സഞ്ജീവ് ഭട്ടിനു പിന്നാലെ ഇന്ദിരാ ജെയ്‌സിങ്ങും അനന്ത് ഗ്രോവറും; സംഘപരിവാര്‍ വേട്ടയാടുന്നതിനു പിന്നില്‍
ജിന്‍സി ടി എം

 

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കകമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിനെതിരെ വിദേശ ഫണ്ട് തിരിമറി ആരോപിച്ച് സി.ബി.ഐ കേസ് ഫയല്‍ ചെയ്തത്. ഈ ടൈമിങ് യാദൃശ്ചികതയല്ലെന്നാണ് ഇന്ദിരാ ജെയ്സിങ്ങിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ കേസിലേക്ക് എത്തിപ്പെടാനായി സംഘപരിവാര്‍ നടത്തിയ ആസൂത്രണങ്ങള്‍ വ്യക്തമാണ്.

ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത് ഷായ്ക്കെതിരായ കേസില്‍ അഭിഭാഷകനും ഇന്ദിരാ ജെയ്സിങ്ങിന്റെ ഭര്‍ത്താവുമായ അനന്ത് ഗ്രോവര്‍ ഹാജരാവാനിരിക്കെ നവംബര്‍ 22നാണ് വിദേശ ഫണ്ട് നിയന്ത്രണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുന്നുവെന്ന വാര്‍ത്ത വന്നതെന്നാണ് ഇന്ദിരാ ജെയ്സിങ് പറഞ്ഞത്. സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്തുള്ള കേസിലാണ് അനന്ത് ഗ്രോവര്‍ ഹാജരാവാനിരുന്നത്.

വിദേശ ഫണ്ട് തിരിമറി ആരോപിച്ച് തങ്ങളുടെ എന്‍.ജി.ഒയ്ക്കെതിരെ നോട്ടീസ് നല്‍കിയ ദിവസത്തിനും പ്രത്യേകതയുണ്ടെന്ന് ഇന്ദിരാ പറയുന്നു. ‘2016 മെയ് 29ന് റാണാ അയൂബിന്റെ ‘ഗുജറാത്ത് ഫയല്‍സിന്റെ’ പ്രകാശനവുമായി ബന്ധപ്പെട്ട ഒരു പാനല്‍ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അമിത് ഷായ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കോടതിവിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ആ ചര്‍ച്ചയില്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മെയ് 31നാണ് ഞങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചത്.’ സി.ബി.ഐ കേസെടുത്തതിനു പിന്നാലെ ദ സ്‌ക്രോളിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

അഭിഭാഷക ദമ്പതികളായ ഇന്ദിരാ ജയ്സിങ്ങും അനന്ത് ഗ്രോവറും എങ്ങനെയാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായതെന്നത് നീണ്ടകാലത്തെ അഭിഭാഷക വൃത്തിയ്ക്കിടെ അവര്‍ വിജയം നേടിയ കേസുകള്‍ പറയും. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത, ‘വിദേശിയെന്ന്’ പ്രഖ്യാപിച്ച് ഭാരത സര്‍ക്കാര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ തടവിലിട്ട വിമുക്ത ഭടന്‍ മുഹമ്മദ് സനാവുള്ളയെ ജാമ്യം നേടാന്‍ ഇന്ദിരാ ജെയ്സിങ് സഹായിച്ച് അത്രദിവസമൊന്നും ആയിരുന്നില്ല ഇന്ദിരാ ജെയ്സിങ്ങിനെതിരെ എഫ്.ഐ.ആര്‍ വരുമ്പോള്‍. ലിംഗനീതി, ലൈംഗിക സ്വാതന്ത്ര്യം, തൊഴില്‍ അവകാശം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലൂന്നി ഇന്ദിരാ ജെയ്സിങ്ങും ഭര്‍ത്താവ് അനന്ദ് ഗ്രോവറും നടത്തിയ നിയമപോരാട്ടങ്ങളില്‍ ഒന്ന് മാത്രമായിരുന്നു സനാവുള്ളയുടേത്.

ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു ഇന്ദിരാ ജെയ്സിങ്. 1986 ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നും സീനിയര്‍ അഡ്വക്കറ്റ് സ്ഥാനം ലഭിച്ച ആദ്യ സ്ത്രീയായിരുന്നു അവര്‍. 2004ല്‍ രാജ്യം ഇന്ദിരാ ജെയ്സിങ്ങിനെ പത്മശ്രീ നല്‍കി ആദരിച്ചു. 2008ല്‍ സ്ത്രീകളോടുള്ള വിവേചനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു.എന്‍ കമ്മിറ്റിയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

1981ലാണ് ലോയേഴ്സ് കലക്ടീവെന്ന എന്‍.ജി.ഒ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലോയേഴ്സ് കലക്ടീവ് പ്രവര്‍ത്തിച്ചത്.

