| Saturday, 28th June 2025, 11:36 am

കല്യാണമായപ്പോൾ സിനിമയുമില്ല കയ്യിൽ പണവുമില്ല എന്ന അവസ്ഥ വന്നു; ആ സിനിമ ഞാൻ ചോദിച്ചുവാങ്ങിയത്: ദീപക് പറമ്പോൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ. പിന്നീട് വന്ന തട്ടത്തിൻ മറയത്തിലെയും തിരയിലെയും വേഷങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈയിടെ ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്,സൂക്ഷ്മദർശിനി എന്ന ചിത്രങ്ങളിലും പ്രകടനങ്ങളിലൂടെ ദീപക് കയ്യടി നേടിയിരുന്നു. ഇപ്പോൾ പൊൻമാൻ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ദീപക്.

പൊൻമാനിൽ ചെറിയ വേഷമാണെന്നാണ് താൻ വിചാരിച്ചതെന്നും ആ സിനിമ താൻ ചോദിച്ചുവാങ്ങിയതാണെന്നും ദീപക് പറയുന്നു.

കല്യാണം അടുത്തപ്പോൾ സിനിമയും കയ്യിൽ പണവുമില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഫോട്ടോ കണ്ടപ്പോൾ കർത്താവ് ആയി ജോതിഷിന് തോന്നിയിട്ടുണ്ടാകുമെന്നും ദീപക് കൂട്ടിച്ചേർത്തു.

‘സത്യത്തില്‍ വളരെ ചെറിയ വേഷമാണെന്നാണ് ഞാന്‍ വിചാരിച്ചുകൊണ്ടിരുന്നത്. പക്ഷെ, പടം തിയേറ്ററില്‍ ഇറങ്ങി ഒ.ടി.ടി റിലീസായി ആളുകള്‍ കാണുന്ന സമയത്ത് എല്ലാവരും പറഞ്ഞു ‘പൊന്‍മാന്‍ കണ്ടു. നന്നായിട്ടുണ്ട്, നല്ല രസമുണ്ട് കഥാപാത്രം’ എന്ന്. അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ഇത്രയും വലിയ കഥാപാത്രം ആണെന്ന്.

ശരിക്കും പറഞ്ഞാല്‍ ഒരുനല്ല പടത്തില്‍ ഒരു ഷോട്ട് മതി ആളുകള്‍ തിരിച്ചറിയാന്‍ എന്നുള്ളത് ഈ സിനിമ എനിക്ക് മനസിലാക്കി തന്നു. ശരിക്കും ഇത് ഞാന്‍ അങ്ങോട്ട് ചോദിച്ച് വാങ്ങിച്ച സിനിമയാണ്. കാരണം സിനിമയില്‍ വരുന്നതിന് മുമ്പ് ഒരുപാട് ചാന്‍സ് ചോദിച്ചിട്ട് ഞാന്‍ നടന്നിട്ടുണ്ട്.

പിന്നെ സിനിമ വന്നുകഴിഞ്ഞിട്ട് ചെറിയ ചിത്രങ്ങളൊക്കെ ചെയ്തു, കുറച്ച് കുഴപ്പമില്ലാത്ത പൈസയൊക്കെ കിട്ടി. പിന്നെ എനിക്ക് ചാന്‍സ് ചോദിച്ച് സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ പൈസ കിട്ടുമോ എന്നുള്ള സംശയം ആയിരുന്നു. അതുകൊണ്ട് ചോദിക്കാന്‍ മടിയായിരുന്നു.

എന്നാല്‍ കല്യാണം അടുത്തപ്പോള്‍ പടവുമില്ല പൈസയുമില്ല എന്ന അവസ്ഥയായി. എന്തുചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് പരിചയമുള്ള സിനിമാക്കാരെ ഒക്കെ വിളിച്ചു എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണം എന്ന് അങ്ങോട്ട് ചോദിക്കാന്‍ തുടങ്ങി.

അങ്ങനെ ഒരു ദിവസം ജോതിഷ് എന്നെ വിളിച്ചു ഫോട്ടോ അയച്ചുതരുമോ എന്ന് ചോദിച്ചു. എന്തോ ഭാഗ്യത്തിന് കുറച്ച് മുടി വളര്‍ത്തി നില്‍ക്കുന്ന സമയമായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ പുള്ളിക്ക് തോന്നിയിട്ടുണ്ടാകും കര്‍ത്താവിന് മുടി ഉണ്ട്. അപ്പോള്‍ കുഴപ്പമില്ല എന്ന്. അങ്ങനെയാണ് പൊന്‍മാന്‍ സിനിമയില്‍ കര്‍ത്താവ് ആയി അഭിനയിച്ചത്,’ ദീപക് പറയുന്നു.

Content Highlight: When the wedding came, there was no film and no money; so Ponman is the film I asked for says Deepak Parambol

We use cookies to give you the best possible experience. Learn more