| Wednesday, 27th May 2026, 10:28 pm

കോംഗോയില്‍ എബോളയും യുദ്ധവും വിനാശകരമായ കൂട്ടിമുട്ടലില്‍; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന

ആദര്‍ശ് എം.കെ.

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ പടരുന്ന എബോള വൈറസ് ബാധയും നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധവും വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുടെ മുന്നറിയിപ്പ്.

യുദ്ധം കാരണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്.

ഇറ്റൂരി പ്രവിശ്യയില്‍ പടരുന്നത് എബോളയുടെ ‘ബുണ്ടിബുഗ്യോ’ (Bundibugyo) എന്ന വകഭേദമാണ്. ഇതിന് നിലവില്‍ അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

മെയ് 15ന് രോഗബാധ സ്ഥിരീകരിച്ചതു മുതല്‍ ഇതുവരെ പത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, എബോള ബാധിച്ചുവെന്ന് സംശയിക്കുന്ന 220 മരണങ്ങളും 900ഓളം രോഗബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു.

മേഖലയില്‍ തുടരുന്ന ബോംബാക്രമണങ്ങളും സംഘര്‍ഷങ്ങളും കാരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധിതരെ കണ്ടെത്താനോ ചികിത്സിക്കാനോ സാധിക്കുന്നില്ല.

‘തുടര്‍ച്ചയായി ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനോ കഴിയില്ല’ എന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് എല്ലാവരോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. മനുഷ്യജീവന് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കണമെന്ന് ടെഡ്രോസ് അഭ്യര്‍ത്ഥിച്ചു.

രോഗവ്യാപനം ഭയന്ന് ഉഗാണ്ട കോംഗോയുമായുള്ള അതിര്‍ത്തികള്‍ താത്കാലികമായി അടച്ചു. ചരക്ക് ഗതാഗതത്തിനും മാനുഷിക സഹായത്തിനുമായി എത്തുന്നവര്‍ക്ക് കര്‍ശനമായ ആരോഗ്യപരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെനിയ, റുവാണ്ട, ടാന്‍സാനിയ ഉള്‍പ്പെടെ പത്തോളം അയല്‍രാജ്യങ്ങള്‍ എബോള ഭീഷണിയിലാണെന്ന് ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അറിയിച്ചു.

നിലവില്‍ ലോകമെമ്പാടും പടരാനുള്ള സാധ്യത കുറവാണെങ്കിലും, നഗരപ്രദേശങ്ങളിലെ രോഗവ്യാപനവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിടിപെടുന്ന രോഗബാധയും ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Content Highlight: WHO chief warns conflict in eastern Congo could trigger Ebola crisis

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more