ഒരുപാട് പേർക്കുള്ള ചോദ്യമായിരിക്കും തൈരും യോഗർട്ടും പ്രോബയോട്ടിക് തൈരും ഒന്നല്ലേ എന്നത്. എന്നാൽ തൈരും യോഗർട്ടും പ്രോബയോട്ടിക് തൈരും തമ്മിൽ ഒരുപാട് സാമ്യതയുള്ളപോലെതന്നെ വ്യത്യാസങ്ങളുമുണ്ട്. ഇവ മൂന്നും പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങളാണ്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഗുണകരമായ പ്രോബയോട്ടിക്സ് അഥവാ ‘നല്ല ബാക്ടീരിയകൾ’ ധാരാളമായി അടങ്ങിയിട്ടുള്ള പോഷകാഹാരമാണിത്.
എന്താണ് തൈര്?
നമ്മുടെ വീടുകളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒന്നാണ് തൈര്. പാൽ തിളപ്പിച്ച് ചൂടാറിയ ശേഷം ഉറ (പുളിച്ച തൈര്) ചേർത്ത് ഉണ്ടാക്കുന്നതാണിത്. പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസിനെ ഉറയിൽ അടങ്ങിയിട്ടുള്ള വിവിധതരം ലാക്ടിക് ആസിഡ് ബാക്ടീരിയകൾ വിഘടിപ്പിച്ച് ലാക്ടിക് ആസിഡ് ആക്കി മാറ്റുന്ന പ്രക്രിയയിലൂടെയാണ് തൈര് ഉണ്ടാകുന്നത്. ഈ ലാക്ടിക് ആസിഡ് ആണ് തൈരിന് പുളിച്ച രുചി നൽകുന്നത്.
എന്താണ് യോഗർട്ട്?
തൈരുമായി വളരെ സാമ്യമുള്ള ഒന്നുതന്നെയാണ് യോഗർട്ട്. എന്നാൽ വ്യവസായപരമായി ഒരു പ്രത്യേക രീതിയിൽ നിർമിക്കുന്ന പാലുൽപ്പന്നമാണ് ഇത്. വീടുകളിൽ തൈര് ഉണ്ടാക്കുന്നതുപോലെ പാൽ പുളിപ്പിച്ച് തന്നെയാണ് യോഗർട്ടും ഉണ്ടാക്കുന്നത്. എന്നാൽ പ്രത്യേകം തെരഞ്ഞെടുത്ത ബാക്ടീരിയൽ കൾച്ചറുകൾ ഉപയോഗിച്ചാണ് യോഗർട്ട് നിർമിക്കുന്നത്.
യോഗർട്ട് നിർമിക്കാൻ പ്രധാനമായും രണ്ട് തരം ബാക്ടീരിയകളാണ് ഉപയോഗിക്കുന്നത്
യോഗർട്ട് തൈരിനെക്കാൾ ക്രീമിയും കൂടുതൽ രുചിയുള്ളതുമായിരിക്കും. മധുരവും പഴങ്ങളും മറ്റ് ഫ്ലേവറുകളും ചേർത്ത യോഗർട്ട് വിപണിയിൽ ലഭ്യമാണ്. പ്ലെയിൻ യോഗർട്ട്, ഫ്ലേവർഡ് യോഗർട്ട്, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ വ്യത്യസ്തതരം യോഗർട്ടുകൾ വിപണിയിൽ ഉണ്ട്.
പ്രോബയോട്ടിക് തൈര്
സാധാരണ തൈരിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യത്തിന് പ്രത്യേക ഗുണങ്ങളുള്ള ചിലതരം പ്രോബയോട്ടിക് ബാക്ടീരിയകളുടെ അളവ് കൂടുതലായി അടങ്ങിയ തൈരുകളാണ് പ്രോബയോട്ടിക് തൈര്. ‘പ്രോബയോട്ടിക് തൈര്’ അല്ലെങ്കിൽ ‘പ്രോബയോട്ടിക് ദഹി’ എന്ന ലേബലിൽ ഇവ കടകളിൽ ലഭ്യമാണ്.
എന്താണ് പ്രോബയോട്ടിക് തൈരിനെ വ്യത്യസ്തമാക്കുന്നത്?
പ്രോബയോട്ടിക് തൈരുകളിൽ ദഹനനാളത്തിൽ അതിജീവിച്ച് ആരോഗ്യപരമായ ഗുണങ്ങൾ നൽകാൻ കഴിവുള്ള തെരഞ്ഞെടുക്കപ്പെട്ട ബാക്ടീരിയൽ സ്ട്രെയിനുകൾ കൂടുതലായി ചേർക്കുന്നുണ്ട്. സാധാരണ തൈരിനേക്കാൾ കൂടുതൽ അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ഈ തൈരിലുണ്ട്.
സാധാരണ തൈരിന്റെയും പ്രോബയോട്ടിക് തൈരിന്റെയും യോഗർട്ടിന്റെയും പ്രധാന ഗുണങ്ങൾ
സാധാരണ തൈരാണോ യോഗർട്ടാണോ പ്രോബയോട്ടിക് തൈരാണോ നല്ലത്?
സാധാരണ തൈര്, യോഗർട്ട്, പ്രോബയോട്ടിക് തൈര് എന്നിവയെല്ലാം ആരോഗ്യകരമായ പാലുൽപ്പന്നങ്ങളാണ്. ഇവ മൂന്നിനും പൊതുവെ ഒരേ ഗുണഗണങ്ങൾ തന്നെയാണുള്ളത്. ദൈനംദിന ഉപയോഗത്തിന് വീട്ടിലുണ്ടാക്കുന്ന നാടൻ തൈരോ പ്ലെയിൻ യോഗർട്ടോ ആണ് നല്ലത്. ദഹന സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കിൽ പ്രോബയോട്ടിക് തൈരോ യോഗർട്ടോ തെരഞ്ഞെടുക്കാം. തൈരിനെ അപേക്ഷിച്ച് യോഗർട്ടും പ്രോബയോട്ടിക് തൈരും കുറച്ച് എക്സ്പെൻസീവ് ആണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആവശ്യങ്ങളും വ്യത്യസ്തമായതുകൊണ്ടുതന്നെ ഒരു ന്യൂട്രീഷ്യനുമായി സംസാരിച്ച് ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്താവുന്നതാണ്.
Content highlight: Which One Is Better Curd, Yogurt Or Probiotic Curd