എയിഡഡ് നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിമാത്രമല്ല സാമൂഹീക അനീതിയും കാണണം
Details Story
എയിഡഡ് നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിമാത്രമല്ല സാമൂഹീക അനീതിയും കാണണം
ശ്രിന്‍ഷ രാമകൃഷ്ണന്‍
Monday, 17th February 2020, 7:56 pm

ധനമന്ത്രി തോമസ് ഐസക് 2020 ഫെബ്രുവരി ഏഴിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ എയ്ഡഡ്സ്‌കൂള്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്ന പ്രഖ്യപനം കൂടി മുന്നോട്ട് വെച്ചു. എയിഡഡ് നിയമനാധികാരം കൈവശമുളള വിവിധ മാനേജ്‌മെന്റുകള്‍ക്ക് അത്ര ശുഭകരമല്ലായിരുന്നു കെ.ഇ.ആര്‍ ഭേദഗതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. പ്രതീക്ഷിച്ചതു പോലെ തന്നെ മാനേജ്‌മെന്റുകള്‍ വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

നിലവില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതമാണ് അധ്യാപക നിയമനങ്ങള്‍ക്ക് പിന്തുടര്‍ന്ന് പോരുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി അധികം വന്നാല്‍ പുതിയ തസ്തിക സൃഷ്ടിക്കുന്ന രീതി എയിഡഡ് വിദ്യാഭ്യാസ രംഗത്ത് ഉണ്ട്. ഈ അനുപാതം ഉയര്‍ത്തി ആറ് വിദ്യര്‍ത്ഥികള്‍ അധികം വന്നാല്‍ മാത്രമേ പുതിയ തസ്തിക അനുവദിക്കാന്‍ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ ഇതിനു മുന്‍പും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ വന്ന വിഷയമാണ്. ലക്ഷങ്ങള്‍ പണം വാങ്ങിയാണ് പല എയിഡഡ് മാനേജ്‌മെന്റുകളും നിയമനങ്ങള്‍ നടത്തുന്നത്. ഒരര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ നിയമനം നടത്തുന്നതിനെതിരെ ഉയര്‍ന്നു വരുന്ന എതിര്‍ ശബ്ദങ്ങളും പുതിയതല്ല.

മാനേജ്‌മെന്റുകള്‍ അനധികൃതമായി നിയമനങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഇപ്പോഴല്ല. എന്നാല്‍ എയിഡഡ് നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിക്കാന്‍ കാരണം സംസ്ഥാനത്ത് നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഴ്ച്ചയില്‍ ഒമ്പത് മണിക്കൂര്‍ വരുന്ന കോളേജ് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യത്തിന് ധന വകുപ്പ് അനുമതി നല്‍കാത്തതും കോളേജ് നിയമനങ്ങള്‍ക്ക് 16 മണിക്കൂര്‍ നിര്‍ബന്ധമാക്കിയതിനും ഇതേ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല എയിഡഡ് മേഖയില്‍ വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും അനീതിയും എന്ന് എയിഡഡ് സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒ.പി രവീന്ദ്രന്‍ പറയുന്നു. ഭരണഘടന അനുവദിച്ച് നല്‍കുന്ന സംവരണ വ്യവസ്ഥ അട്ടിമറിച്ചാണ് എയിഡഡ് നിയമനങ്ങള്‍ എല്ലാം നടക്കുന്നതെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ പലതും ലംഘിച്ചാണ് മാനേജുമെന്റുകള്‍ എയിഡഡ് നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ വെരിഫിക്കേഷന്‍ സമയത്ത് അധ്യാപക അനുപാതം കൂടുകയും ആവശ്യത്തിന് വിദ്യാര്‍ത്ഥികളുടെ എണ്ണം ഇല്ലാതാവുകയും ചെയ്യുമ്പോള്‍ അധ്യാപക തസ്തിക ഇല്ലാതാകുന്നു. ഇത്തരത്തില്‍ അധികം വരുന്ന അധ്യാപകരെ ശമ്പളം കൊടുത്ത് സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിന്റെ തലയില്‍ വരുകയാണ് ചെയ്യുന്നത്”. ഒ.പി രവീന്ദ്രന്‍ പറഞ്ഞു.

ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലാത്തതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ നഷ്ടമായ അധ്യാപകര്‍ക്ക് വേണ്ടി 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ടീച്ചേഴ്‌സ് ബാങ്ക് എന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. അന്ന് 3000ത്തില്‍ അധികം പേരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം കൊണ്ടു വന്നത് . ഇതില്‍ 2900ത്തില്‍ അധികം ആളുകള്‍ എയിഡഡില്‍ തസ്തികകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിന്യസിച്ചവരായിരുന്നു. ഇവരുടെ പാരന്റല്‍ സ്‌കൂളുകളില്‍ ഒഴിവ് വരുന്ന സാഹചര്യത്തില്‍ അതത് സ്‌കൂളുകളിലേക്ക് തന്നെ പുനര്‍വിന്യസിക്കാമെന്ന ധാരണയിലായിരുന്നു നിയമനം.

