്മയുടെ ചെറിയ അനിയന്‍ (26ാം വയസ്സില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു) ഒന്നാന്തരം സിനിമാകമ്പക്കാരനായിരുന്നു. ആഴ്ചതോറും സിനിമ. മലയാളം മാത്രമല്ല, തമിഴും ഹിന്ദിയും ഒക്കെ കാണും. മിക്കതും ഫസ്റ്റ് ഷോ തന്നെ. കണ്ടു വന്നിട്ട് എനിക്ക് കഥ പറഞ്ഞു തരും. അവന്‍ അത് വിവരിക്കുമ്പോള്‍ രംഗങ്ങള്‍ കണ്‍മുന്നില്‍ കാണുന്നപോലെ ആയിരുന്നു.

ചിലപ്പോള്‍ പെരുന്നാളിനാവും ഉപ്പക്കൊപ്പമുള്ള ഞങ്ങളുടെ സിനിമക്ക് പോക്ക്. എന്റെയും അനിയന്റെയും കൈപിടിച്ച് ഉപ്പ ആവേശത്തോടെ നടക്കും. ടിക്കറ്റ് എടുക്കാന്‍ ആണുങ്ങളുടെ നിര സാമാന്യം നീണ്ടതായിരിക്കും. അന്നേരം പെണ്ണുങ്ങളുടെ കൗണ്ടറിനടുത്തേക്ക് പൈസയും തന്ന് ഉപ്പ ഞാനെന്ന ‘പെണ്ണി’നെ മെല്ലെ പറഞ്ഞുവിടും. കുറഞ്ഞ കാശിന്റെ ടിക്കറ്റേ എടുക്കൂ. മിക്കവാറും മുന്നില്‍ നിന്ന് അധികം പിറകിലല്ലാത്ത സീറ്റ് ആയിരിക്കും. എന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഇന്റവെല്‍ സമയത്ത്, പുറത്തെ ഉന്തുവണ്ടിയില്‍ മണലിട്ട ചട്ടിയില്‍ കടല വറുക്കുന്നയാളില്‍ നിന്ന് നല്ല ചൂടു കടല വാങ്ങിത്തരും. എന്തൊരു മണവും രുചിയുമാണതിന്!

അങ്ങനെ ഗിരീഷില്‍ നിന്ന് ചെമ്മീനും അമരവും, കൃഷ്ണാര്‍ജുനയില്‍ നിന്ന് എന്റെ സൂര്യപുത്രിയും മൃഗയയും… മാത്തോട്ടം വിജിത്തില്‍ നിന്ന് ഒളിയമ്പുകള്‍, ടൗണിലെ ബ്ലൂഡയമണ്ടില്‍ നിന്ന് പപ്പയുടെ സ്വന്തം അപ്പൂസ്, കൈരളിയില്‍ നിന്ന് കളിക്കളം, രാജാവിന്റെ മകന്‍, കരിയിലക്കാറ്റുപോലെ,…

ട്യൂഷനെടുക്കുന്ന സരയൂ ചേച്ചി ഞങ്ങള്‍ പിള്ളാരെ എല്ലാവരെയും കൊണ്ടുപോയി കാണിച്ചുതന്ന സാന്ത്വനം, ടൗണിലെ കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരികള്‍ക്കൊപ്പം കണ്ട മയില്‍പീലിക്കാവ്,…. ബാല്യത്തിലും കൗമാരത്തിലും തന്നെ കണ്ടു തീര്‍ത്ത എത്രയോ സിനിമകളില്‍ ഓര്‍മയിലുള്ളത് മാത്രമാണിവ.

ആ കാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്നതിനാലാവണം ഉപ്പക്ക് സിനിമ ‘ഹറാം’ ആയിരുന്നില്ല. കുട്ടികളായ ഞങ്ങള്‍ക്കും സിനിമ കാണിച്ചു തരുന്നതില്‍ ഒരു പിശുക്കും കാണിച്ചിരുന്നില്ല. എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണത്രെ ഉപ്പ ഉമ്മയെയും കൂട്ടി ‘ആരംഭം’ സിനിമ കാണാന്‍ പോയത്. അതെ, തുടക്കം ആരംഭത്തിലൂടെ തന്നെ.

