തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘കോണ്‍ഗ്രസിലെ ക്രൈം സിൻഡിക്കേറ്റ്. അഥവാ പൊളിറ്റിക്കല്‍ സെലിബ്രിറ്റികൾ’ എന്നാണ് കുറിപ്പിന്റെ തുടക്കം. പരസ്പരം കണ്ടും എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പരസ്പരം പകര്‍ത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നതെന്നും എ.എ. റഹീം പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എം.പിയും മുന്‍ പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പില്‍, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തുടങ്ങിയവരുള്ള ഒരു ചിത്രവും കുറിപ്പിനൊപ്പം റഹീം പങ്കുവെച്ചിട്ടുണ്ട്.
രാഹുലിനെതിരായ മൂന്നാമത്തെ കേസില്‍ ഒരു പുതിയ രീതി കൂടി അയാള്‍ നടപ്പിലാക്കുന്നുണ്ട്. ഇരപിടി മാത്രമല്ല, ഇരയില്‍ നിന്നും പണാപഹരണവും ഉണ്ട്. ഈ പ്രത്യേക തരം ഇരപിടിയന്‍ രീതി ക്രൈം സിൻഡിക്കേറ്റിലെ വേറൊരാളില്‍ നിന്ന് പകര്‍ത്തിയതാണെങ്കിലോ എന്നും എ.എ. റഹീം ചോദിക്കുന്നു.
‘Wait and see. കൂട്ട് കച്ചവടം നടത്തും, പരസ്പരം ലക്ഷങ്ങള്‍ സഹായിക്കും, പൊളിറ്റിക്‌സിലെ സെലിബ്രിറ്റിയാകാനുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ പരസ്പരം പറഞ്ഞ് നല്‍കും. ഒന്നും ഒറ്റയ്ക്കല്ല, എല്ലാം ഒരുമിച്ചാണ്. കൂട്ടത്തില്‍ ഒരു ഇര പിടിയന്‍ ‘പെട്ടു പോയാല്‍’ ചങ്ക് കൊടുത്ത് കൂടെ നില്‍ക്കും,’ സിൻഡിക്കേറ്റിനെ ലക്ഷ്യമിട്ട് റഹീം എഴുതി.
എല്ലാം കോടികളുടെ കളികളാണെന്നും ഇതിലൊന്നും വീഴാത്ത ഏതെങ്കിലും പെണ്ണ് പിന്നെയും നീതിതേടി ഇറങ്ങിയാല്‍, ഒരു പൊലീസിനും കൊടുക്കാതെ കൂടെയുള്ള ക്രിമിനലിനെ കാത്ത് സൂക്ഷിക്കുമെന്നും വിമര്‍ശനമുണ്ട്.
ഈ ചങ്കുകള്‍ പ്രൊമോഷന്‍ തന്ത്രങ്ങള്‍ മുതല്‍ ‘വലയില്‍ വീണ ഇരയെ’ കുറിച്ചുവരെ പരസ്പരം മനസ് തുറക്കും. എതിര്‍ക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവനായാലും എതിര്‍ പാര്‍ട്ടിയില്‍ ഉള്ളവരായാലും ‘തീര്‍ത്ത് കളയാന്‍’ ഒരുമിച്ച് ഇറങ്ങും. ഇതിനായി സോഷ്യല്‍ മീഡിയ സന്നാഹങ്ങളെ ഉപയോഗിക്കുമെന്നും റഹീം ചൂണ്ടിക്കാട്ടി.
സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് ആയാലും പൊതുതെരഞ്ഞെടുപ്പ് ആയാലും ഒരു ധാര്‍മികതയുമില്ലാതെ ഇവര്‍ കരുക്കള്‍ നീക്കും. ‘who cares’ എന്നത് ഇവരുടെ കോമണ്‍ ടാഗ് ലൈന്‍ ആണ്.
കയ്യിലുള്ള കള്ളപണവും ഒന്നുരണ്ട് കോളില്‍ മൊബൈലൈസ് ചെയ്യാമെന്ന് ഉറപ്പുള്ള കോടികളും പവറും പണം കൊടുത്ത് മാനേജ് ചെയ്യുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൊണ്ട് എന്തിനെയും മാനിപ്പുലേറ്റ് ചെയ്യാമെന്ന അഹങ്കാരമാണ് ഈ സംഘത്തെ നയിക്കുന്നതെന്നും എ.എ. റഹീം പറയുന്നു.
കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ക്ക് പോലും ഈ സംഘത്തോട് ഏറ്റുമുട്ടാന്‍ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍ത്താല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തങ്ങളെ തീര്‍ത്ത് കളയുമെന്ന് കരുതുന്നവരാണ്
സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളെന്നും റഹീം പറഞ്ഞു.
രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത ഈ ടീം നമ്മുടെ നാടിന് ചേര്‍ന്നതല്ല. ഇവര്‍ കേരളത്തിന്റെ നന്മകളെ തകര്‍ക്കും. ഒരു കാര്യം ഉറപ്പ്. ഇവര്‍ പൂര്‍ണമായും എക്‌സ്‌പോസ് ചെയ്യപ്പെടും. കാരണം, കോണ്‍ഗ്രസിനെ മാനിപുലേറ്റ് ചെയ്യുന്നത് പോലെ മലയാളികളെ വിഡ്ഢികള്‍ ആക്കാന്‍ പറ്റില്ലെന്നും എ.എ. റഹീം പ്രതികരിച്ചു.
Content Highlight: ‘Who cares’ is the common tag line of the crime syndicate in Congress; AA Rahim with the post