ഇന്ത്യയിലെ ക്വിയര്‍ കമ്മ്യൂണിറ്റിയെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വഴിയൊരിക്കിയ, സ്വവര്‍ഗ ലൈംഗികതയെ ‘പ്രകൃതിവിരുദ്ധ’മെന്ന് വ്യാഖ്യാനിച്ച് കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന സെക്ഷന്‍ 377നെതിരെ ഇവര്‍ നടത്തിയ പോരാട്ടം ഇന്ത്യാ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സ്വവര്‍ഗ ലൈംഗിക കുറ്റകൃത്യമല്ലാതാക്കിക്കൊണ്ട് സുപ്രീം കോടതി വിധിപറഞ്ഞത്. 2001ല്‍ സെക്ഷന്‍ 377നെതിരെ കോടതിയെ സമീപിച്ച, 17 വര്‍ഷത്തോളം നിയമപോരാട്ടം നടത്തിയ നാസ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ചത് അനന്ത് ഗ്രോവറായിരുന്നു. പ്രതിഫലം പറ്റാതെയാണ് അനന്ത് ഈ കേസില്‍ ഹാജരാജയതെന്നാണ് നാസ് ഫൗണ്ടേഷനിലെ അഞ്ജലി ഗോപാലന്‍ ദ വയറിനോട് പറഞ്ഞത്.

1986ല്‍ അരുന്ധതി റോയിയുടെ അമ്മ മേരി റോയിക്കുവേണ്ടി ഇന്ദിരാ ജെയ്സിങ് നടത്തിയ നിയമപോരാട്ടവും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ സുപ്രധാനമായ ഒന്നായിരുന്നു. സിറിയന്‍ ക്രിസ്ത്യാനി സ്ത്രീകളുടെ തുല്യ സ്വത്തവകാശത്തിനുവേണ്ടിയായിരുന്നു ആ പോരാട്ടം.

ഹിന്ദു മൈനോറിറ്റി ആന്റ് ഗാര്‍ഡിയന്‍ ഷിപ്പ് നിയമം ചോദ്യം ചെയ്ത് എഴുത്തുകാരി ഗീതാ ഹരിഹരനും പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവയും നടത്തിയ നിയമപോരാട്ടത്തിനും ഇന്ദിരാ ജെയ്സിങ്ങിന്റെ സഹായമുണ്ടായിരുന്നു. ‘പിതാവ് മാത്രമല്ല മാതാവും നാച്വറല്‍ ഗാര്‍ഡിയനാ’ണ് വിധിയും ലിംഗനീതിയ്ക്കായുള്ള പോരാട്ടത്തില്‍ സുപ്രധാനമായ ഒന്നാണ്.

അടുത്തിടെ വലിയ ചര്‍ച്ചയായ മുത്തലാഖ് കേസിലും ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ടുള്ള കേസിലും വാദിച്ചത് ഇന്ദിരാ ജെയ്സിങ് ആയിരുന്നു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ ഇന്ദിരാ ജയ്സിങ്ങും അനന്ത് ഗ്രോവറും വീണ്ടും വേട്ടയാടപ്പെടുമ്പോള്‍, അതില്‍ ബി.ജെ.പിക്കുള്ള പങ്ക് വ്യക്തമാണ്. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ലോയേഴ്സ് കലക്ടീവിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപങ്ങള്‍ ആദ്യമായി ഉന്നയിച്ചത് 2015ല്‍ ബി.ജെ.പി സര്‍ക്കാറായിരുന്നു. ഇതിനെതിരെ ഇന്ദിരാ ജെയ്സിങ് കോടതിയെ സമീപിക്കുകയും എന്‍.ജി.ഒയ്ക്കെതിരെ നടപടിയെടുക്കുന്നത് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഹരജിയിലൂടെ ഈ സ്റ്റേ നീക്കപ്പെട്ടു. ആ ഹരജി നല്‍കിയ അഭിഭാഷകന്‍ ബി.ജെ.പിയുടെ ലീഗല്‍ സെല്ലിലെ പ്രധാനിയായിരുന്നു.

സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത പലരേയും ലോയേഴ്സ് കലക്ടീവ് സഹായിച്ചിട്ടുണ്ടെന്നും അതാണ് താനുള്‍പ്പെടെയുള്ളവര്‍ വേട്ടയാടപ്പെടാന്‍ കാരണമെന്നുമാണ് ഇന്ദിരാ ജെയ്സിങ് പറഞ്ഞത്. ‘ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുത്ത 2002 ഫെബ്രുവരി 27ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ താനുമുണ്ടായിരുന്നെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പ്രതിനിധീകരിച്ച് ഞാന്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ലണ്ടനിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ വേളയില്‍ അധികൃതര്‍ തടഞ്ഞതിനെതിരെ ഹരജി നല്‍കിയ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്ക്കുവേണ്ടി ഞാന്‍ ഹാജരാകുകയും കേസ് ജയിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ വിധി ന്യായം പ്രഖ്യാപിച്ച ജസ്റ്റിസ് ഷാക്ധേറും വേട്ടയാടപ്പെടുകയും ദല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.’

ഇന്ന് ഇന്ദിരാ ജെയ്സിങ്ങിന്റേയും അനന്ത് ഗ്രോവറിന്റേയും സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുമ്പോള്‍ കഴിഞ്ഞ കുറേക്കാലമായി ഇവര്‍ നേതൃത്വം നല്‍കിയ നിയമപോരാട്ടങ്ങള്‍ ഓര്‍ക്കേണ്ടത് അനിവാര്യമാണ്.

 

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.