ഇനിയും കര്‍ഷക സമരത്തില്‍ തുടര്‍ന്നാല്‍ കൊല്ലുമെന്ന സംഘപരിവാര്‍ ഭീഷണിയേറ്റ താരം; ആരാണ് സോണിയ മന്‍?
Discourse
ഇനിയും കര്‍ഷക സമരത്തില്‍ തുടര്‍ന്നാല്‍ കൊല്ലുമെന്ന സംഘപരിവാര്‍ ഭീഷണിയേറ്റ താരം; ആരാണ് സോണിയ മന്‍?
ജാഫര്‍ ഖാന്‍
Saturday, 6th March 2021, 4:08 pm

സോണിയ മന്‍. അവര്‍ കര്‍ഷക സമര കേന്ദ്രങ്ങളില്‍ സ്ഥിരമായി എത്തുന്നു. പ്രസംഗിക്കുന്നു, അച്ചടക്കത്തില്‍ ഇരുന്നു മറ്റുള്ളവരുടെ പ്രസംഗം കേള്‍ക്കുന്നു.

ചപ്പാത്തി പരത്താനും കിഴങ്ങും തക്കാളിയും അരിയാനും കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും അവര്‍ മുന്‍പില്‍ തന്നെയുണ്ട്. സമരത്തിന് സാമ്പത്തിക സഹായം ചെയ്യുന്നവരില്‍ ഏറ്റവും മുന്‍പിലും അവരുണ്ട് എന്ന് പറഞ്ഞത് ജലന്ധറില്‍ നിന്നുള്ള കര്‍ഷക നേതാവ് ഹരീന്ദര്‍ സിംഗ് തന്നെയാണ്.

ആരാണീ സോണിയ മന്‍? പ്രശസ്ത പഞ്ചാബി മോഡലും അഭിനേതാവും. ഒന്നിലധികം മലയാള സിനിമകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി, തെലുഗു സിനിമകളിലും സോണിയ പ്രശസ്തയാണ്. മുകളില്‍ പറഞ്ഞത്, സോണിയയുടെ പത്ത് വര്‍ഷം മുന്‍പ് തുടങ്ങിയ കരിയര്‍ പ്രൊഫൈല്‍ മാത്രം. പലര്‍ക്കും അത് മാത്രമേ സോണിയയെകുറിച്ച് അറിയൂ.

വീണ്ടും പിന്നോട്ട് പോയാല്‍ മറ്റൊരു സോണിയയെ കാണാം. ജനിച്ച് ഏഴാം നാള്‍ പിതാവിനെ നഷ്ടപ്പെട്ട കൈക്കുഞ്ഞ്. ആരായിരുന്നു സോണിയയുടെ പിതാവ്? ബല്‍ദേവ് സിംഗ് മന്‍.

അമൃത്‌സറിലെ കമ്മ്യൂണിസ്‌റ് നേതാവ്. പാര്‍ട്ടി പത്രത്തിന്റെ എഡിറ്റര്‍. കുഞ്ഞിനെ ആദ്യ നോക്ക് കാണാന്‍, തിരക്ക് പിടിച്ച പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ വീട്ടിലേക്ക് തിരിച്ചതായിരുന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ തങ്ങളുടെ ഏറ്റവും കരുത്തനായ എതിരാളിയെ വെടിയുണ്ടയാല്‍ കൊന്നുകളഞ്ഞു.

മരണക്കിടക്കയില്‍ നിന്ന് ബല്‍ദേവ് മകള്‍ക്കൊരു കത്തെഴുതി, മുതിരുമ്പോള്‍ വായിക്കാന്‍. ചൂഷണവും മര്‍ദ്ദനവും അവസാനിക്കുന്ന ഒരു കാലം സ്വപ്നം കണ്ട് താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മകള്‍ക്ക് എത്ര പ്രയാസം ഉണ്ടാക്കും എന്ന വേവലാതിയും ഒപ്പം സാമൂഹ്യ തിന്മകള്‍ക്ക് എതിരെ ഏതു സാഹചര്യത്തിലും പോരാടാനുള്ള സന്ദേശവും നല്‍കുന്നതായിരുന്നു ആ കത്ത്.

ശരിക്കും ‘അച്ഛന്‍ മകള്‍ക്ക് എഴുതിയ കത്ത്’ ആ കത്താണ് സോണിയയുടെ ബൈബിളും ഖുര്‍ആനും ഗീതയും എല്ലാം.
ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയും സാമ്പത്തിക പ്രയാസങ്ങളും മറികടന്ന് ഉന്നത വിദ്യാഭ്യാസം നേടി അവര്‍ ഇന്നത്തെ സോണിയയില്‍ എത്തി.

കര്‍ഷക സമരത്തില്‍ തുടര്‍ന്നാല്‍ സോണിയയെ കൊല്ലുമെന്ന് സംഘി ഭീഷണി. സോണിയ അവര്‍ക്ക് കൊടുത്ത മറുപടി ഇതാ, ഇങ്ങനെ. The struggle continues .. we will rest only when we achieve our goals.

Content Highlight: Who is Sonia Mann and why she was threatened by Sangh Parivar for standing up for farmers protest