96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷൻ. ആ സിനിമയിൽ തൃഷയുടെ ചെറുപ്പമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ചിത്രത്തിലെ ഗൗരിയുടെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
2021ൽ സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ഗൗരി നായികയായി അഭിനയിച്ചിട്ടുണ്ട്.

ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube
ഇപ്പോഴിതാ സിനിമയിലൂടെ ലഭിച്ച അംഗീകാരവും ആളുകൾ നൽകുന്ന സ്നേഹവും വലിയ അനുഗ്രഹമായി കാണുമ്പോഴും, പ്രശസ്തിക്കൊപ്പം വ്യക്തിജീവിതത്തിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം സാധാരണ ഒരാളെപ്പോലെ പുറത്തുപോയി സമയം ചെലവഴിക്കുക പോലും ചിലപ്പോൾ ബുദ്ധിമുട്ടാകാറുണ്ടെന്നാണ് ഗൗരി വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
’96സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. അവർ എന്നോട് വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്. അതൊരു വലിയ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. പ്രശസ്തി ജീവിതത്തിൽ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകൾക്ക് പോകുമ്പോൾ ഞാനൊരു അഭിനേത്രിയാണെന്ന് ചിന്തിക്കുമ്പോൾ പോലും അത്ഭുതം തോന്നാറുണ്ട്. ഇത്രയും സ്നേഹവും അംഗീകാരവും ലഭിക്കുന്നതിൽ സന്തോഷമുണ്ട്,’ നടി പറഞ്ഞു.
എന്നിരുന്നാലും സിനിമയിലെത്തിയതോടെ പേഴ്സണൽ സ്പേസ് കുറഞ്ഞുവെന്നും സോഷ്യൽ മീഡിയയുടെ അമിതമായ ഇടപെടലും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും നടി പറഞ്ഞു.
‘പക്ഷേ ഇതിന്റെയൊക്കെ മറുവശം എന്താണെന്നുവെച്ചാൽ നമ്മുടെ പേഴ്സണൽ സ്പേസ് കുറഞ്ഞുവരും. സോഷ്യൽ മീഡിയയുടെ അമിതമായ ഇടപെടലും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാൻ തോന്നിയാൽ പോലും ചിലപ്പോൾ അതിന് പറ്റണമെന്നില്ല. സാധാരണ ആളുകളെപ്പോലെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും,’ ഗൗരി പറഞ്ഞു.

ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube
താൻ ജീവിതത്തിൽ വളരെ ചില്ലായിട്ടുള്ള ആളാണെന്നും ജീവിതത്തിൽ ഇപ്പോൾ കുറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ജീവിതത്തിൽ വളരെ ചിൽ ആയിട്ടുള്ള ആളാണ്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുന്നതും ഹാങ്ഔട്ട് ചെയ്യുന്നതുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ സിനിമയിലെത്തിയപ്പോൾ അതെല്ലാം തീർച്ചയായും മിസ് ചെയ്യുന്നുണ്ട്. പ്രശസ്തി തരുന്ന സന്തോഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിൽ ഇത്തരം മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്,’ ഗൗരി കിഷൻ പറഞ്ഞു.
Content Highlight: While viewing the recognition gained through cinema and the love received from people as a great blessing, actress Gouri G. Kishan opens up about the challenges that fame brings to her personal life
