പ്രതിസന്ധിയിലാകുമ്പോഴൊക്കെ സർക്കാർ ഗവര്‍ണറുമായി ഏറ്റുമുട്ടും; പ്രതിസന്ധി മാറുമ്പോൾ സെറ്റിലാക്കും: വി.ഡി സതീശൻ
Kerala
പ്രതിസന്ധിയിലാകുമ്പോഴൊക്കെ സർക്കാർ ഗവര്‍ണറുമായി ഏറ്റുമുട്ടും; പ്രതിസന്ധി മാറുമ്പോൾ സെറ്റിലാക്കും: വി.ഡി സതീശൻ
ശ്രീലക്ഷ്മി എ.വി.
Tuesday, 20th January 2026, 4:18 pm

തിരുവനന്തപുരം: പ്രതിസന്ധിയിലാകുമ്പോഴൊക്കെ സർക്കാർ ഗവര്‍ണറുമായി ഏറ്റുമുട്ടലുണ്ടാക്കുമെന്നും പ്രതിസന്ധി മാറിക്കഴിയുമ്പോള്‍ സെറ്റില്‍ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായതെന്നും എന്നാല്‍ ഒരു രാത്രി കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ എല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘പ്രതിസന്ധിയിലാകുമ്പോഴൊക്കെ സർക്കാർ ഗവര്‍ണറുമായി ഏറ്റുമുട്ടലുണ്ടാക്കും പ്രതിസന്ധി മാറിക്കഴിയുമ്പോള്‍ സെറ്റില്‍ ചെയ്യും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായത് എന്നാല്‍ ഒരു രാത്രി കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ എല്ലാം ഒത്തുതീര്‍പ്പാക്കി,’ അദ്ദേഹം പറഞ്ഞു.

വി.സിമാരെ രണ്ടുപേരും വീതംവച്ചെടുത്തുവെന്നും കേരളത്തെ ഇവര്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിന്റെ നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്നും ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിച്ചു തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘പത്ത് വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ജനങ്ങൾ വിശ്വസിക്കില്ല. വിശ്വാസ്യത പോലും ഇല്ലാത്ത ഡോക്യുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറി. അതിന്റെ നാടകമാണ് ഇന്ന് സഭയിൽ നടന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിച്ചു തുടങ്ങും,’ അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടതെന്നും ഗവര്‍ണര്‍ അത് ബോധപൂര്‍വം അത് വിട്ടുകളയുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും വി.ഡി സതീശൻ പറഞ്ഞു.

‘ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്. ബോധപൂര്‍വം വിട്ടുകളയുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്

അതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. സ്വന്തം കാര്യങ്ങള്‍ പറയുകയല്ല ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വാദത്തോട് യോജിക്കുന്നുവെന്നും പക്ഷെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ തെറ്റായ അവകാശവാദങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുകയും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും കൃഷിയിടങ്ങള്‍ തകര്‍ന്നു പോകുകയും ചെയ്യുകയാണ്. മലയോരത്തെ മുപ്പത് ലക്ഷത്തോളം ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണ് അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാര്‍ഷിക രംഗം തകര്‍ച്ചയിലാണെന്നും കാര്‍ഷിക മേഖലയില്‍ നിന്നും ആളുകള്‍ പിന്മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ക്രമസമാധന രംഗം മികച്ച് നില്‍ക്കുന്നു എന്നതാണ് മറ്റൊരു അവകാശവാദം. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ കൊള്ളയും കൊലപാതകവും നടക്കുകയും ഗുണ്ടകള്‍ അഴിഞ്ഞാടുകയും ചെയ്യുന്ന സംസ്ഥാനമാക്കി മാറ്റി. മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. അവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്,’ വി.ഡി സതീശൻ പറഞ്ഞു.

Content Highlight: Whenever the government is in crisis, it will clash with the governor; it will settle when the crisis is over: V.D. Satheesan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.