| Monday, 22nd September 2025, 2:02 pm

ജി.എസ്.ടിയിലൂടെ സമാഹരിച്ച തുക വീടുകളില്‍ എത്തിക്കുമോ? അതോ ആ 15 ലക്ഷത്തിനൊപ്പം അക്കൗണ്ടില്‍ ഇടുമോ; പരിഹസിച്ച് അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ജി.എസ്.ടി പരിഷ്‌കരണത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്.

കഴിഞ്ഞ എട്ട് വര്‍ഷത്തെ ജി.എസ്.ടി പിരിവ് എവിടെപ്പോയി എന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഇന്നലെ (ഞായര്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജി.എസ്.ടി പ്രസംഗത്തിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

പൊതുജനങ്ങളും സമാനമായ ചോദ്യമാണ് ഉയര്‍ത്തുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ ‘മഹാകുംഭ് മോഡല്‍’ പോലെ ജി.എസ്.ടിയുടെ സമാഹരിച്ച തുക ആളുകളുടെ വീടുകളില്‍ പണമായി എത്തിക്കുമോ?

അതോ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉള്‍പ്പെടുത്തുമോ? ഇനി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമോ? അതുമല്ലെങ്കില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയില്‍ നിന്ന് കുറയ്ക്കുമോ എന്നും അഖിലേഷ് ചോദിച്ചു.

പിന്‍വാതില്‍ വഴി കിട്ടുന്ന പണം ഉപയോഗിച്ച് കേന്ദ്രം നടപ്പിലാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സബ്‌സിഡിയോട് കൂടിയ ഗ്യാസ് സിലണ്ടര്‍ പദ്ധതിക്കായി ജി.എസ്.ടി പണം ഉപയോഗിക്കുമോയെന്നും അഖിലേഷ് യാദവ് ചോദിക്കുന്നുണ്ട്.

ഇതൊന്നുമല്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തലേദിവസം വീടുകളിലെത്തിക്കാനുള്ള പണമായി ഇത് വിനിയോഗിക്കുമോ? കുട്ടികളുടെ സ്‌കൂള്‍ ഫീസുകള്‍ എഴുതിത്തള്ളാനും രോഗികള്‍ക്കും പ്രായമായവര്‍ക്കും മരുന്നുകളും ആരോഗ്യ സംരക്ഷണവും സൗജന്യമാക്കാനും ഈ പണം ഉപയോഗിക്കാന്‍ സാധ്യതയുണ്ടോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.

ജി.എസ്.ടി പരിഷ്‌കരണത്തില്‍ കോണ്‍ഗ്രസും രൂക്ഷമായി പ്രതികരിച്ചിരുന്നു. ജി.എസ്.ടി പരിഷ്‌കരണം അപര്യാപ്തമെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്.

പുതിയ പരിഷ്‌കാരത്തില്‍ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങളെ പ്രതിപാദിക്കുന്നില്ലെന്നും ജി.എസ്.ടി പരിഷ്‌കരണം നടത്തിയത് താനാണെന്ന അവകാശ വാദത്തിനാണ് മോദി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

നഷ്ടപരിഹാരത്തുക അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുക എന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 2017ലെ പ്രതിപക്ഷമാണ് ജി.എസ്.ടി സ്ലാബ് പരിഷ്‌കരിക്കുന്നതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Where is the GST collection of the last eight years? Akhilesh Yadav

We use cookies to give you the best possible experience. Learn more