വി.എസ് യുദ്ധം പ്രഖ്യാപിച്ച, മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്ന വെള്ളാപ്പള്ളി ആരാണ്?
details
വി.എസ് യുദ്ധം പ്രഖ്യാപിച്ച, മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്ന വെള്ളാപ്പള്ളി ആരാണ്?
അരുൺ എയ്ഞ്ചല
Tuesday, 13th January 2026, 5:25 pm
മകന്‍ വഴി ബി.ഡി.ജെ.എസിലൂടെ കേന്ദ്രത്തിനേയും ഇല്ലാത്ത സമുദായ പിന്തുണയുണ്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരിനെയും സുഖിപ്പിച്ചു നിര്‍ത്തുക എന്നത് നല്ല കച്ചവടക്കാരന്റെ അതിജീവന തന്ത്രമാണ്. കേരളത്തില്‍ ഏത് മുന്നണി ഭരിച്ചാലും വെള്ളാപ്പള്ളി അത് ചെയ്യുമെന്നും അരുൺ എയ്ഞ്ചല

ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു വര്‍ഗീയവാദിയെന്നും അയാളുടെ മുസ്‌ലിം പേര് വച്ച് തീവ്രവാദിയെന്നും ചാപ്പയടിക്കുന്നു. അയാളുടെ സ്വദേശമായ ഈരാറ്റുപേട്ട എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ മോശമെന്ന് ധ്വനിപ്പിക്കുന്നു. മൈക്ക് തട്ടിമാറ്റുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത മാധ്യമങ്ങളോട്റിപ്പോര്‍ട്ടര്‍ ടി.വിയുടെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെമതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

വെള്ളാപ്പള്ളി നടേശന്‍

ഏതെങ്കിലും കള്ള് കച്ചവടക്കാരനായ മുതലാളി ഇങ്ങനെ ചെയ്താല്‍ കേരളം അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞെന്നിരിക്കും. പക്ഷെ ഇവിടെ ഇക്കാര്യം ചെയ്തിരിക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ എന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ ഇത്ചര്‍ച്ച ചെച്ചേണ്ടതുണ്ട്, പരിശോധിക്കപ്പെടേണ്ടതുണ്ട്.

ആരാണ് വെള്ളാപ്പള്ളി നടേശന്‍?

പിന്നോക്ക സമുദായങ്ങളേയും മുസ്‌ലിം, ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളേയും ചേര്‍ത്ത് സംവരണ സമുദായ മുന്നണി നയിച്ചിരുന്ന, ബാബറി പൊളിക്കാന്‍ വേണ്ടി രഥയാത്ര നടന്നപ്പോള്‍ രാമന്‍ ഞങ്ങളുടെ ദൈവമല്ലെന്ന ഹിന്ദുത്വ വിരുദ്ധ നിലപാടെടുത്ത, ആര്‍ജവമുണ്ടായിരുന്ന എസ്.എന്‍.ഡി.പി എന്ന പ്രസ്ഥാനത്തെ, സംഘപരിവാറിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുന്ന സാംസ്‌കാരിക കൂട്ടികൊടുപ്പുകാരനാണ് വെള്ളാപ്പള്ളി നടേശന്‍. ഇതിലും ലളിതമായി, ഇതിലും വ്യക്തമായിപറയാനാവില്ല എന്ന് തോന്നുന്നു.

എന്താണ് എസ്.എന്‍.ഡി.പി?

1903ല്‍ ഡോ. പല്‍പ്പുവിന്റെ പ്രേരണയാല്‍ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ശ്രീ നാരായണ ദര്‍ശനങ്ങളുടെ പ്രചരണത്തിനുമായി കമ്പനി ആക്ട് അനുസരിച്ച് സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ്എസ്.എന്‍.ഡി.പി നാരായണഗുരു പ്രസിഡന്റായും കുമാരനാശാന്‍ സെക്രട്ടറിയായുമാണ് യോഗം സ്ഥാപിക്കപ്പെട്ടത്. അക്കാലത്ത് പിന്നോക്ക വിഭാഗങ്ങളില്‍ ജനസംഖ്യയില്‍ മുന്നില്‍ നിന്നിരുന്നത് ഈഴവര്‍ ആയതിനാല്‍ അംഗസംഖ്യയിലും ഈഴവര്‍ തന്നെയായിരുന്നു കൂടുതല്‍. ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും എസ്.എന്‍.ഡി.പിയില്‍ അംഗമാകാം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.

ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നതുകൊണ്ട് ആരും ഈ സംഘടനയില്‍ അംഗമാകുന്നില്ല, അതിന് മെമ്പര്‍ഷിപ്പ് എടുക്കേണതുണ്ട്. എന്നാല്‍ ഗുരുവിന്റെ വിശാലമായ കാഴ്ചപ്പാടില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ യോഗം പിന്നോട്ട് പോവുകയുണ്ടായി.

ഡോ. പല്‍പ്പു

1916ല്‍ ഡോ. പല്‍പ്പുവിന് ഗുരു എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ‘യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസാക്കുന്നത് കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു’.

‘നാം ജാതിമതഭേദം വിട്ടിട്ട് ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായിവരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.

ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരണം ചെയ്തിരിക്കുന്നു’. ഇത് 1916 മെയ് 28ന് (1091 ഇടവം 15) ഗുരു പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച വിളംബരമാണ്.

ശ്രീനാരായണ ഗുരു

ഗുരുവിന്റെ വിശാലമാനവികതയില്‍ നിന്ന് അകന്നുവെങ്കിലും എസ്.എന്‍.ഡി.പി ഒരിക്കലും സവര്‍ണ ഹിന്ദുത്വയ്ക്ക് കൊടി പിടിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ തള്ളിപ്പറഞ്ഞ ഗുരു തന്നെയായിരുന്നു മരണം വരെ എസ്.എന്‍.ഡി.പി അധ്യക്ഷന്‍. ജാതിയില്ലാ വിളംബരത്തിന് ശേഷവും ഗുരു അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നതുകൊണ്ട് തന്നെ പ്രസ്ഥാനത്തെ ഒരു ജാതി സംഘടന എന്ന രീതിയില്‍ ഗുരു കണ്ടിരുന്നില്ല എന്ന് വേണം കരുതാന്‍.

എസ്.എന്‍.ഡി.പിയുടെ വ്യതിയാനം

സവര്‍ണ ജാതിക്കാര്‍ അയിത്തം പാലിച്ചുവെങ്കിലും പിന്നോക്ക വിഭാഗങ്ങളുടെയെല്ലാം പ്രാതിനിധ്യമുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ എസ്.എന്‍.ഡി.പി നടത്തിയിരുന്നു. ഈഴവ ഇതര ജാതിയിലെ വ്യക്തികളും സംഘടനയില്‍ അംഗങ്ങളായിരുന്നു. ഗുരുവിന്റെ കാലത്ത് 1924ല്‍, എസ്.എന്‍.ഡി.പി നടത്തിയത് സമുദായത്തിന്റെ സമ്മേളനമായിരുന്നില്ല മറിച്ച് സര്‍വ്വമത സമ്മേളനമായിരുന്നു.

സഹോദരന്‍ അയ്യപ്പൻ

ആശാന് ശേഷം കെ. കുമാരനും സഹോദരന്‍ അയ്യപ്പനും ആര്‍. ശങ്കറുമൊക്കെ എസ്.എന്‍.ഡി.പിയെ നയിച്ചു. ആര്‍. ശങ്കറിന്റെ കാലത്ത് മന്നത്ത് പതമനാഭനുമായി ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കിയ കാലം മാത്രമാണ് യോഗം ഒരു ഹിന്ദുത്വ ആശയത്തിലേക്ക് വ്യതിചലിച്ചത്. അതാവട്ടെ അധികകാലം നീണ്ട് നിന്നുമില്ല. ആര്‍. ശങ്കര്‍ രാഷ്ട്രീയത്തിലും സാമുദായിക തലത്തിലും ശോഭിച്ച വ്യക്തിയായിരുന്നു. പിന്നീട് എം.കെ. രാഘവനിലേക്കൊക്കെ നേതൃത്വം വരുന്ന കാലത്ത് സംഘടനയുടെ സംഘ വിരുദ്ധനിലപാട് തികച്ചും ഗുരുവിന്റെ ആശയങ്ങളെ പ്രതിഭലിപ്പിച്ചു എന്ന് പറയാതെ വയ്യ.