എന്നാല്‍, എന്റെ ഓര്‍മയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒരു അനുഭവമുണ്ട്. പണ്ടൊക്കെ ഉരലില്‍ അരി ഇടിക്കാന്‍ ഉച്ച തിരിഞ്ഞ് അയലത്തെ പെണ്ണുങ്ങള്‍ ഒന്നിച്ചു കൂടും. ഈ അരിയിടിയും കഴിഞ്ഞ് ഒരു വൈകുന്നേരമാണ് ഗിരീഷില്‍ ‘1921’ കാണാന്‍ പെണ്ണുങ്ങളെല്ലാവരും കൂടി ഇറങ്ങിയത്. അന്നൊന്നും അവരുടെ ആണുങ്ങള്‍ അതിന് ഒരു തടസ്സവും നിന്നിരുന്നില്ലെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്. ഇന്നാണെങ്കിലോ.

ഞങ്ങളില്‍ ചില കുട്ടികളെയും അവര്‍ കൂടെക്കൂട്ടി. സംഘത്തിലെ മൂപ്പത്തി ടിക്കറ്റിനുള്ള പൈസ എല്ലാവരില്‍ നിന്നും പിരിച്ചെടുത്തു.
തലയില്‍ ഒരു കെട്ടും കെട്ടി കയ്യിലെ വടിയും വീശി കാളവണ്ടിയോടിച്ച് മമ്മൂട്ടി പാടുന്ന ആ പാട്ട് ഇന്നും കുഞ്ഞോര്‍മയില്‍ മങ്ങാതെയുണ്ട്. ‘മുത്ത് നവ രത്‌ന മുഖം കത്തിടും മൈലാളേ….”

പണ്ടത്തെ ഇഷ്ടപ്പെട്ട സിനിമകള്‍ ഉമ്മയും ഉപ്പയും എണ്ണിപ്പറയുന്നത് മുമ്പൊക്കെ കേട്ടിരുന്നു. ആരംഭം, മണിയറ, കുട്ടിക്കുപ്പായം, നദി…. ഉപ്പക്ക് സത്യന്‍ ആയിരുന്നു ഹീറോ. ഉമ്മക്കിഷ്ടം പ്രേംനസീറിനെയും. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് നിറഞ്ഞോടിയ സിനിമികളിലും പാട്ടുകളിലും എമ്പാടും മുസ്‌ലിം ജീവിത പരിസരങ്ങള്‍ ഉണ്ടായിരുന്നു. പ്രേംനസീറും സത്യനും ജയനും ഷീലയും ശാരദയുമൊക്കെ എല്ലാവരുടേതുമായിരുന്നു.

വെള്ളിത്തിരയിലെ ജീവിതങ്ങളും പാട്ടുകളും എല്ലാ ജാതി മതസ്ഥര്‍ക്കും ആസ്വദിക്കാനാവുമായിരുന്നു. ബാബുരാജും ഭാസ്‌കരന്‍മാഷും വയലാറും ഒക്കെ ഒരുക്കിയ പാട്ടുകള്‍ക്ക് മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല. കല്യാണത്തലേന്ന് വീടുകളില്‍ ഹരമേറ്റാന്‍ ഉമ്മ കളിക്കൂട്ടുകാര്‍ക്കൊപ്പം പാടിയ പാട്ടുകള്‍ ഒക്കെയും അന്നത്തെ സിനിമകളിലെ മൈലാഞ്ചിപ്പാട്ടുകള്‍ ആയിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

പിന്നീടെപ്പോള്‍ മുതലാണ് മുസ്‌ലിങ്ങള്‍ക്ക് സിനിമകള്‍ ഹറാമായത്. ഇടപഴകലുകളിലെ സൂക്ഷ്മതയുടെ പേരില്‍, നരകത്തിലേക്ക് വഴിവെട്ടുന്നുവെന്ന തരത്തില്‍ കാഴ്ചകളെ മാറ്റിമറിച്ചതാരാണ്. തിരശ്ശീലയില്‍ നിന്ന് മുസ്‌ലിം ജീവിതങ്ങള്‍ മാഞ്ഞുപോയതെപ്പോഴാണ്.

ഞങ്ങളുടെ കൂട്ടത്തില്‍ ആദ്യം സിനിമ ഉപേക്ഷിച്ചത് ഉമ്മയാണ്. പിന്നീട് ടി.വിയൊക്കെ വന്നപ്പോള്‍ പോലും സിനിമ കാണുന്നത് ഉമ്മക്ക് ഇഷ്ടമല്ലാതായി. ഉപ്പ കാണിച്ചുതന്ന തിയേറ്റര്‍ വഴി ഉപ്പ തന്നെ ഉപേക്ഷിച്ചപ്പോള്‍ അത് വീണ്ടും തുടരാന്‍ ജീവിതത്തിന്റെ തിരിവില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു.

