ചെന്നൈ: തമിഴ്‌നാട്ടില്‍ ടി.വി.കെയ്ക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് വി.സി.കെ. മണിക്കൂറുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.
വിജയ്‌യുടെ മുഖ്യമന്ത്രി പദം ഇതോടെ ഉറപ്പായി. വി.സി.കെ പാര്‍ട്ടി അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പിന്തുണക്കത്ത് ടി.വി.കെയ്ക്ക് കൈമാറി.
വി.സി.കെയ്ക്ക് പുറമെ മുസ്‌ലിം ലീഗും പിന്തുണച്ചതോടെ വിജയ്‌യെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി. വി.സി.കെ പിന്തുണച്ചതോടെയാണ് ടി.വി.കെയ്ക്ക് നിരുപാധിക പിന്തുണയുമായി മുസ്‌ലിം ലീഗും രംഗത്തെത്തിയത്. ഇതോടെ ടി.വി.കെ അധ്യക്ഷന്‍ വിജയ് ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സ്ഥിരതയുള്ളതും ജനാധിപത്യപരവുമായ ഭരണം ഉറപ്പാക്കുന്നതിന്റെ താത്പര്യാര്‍ത്ഥമാണ് പിന്തുണ നല്‍കുന്നതെന്ന് തിരുമാവളവന്‍ കത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് തങ്ങള്‍ അഭിപ്രായം തേടിയതായും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചതായും തിരുമാവളന്‍ പറഞ്ഞു.
വി.സി.കെ നിയമസഭാ കക്ഷി നേതാവ് വന്നി അരസുവും ഗവര്‍ണക്ക് കത്തയച്ചിട്ടുണ്ട്. ”ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് തോള്‍ തിരുമാവളവന്റെ നിര്‍ദ്ദേശപ്രകാരം, തമിഴ്നാട് നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍, ഞങ്ങളുടെ രണ്ട് നിയമസഭാ അംഗങ്ങള്‍ക്കു വേണ്ടി, വണ്ണി അരസു എന്ന ഞാന്‍, പ്രസിഡന്റും നിയമസഭാ കക്ഷി നേതാവുമായ വിജയിന്റെ നേതൃത്വത്തില്‍ തമിഴ്നാട് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടി.വി.കെ.ക്ക് നിരുപാധിക പിന്തുണ അറിയിക്കുന്നു.
നേരത്തെ മന്ത്രി സഭ രൂപീകരിക്കാനായി വിജയ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷമായ 118 തികയ്ക്കാന്‍ കഴിയായതതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.
116 പേരുടെ പിന്തുണ കത്തോടെയാണ് വിജയ് തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വി.സി.കെയുടെ പിന്തുണ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സി.പി.ഐ, സി.പി.എം, വി.സി.കെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
Content Highlight: Whistle blown; thus 118: VCK declares support for TVK