ശുദ്രമുനി ശംബൂകന്റെ തലവെട്ടിയ രാജാവാണ് രാമന്‍ എന്ന തികഞ്ഞ ബോധ്യത്തിലാകണം രാമന്‍ ഞങ്ങളുടെ ദൈവമല്ല എന്ന് എം.കെ. രാഘവന്‍ നിലപാടെടുത്തത്. പിന്നീട് വന്ന വെള്ളാപ്പള്ളി ശക്തിയാര്‍ജ്ജിച്ചത് തന്നെ സംഘപരിപാര്‍ ശക്തികളെ കൂട്ടുപിടിച്ച് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയായിരുന്നു. 1992 ജൂലൈയില്‍ കോട്ടയം വൈക്കത്തിനടുത്തുള്ള ടിവിപുരം എന്ന സ്ഥലത്ത് സീറോ മലബാര്‍ സഭയുടെ നിയന്തണത്തിലുള്ള പള്ളി സെമിത്തേരിയുടെ പണി തുടങ്ങി. അന്ന് പ്രാദേശികമായ വിഷയം സംഘപരിവാര്‍ ശക്തികളെ കൂടെക്കൂട്ടി സംസ്ഥാനമാകെ വ്യാപിക്കുന്ന വര്‍ഗീയ പ്രചരണമഴിച്ചുവിട്ടാണ് വെള്ളാപ്പള്ളി അധികാരത്തിലേക്കുള്ള തന്റെ ജൈത്രയാത്ര ആരംഭിച്ചത്.

അന്ന് ഭരിച്ചിരുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിനെതിരായിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ കലാപം. രാജ്യമെങ്ങും സംഘപരിവാര്‍ ശക്തിപ്പെട്ട കാലത്ത് തന്നെ മത, സാമുദായിക ധ്രുവീകരണമുണ്ടാക്കി വെള്ളാപ്പള്ളിയും വളര്‍ന്നു. തൊണ്ണൂറുകളുടെ രണ്ടാം പാദത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഭരണസമിതി പ്രശ്‌നവുമായി ബന്ധപ്പെട്ട് ശിവഗിരിയില്‍ ഉണ്ടായ പൊലീസ് ഇടപെടല്‍ പറഞ്ഞ് സാമുദായിക വൃണത്തെ അക്ഷരാര്‍ത്ഥത്തില്‍ വികാരപ്പെടുത്തിയാണ് അന്നത്തെ കള്ളുകച്ചവടക്കാരനും കോണ്‍ട്രാക്ടറും ആയിരുന്ന നടേശന്‍ മുതലാളി ഇന്നത്തെ സമുദായ നേതാവിലേക്ക് വളര്‍ന്നത്.

അപ്പോള്‍ വെള്ളാപ്പള്ളി എന്ന സാമുദായിക നേതാവ് വര്‍ഗീയ ധ്രുവീകരണത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. സര്‍വ്വമതസാരവുമേകം എന്നും ജാതി ചോദിക്കരുതെന്ന് പറയരുതെന്നും പറഞ്ഞ നാരായണഗുരു സ്ഥാപിച്ച സംഘടനയുടെ ലേബലിലാണ് ഇതെല്ലാം ഇയാള്‍ ചെയ്തു കൂട്ടിയത്. ഒടുവില്‍, ‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്’ എന്ന് പറഞ്ഞ ഗുരു സ്ഥാപിച്ച സംഘടന ഒരു അബ്കാരി കൈയ്യടക്കുന്നതിന് തൊണ്ണൂറുകള്‍ സാക്ഷ്യം വഹിച്ചു.

ആരൊക്കെയാണ് ഭരണം കൈയ്യാളുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ എന്ന് ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ഞാനും എന്റെ സഹോദരനും സഹോദരിയുംഎന്ന് കൊളപ്പുള്ളി അപ്പന്‍ എന്ന കഥാപാത്രം പറയുന്ന ഒരു സീനുണ്ട്. ഇതാണ് ഇന്നത്തെ എസ്.എന്‍.ഡി.പിയുടെ ചിത്രം.