അസ്സല് സിനിമാ ഭ്രാന്തന്‍. ഐഡിയ കഴിഞ്ഞാല്‍ കേരളത്തിന്റെ ഏത് മുക്കുമൂലയിലും ‘റേഞ്ച്’ ഉള്ളത് കവി അയ്യപ്പനായിരുന്നുവെന്ന് തമാശ പറഞ്ഞ് കേട്ടിട്ടുണ്ട്. കള്ളുഷാപ്പുകള്‍ ആയിരുന്നു അയ്യപ്പന്റെ ടവര്‍. അതു കഴിഞ്ഞ് റേഞ്ച് ഉള്ളത് ഇയാള്‍ക്കായിരിക്കണം. കേരളത്തിലെ ഏതു മുക്കിലുമുള്ള സിനിമാ കൊട്ടകകള്‍ ആണ് ടിയാന്റെ ടവര്‍. ഊണും ഉറക്കവും മറന്ന് സിനിമ കണ്ടു നടന്ന കാലമുണ്ടത്രെ!

എന്നെ കാണുന്നതിനും മുമ്പ് ഞങ്ങളുടെ സ്വന്തം ഗിരീഷില്‍ കയറിയും സിനിമ കണ്ടിരുന്നത്രെ. കോഴിക്കോട്ടുകാരിയായ ഞാന്‍ കണ്ടിട്ടില്ലാത്ത വഴികളിലൂടെ ബൈക്കില്‍ പായുമ്പോള്‍ കൈ ചൂണ്ടി പറയും..”ദാ, അവിടെ ഒരു തിയേറ്ററുണ്ടായിരുന്നു…’ അദ്ദേഹത്തിന്റെ സ്വന്തം നാടായ ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള പഴയകാല തിയേറ്ററുകളുടെ ഭൂതവും വര്‍ത്തമാനവും കാലമിത്രയായിട്ടും പറഞ്ഞു തീര്‍ന്നിട്ടില്ല.

എവിടെയോ വിട്ടുപോയ സിനിമാ കാഴ്ച പിന്നീട് വിളക്കിച്ചേര്‍ത്തത് തിരുവനന്തപുരത്തെ ശ്രീയിലാണ്. കല്യാണം കഴിഞ്ഞ് ആദ്യം പോയത് ഫിലിം ഫെസ്റ്റിവലിലേക്ക്. പിന്നെയും ഒരു വര്‍ഷം കൂടി പോയി. ഫിലിം ഫെസ്റ്റിവല്‍ അതുവരെ കാണാത്ത മറ്റൊരു ലോകം എനിക്ക് കാണിച്ചുതന്നു. ഇതര ഭാഷാ ചിത്രങ്ങളെ പ്രണയിച്ചു തുടങ്ങിയത് അന്നു മുതലാണ്. ഇന്നിപ്പോള്‍ ഒഴിവു വേളകളില്‍ കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ വീട്ടിലിരുന്ന് സിനിമകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക് സഞ്ചരിക്കുന്നു.

എന്നാലും പറയാതെ വയ്യ, തിയ്യേറ്ററില്‍ ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്നതിന്റെ രസം ഒന്ന് വേറെ തന്നെ. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമകള്‍ മാറുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടവും അത് തന്നെ.

ബാപ്പ ജീവിതത്തില്‍ ഉടനീളം കണ്ടുതീര്‍ത്ത സിനിമകളുടെ റെക്കോര്‍ഡ് ബാല്യത്തില്‍ തന്നെ പൊട്ടിക്കാന്‍ മത്സരിക്കുകയാണെന്നു തോന്നും ഇപ്പോള്‍ വീട്ടിലെ 13കാരിയുടെ സിനിമാഭ്രാന്ത് കാണുമ്പോള്‍. ഇതരഭാഷാ ചിത്രങ്ങള്‍ അടക്കം കണ്ട് നിരൂപണം നടത്തലാണ് ഈ ലോക്ഡൗണ്‍ കാലത്ത് മകളുടെ ഹോബി. എന്തായാലും മക്കള്‍ കാണാവുന്നിടത്തോളം സിനിമകള്‍ കണ്ട് തന്നെ വളരട്ടെ. അങ്ങനെയും അവര്‍ക്ക് ജീവിതങ്ങളെ അറിയാനാവട്ടെ. അവര്‍ തന്നെ വിവേചിച്ചറിയട്ടെ സിനിമയിലെ നല്ലതും ചീത്തതും.

Content Highlight: Who made Cinema Haram to Muslims – Vp Rajeena Writes

വി.പി റജീന
മാധ്യമപ്രവര്‍ത്തക