മൂന്നും നാലും പ്രാവശ്യം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്നിരിക്കെയാണ് എയിഡഡ് സ്‌കൂളുകളില്‍ കൃത്യമായി ഒരു അഭിരുചി പരീക്ഷ പോലും എഴുതാതെ നിയമനം ലഭിക്കുന്ന ആളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

2016-2017 വര്‍ഷത്തില്‍ ഇടത് സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ നിന്നും സംരക്ഷിച്ച അധ്യാപകരുടെ എണ്ണം 4060 ആയി വര്‍ദ്ധിച്ചു എന്നും ഒ.പി രവീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. എയ്ഡഡ് അധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിക്കുന്നത് മൂലം സംവരണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് നീട്ടിയത് രണ്ട് വര്‍ഷമാണ്. ഒടുവില്‍ ഇത് താല്‍കാലിക സംവിധാനമാണെന്നും അതുകൊണ്ട് സംവരണനഷ്ടം ഉണ്ടാകില്ലെന്നുമുള്ള അഴകൊഴമ്പന്‍ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഒ.പി രവീന്ദ്രന്‍ പറയുന്നു.

അതേസമയം ഒ.പി രവീന്ദ്രന്‍ തന്നെ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേഷയ്ക്ക് ലഭിച്ച മറുപടി പന്തളം എന്‍.എസ്.എസ് ട്രെയിനിങ്ങ് കോളേജില്‍ നടന്ന അധ്യാപക, അനധ്യാപക നിയമനങ്ങളെല്ലാം നായര്‍ വിഭാഗത്തില്‍ നിന്നുള്ളതാണെന്ന് തെളിയിക്കുന്നതാണ്. സമാനമായ സ്ഥിതി വിശേഷമാണ് എയിഡഡ് മേഖയില്‍ ആകെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനാധികാരം മാനേജ്‌മെന്റിന് ലഭിച്ച ചരിത്രത്തില്‍ തന്നെ വലിയ അനീതിയാണ് നിലനില്‍ക്കുന്നത്. 1959ല്‍ പി.പി ഉമ്മര്‍ കോയ വിദ്യഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലില്‍ ഒരു താത്ക്കാലിക ഭേദഗതിയിലൂടെ എയിഡഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാനുള്ള വകുപ്പ് താത്ക്കാലികമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്നും നിയമനങ്ങള്‍ നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് തന്നെയാണ് ഉള്ളത്.

ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലാണ് ശമ്പളമുള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും നിയമനം പി.എസ്.സിയ്ക്ക് വിടുമെന്നും തീരുമാനം എടുക്കുന്നത്. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യസ മന്ത്രിയായിരിക്കുമ്പോള്‍ കൈകൊണ്ട ഈ തീരുമാനത്തിനെതിരെ വ്യപക പ്രതിഷേധമാണ് അന്ന് കേരളത്തില്‍ നടന്നത്. സ്വന്തം നിലയ്ക്ക് നിയമനം നടത്താന്‍ സാധിക്കില്ല എന്ന ബില്ലിലെ തീരുമാനമായിരുന്നു മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്.

വിഷയം സുപ്രീം കോടതിയിലെത്തിയപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ എടുത്ത തീരുമാനത്തിനൊപ്പം തന്നെയാണ് സുപ്രീം കോടതിയും നിന്നത്. ചെലവ് വഹിക്കുന്ന സര്‍ക്കാരിന് തന്നെയാണ് നിയമനത്തിനുള്ള അവകാശവും എന്നായിരുന്ന വിഷയത്തില്‍ കോടതിയുടെ നിലപാട്. കേസില്‍ വാദം കേട്ട കോടതി മതന്യൂനപക്ഷങ്ങളുടെ അവകാശം പ്രത്യേകം മാനിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ പുറത്ത് പോയതിനു ശേഷം വന്ന പട്ടം താണുപിള്ളയുടെ സര്‍ക്കാരാണ് വീണ്ടും നിയമനങ്ങള്‍ മാനേജ്‌മെന്റുകളുടെ കൈവശം തന്നെ എത്താന്‍ ഇടയാക്കിയത്. വിദ്യാഭ്യാസ മന്ത്രി കൂടിയായ കെ.പി ഉമ്മര്‍കോയ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് എന്ന വകുപ്പില്‍ താത്ക്കാലിക ഭേദഗതി കൊണ്ടു വരികയായിരുന്നു.


കേരള നിയമസഭയിലെ 11ാം വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത തീരുമാനം അന്തിമമല്ല എന്നും ഇത് സംബന്ധിച്ച് വസ്തുനിഷ്ടമായ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചകളും നടന്നില്ല എന്നതാണ് വാസ്തവം. തീരുമാനത്തെ അന്ന് പ്രതിപക്ഷത്തായിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് നിരവധി തവണ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയും വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കേവലം സാമ്പത്തിക പ്രതിസന്ധി മാത്രം വിഷയമായി കാണാതെ ഈ വിഷയത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്ന അനീതികള്‍ക്കും പരിഹാരം കാണാന്‍ ഒരുങ്ങണമെന്നാണ്് ഉദ്യോഗാര്‍ത്ഥികളും എയിഡഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന എ.എസ്.ഫോര്‍ അടക്കമുള്ള സംഘടനകളും ആവശ്യപ്പെടുന്നത്.