തുഷാർ വെള്ളാപ്പള്ളി (വെള്ളാപ്പള്ളി നടേശന്റെ മകൻ)

യൂത്ത് മൂവ്‌മെന്റ് മകന്റെയും മഹിളാ വിഭാഗം ഭാര്യയുടേയും നിയന്ത്രണത്തില്‍. പക്ഷെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിന് നേരെ സംഘടനയില്‍ നിന്ന് തന്നെശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. സംഘടനയുടെ ബലാബലത്തില്‍ ക്ഷീണിതനായത് കൊണ്ടാണ് വെള്ളാപ്പള്ളിയെന്ന വര്‍ഗീയ ജീവി ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫിനോട് അടുക്കാന്‍ ശ്രമിക്കുന്നത്. പല്ല് കൊഴിഞ്ഞ ഹെയീനയെ അടുപ്പിക്കാതിരിക്കുക എന്നതാണ് രാഷ്ട്രീയവും നൈതികവുമായ ശരി.

2015ല്‍ എസ്.എന്‍.ഡി.പി എന്‍.ഡി.എയുടെ സഖ്യകക്ഷിയായി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. യോഗത്തിന്റെ ആദ്യരാഷ്ട്രീയപാര്‍ട്ടി ആയിരുന്നില്ല ഇത്. 1975 ഏപ്രിലില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (SRP) എന്നൊരു സംഗതി യോഗം രൂപീകരിച്ചിരുന്നു.

1977ല്‍ നടന്ന ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 55 നിയമസഭാ സീറ്റിലും അഞ്ച് ലോക്സഭാ സീറ്റിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1982ല്‍ രണ്ട് സീറ്റില്‍ ജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിസ്ഥാനം വരെ എസ്.ആര്‍.പി നേടിയെങ്കിലും ക്രമേണേ പാര്‍ട്ടി ദുര്‍ബലമാവുകയും പ്രസക്തി നഷ്ടമാവുകയും ചെയ്തു. എസ്.ആര്‍.പി യു.ഡി.എഫിനൊപ്പമാണ് നിന്നിരുന്നതെങ്കില്‍ ബി.ഡി.ജെ.എസ് ഹിന്ദുത്വ ശക്തികളോടൊപ്പമായിരുന്നു നിന്നിരുന്നത്. ഭാരത് ധര്‍മ ജന സേന എന്ന പേര് പോലും ഒരു പരിവാര്‍ സംഘടനയെ ഓര്‍മിപ്പിക്കുന്നു.

മനുഷ്യന്റെ, പ്രൊജക്ഷന്‍ എന്നൊരു ഡിഫെന്‍സ് മെക്കാനിസത്തെ കുറിച്ച് സൈക്കോളജി പറയുന്നുണ്ട്. സാധാരണ, സാമൂഹ്യമായും മറ്റും അംഗീകരിക്കപ്പെടാത്ത തന്റെ ചോദനകളും ആശയങ്ങളും മറ്റും മറ്റൊരാളിലേക്ക് ആരോപിക്കുന്നതിനെയാണ് പ്രൊജക്ഷന്‍ എന്ന് പറയുന്നത്. ഇവിടെ വെള്ളാപ്പള്ളി എന്ന അബ്കാരി, സാമുദായികമായി ശക്തിയാര്‍ജിക്കുന്നത് തന്നെ മേല്‍വിവരിച്ച വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ്.

റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ചിട്ട് പിന്നീട്, മതതീവ്രവാദി എന്ന് വിളിക്കാതിരുന്നത് അബദ്ധമായിപ്പോയി എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് വെള്ളാപ്പള്ളി തന്റെ ഉള്ളിലെ വര്‍ഗീയ കാഴ്ചപ്പാടിനെ റഹീസിലേക്ക് പ്രൊജക്റ്റ് ചെയ്യുകയാണ്. വളരെ ലളിതമായി പറഞ്ഞാല്‍, പിടിക്കപ്പെടാതിരിക്കാന്‍ കള്ളന്‍ കള്ളന്‍ എന്നുറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് കള്ളനെ തിരയുന്ന ജനക്കൂട്ടത്തിന് മുന്നിലൂടെ ഓടുന്ന സമര്‍ത്ഥനായ, കുറുക്കനായ കള്ളനാണ് വെള്ളാപ്പള്ളി.

2016ല്‍ വി.എസ്. അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേക്കുറിച്ച് അന്ന് വി.എസ്. പറഞ്ഞത് എന്താണെന്ന് നോക്കാം.

വി.എസ് അച്യുതാനന്ദൻ

‘പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തശേഷം കൂടിയ പലിശയ്ക്ക് എസ്.എന്‍.ഡി.പി സംഘങ്ങള്‍ക്ക് മറിച്ച് നല്‍കിയെന്നാണ് കേസ്. അവിടെ തീരുന്നില്ല. സംസ്ഥാനത്തെ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് 600 കോടിയോളം രൂപ ഈവിധത്തില്‍ എടുത്തിട്ടുണ്ട്. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്താണ് കാലാകാലങ്ങളില്‍ മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തുന്നത്.

ഇപ്രകാരം 15 കോടി രൂപ കേവലം രണ്ട് ശതമാനം വാര്‍ഷിക പലിശയ്ക്കാണ് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എസ്.എന്‍.ഡി.പിക്ക് കീഴിലുളള സ്വയം സഹായസംഘങ്ങള്‍ വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്ക് നല്‍കിയത്. വായ്പ പരമാവധി അഞ്ച് ശതമാനം പലിശയ്ക്ക് വേണം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയതാകട്ടെ, 12 ശതമാനം പലിശയ്ക്കാണ്.

എന്നുമാത്രമല്ല, വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് ഈ പണം സ്വകാര്യ ആവശ്യത്തിന് നടേശന്‍ തട്ടിയെടുത്തിരിക്കുകയാണ്. പേരിന് കേവലം പത്ത് ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയിരിക്കുന്നത്. ആളുകളുടെ പേരും വ്യാജമായ അഡ്രസും നല്‍കിയാണ് കോര്‍പ്പറേഷനെ കബളിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) നടത്തിയ പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍, എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തിരിക്കുന്നതെന്നും ഈ സ്വയം സഹായസംഘങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യാതൊരു പിന്തുണയും നല്‍കുന്നില്ല എന്നും പറഞ്ഞിരിക്കുന്നു.

എന്നുമാത്രമല്ല, ഇത് പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്ക് റെക്കോര്‍ഡുകളോ കണക്കുകളോ നല്‍കിയില്ല. അവരെ തല്ലിയോടിക്കുകയും ചെയ്തിരുന്നു.

2010 ഡിസംബര്‍ 15ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയില്‍, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടുശതമാനം പലിശയ്ക്ക് എടുത്ത പണം എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പയായി നല്‍കിയിരിക്കുന്നത് എന്നാണ്.”

”മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ രണ്ടുശതമാനം പലിശയ്ക്ക് നടേശന്‍ കൈവശപ്പെടുത്തുകയും ഈ തുക 12 ശതമാനം പലിശയ്ക്ക് പാവപ്പെട്ട ശ്രീനാരായണീയരായ സ്ത്രീകള്‍ക്ക് നല്‍കി പത്തുശതമാനം ‘പലിശ നടേശന്‍’ കൈക്കലാക്കിയിരിക്കുകയാണ്.

പാവപ്പെട്ട സ്ത്രീകള്‍ തൊണ്ട് തല്ലിയും കയര്‍പിരിച്ചും കൂലിപ്പണി ചെയ്തും സ്വരൂപിച്ച് യോഗത്തിന്റെ ശാഖകളില്‍ അടച്ച പണം കോര്‍പ്പറേഷനിലും ബാങ്കിലും തിരിച്ചടച്ചിട്ടുമില്ല. അതിനാല്‍ ബാങ്ക് നടപടി ഉണ്ടാകുമ്പോള്‍ ഈ പാവപ്പെട്ടവരുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ഇവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നുചേരും.

യാതൊരു ജാമ്യവും ഇല്ലാതെയാണ് എസ്.എന്‍.ഡി.പിക്ക് വായ്പകള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നും പത്തുശതമാനം സമുദായാംഗങ്ങള്‍ക്ക് വായ്പയായി നല്‍കിയശേഷം ബാക്കി മുഴുവന്‍ തുകയും എസ്.എന്‍.ഡി.പി യോഗ നേതാക്കള്‍ സ്വകാര്യ ആവശ്യത്തിന് വിനിയോഗിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ല. പല സംഘടനകളുടെയും പേരില്‍ വ്യാജമായി രേഖയുണ്ടാക്കിയാണ് വായ്പ എടുത്തതെന്ന് കോര്‍പ്പറേഷന്റെ ജില്ലാ മാനേജര്‍മാര്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പാ ദുര്‍വിനിയോഗം തെളിഞ്ഞ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം പിഴപ്പലിശയോടുകൂടി തിരിച്ചടക്കേണ്ടതാണ്.”

മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും എഴുതിയ കത്തില്‍ വി.എസ്. ഉന്നയിച്ച കാര്യങ്ങളാണിവ.

മൈക്രോഫിനാന്‍സ് കേസ് സി.ബി.ഐക്ക് വിടണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടത്. മകന്‍ വഴി ബി.ഡി.ജെ.എസിലൂടെ കേന്ദ്രത്തിനേയും ഇല്ലാത്ത സമുദായ പിന്തുണയുണ്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരിനെയും സുഖിപ്പിച്ചു നിര്‍ത്തുക എന്നത് നല്ല കച്ചവടക്കാരന്റെ അതിജീവന തന്ത്രമാണ്. കേരളത്തില്‍ ഏത് മുന്നണി ഭരിച്ചാലും അയാളിത് ചെയ്യും. പക്ഷെ സംഘപരിവാറുമായുള്ള വേഴ്ച പക്ഷെ അത്തരം അവസരവാദപരമായ ഒന്നല്ല. ഒരു ജനതയെ വര്‍ഗീയകലാപത്തിലേക്ക് തള്ളിവിടാന്‍, 1992ല്‍ കോട്ടയം, വൈക്കം താലൂക്കിലെ തിരുമണി വെങ്കിടപുരത്ത് ഹിന്ദുത്വ ശക്തികളോട് കൂട്ടുചേര്‍ന്ന് അയാള്‍ വിതച്ച അപരവിദ്വേഷത്തിന്റെ തീപടര്‍ന്ന് ഒരു നാട് കത്താതെ സൂക്ഷിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.

വൈക്കമെന്ന സമരഭൂമിക അത്രയെളുപ്പത്തില്‍ വര്‍ഗീയതയ്ക്ക് അടിയറവ് പറയില്ലെന്ന് വെള്ളാപ്പള്ളിക്ക് മനസിലാക്കിക്കൊടുത്ത സംഭവമായിരുന്നു അത്. പക്ഷെ അതോടെ യോഗത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ആദ്യകാലത്ത് നവോഥാന മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടിയ, പില്‍ക്കാലത്ത് മുസ്‌ലിം ന്യൂനപക്ഷവുമായി ചേര്‍ന്നൊരു പിന്നോക്ക വിഭാഗ മുന്നണിയെന്ന ചര്‍ച്ചകള്‍ സജീവമായി കൊണ്ടുപോയിരുന്ന എം.കെ. രാഘവന്റെ നിലപാടില്‍ നിന്നൊക്കെ വ്യതിചലിച്ചു (paradigmatic shift അടിച്ചു) യോഗത്തെ വെറുമൊരു ജാതീയ സംഘടനയായും, തന്റെ സ്വന്തം താത്പര്യങ്ങള്‍ക്ക് മാത്രം സംരക്ഷിക്കുന്നതിന് പറ്റിയ ഒന്നാക്കി മാറ്റിയെടുക്കുന്നതില്‍ വെള്ളാപ്പള്ളി വിജയിച്ചു.

സഖാവ് വി.എസ്. അച്യുതാനന്ദന്‍ 2016 ഡിസംബറില്‍ ഇങ്ങനെ പറയുകയുണ്ടായി…

”ഷൈലോക്ക് എറണാകുളത്ത് ഇറങ്ങി, കിഴക്കന്‍ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ ചേര്‍ത്തല കടന്ന് കണിച്ചുകുളങ്ങരയില്‍ ശ്രീ വെള്ളാപ്പള്ളി നടേശന്റെ മുന്നിലെത്തി. എന്നിട്ട് നടേശനെ കണ്ട് തൊഴുതു”. ഇതിലും ഭംഗിയായി അയാളെക്കുറിച്ചൊരു ചിത്രം നല്‍കുക സാധ്യമല്ല.

”ഹെലികോപ്റ്ററില്‍ നടന്ന് വിഷം തുപ്പുന്ന”, ആളുകളെ തമ്മിലടിപ്പിച്ച്, ആ ചോര നുണഞ്ഞ് ചീര്‍ത്ത ഹെയീനയെക്കാണുമ്പോള്‍ ഷൈലോക്ക് പോലും തൊഴുതു പോകും. കാലത്തില്‍ മറഞ്ഞു പോകാതെ വി. എസിന്റെ വാക്കുകള്‍ മുഴങ്ങുന്നു.

Content Highlight: Who is Vellappally natesan? Arun Angela article

 

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്