| Sunday, 11th May 2025, 5:36 pm

ലാലേട്ടനും ശോഭന മാമും അങ്ങനെ ചോദിച്ചപ്പോള്‍ എന്നെ കളിയാക്കുകയാണെന്നാണ് കരുതിയത്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും ചിത്രത്തിലെ മോഹന്‍ലാലിന്റെയും ശോഭനയുടെയും സീന്‍ ഷൂട്ട് ചെയ്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ആദ്യ ഷോട്ട് മോഹന്‍ലാലിനും ശോഭനക്കും ഒപ്പമുള്ളതായിരുന്നെന്നും എക്‌സൈറ്റ് കാരണം താന്‍ തലേദിവസം ഉറങ്ങിയിട്ടില്ലെന്നും തരുണ്‍ പറയുന്നു.

പൂജയൊക്കെ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലും ശോഭനയും കൊച്ചുകുട്ടികളെപ്പോലെയായിരുന്നെന്നും തന്നെ സാര്‍ എന്ന് വിളിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചുവെന്നും തരുണ്‍ പറഞ്ഞു.

തന്നെ കളിയാക്കുവാണെന്നാണ് ആദ്യം വിചാരിച്ചതെന്നും വീട്ടില്‍ സാരി വലിക്കുന്നതുപോലെ ഒരു സീന്‍ ആണ് തനിക്ക് വേണ്ടതെന്ന് അവരോട് പറഞ്ഞുവെന്നും തരുണ്‍ വ്യക്തമാക്കി.

അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ താന്‍ അസോസിയേറ്റിനെ വിളിച്ച് കാണിച്ചുകൊടുത്തുവെന്നും ഫസ്റ്റ് ടേക്ക് ശരിയായില്ലെന്നും തരുണ്‍ പറഞ്ഞു. തന്റെ അമ്മയും അച്ഛനും അവിടെയുണ്ടായിരുന്നെന്നും അവരും അത് ശരിയായില്ലെന്ന് പറഞ്ഞുവെന്ന് തരുണ്‍ പറയുന്നു. പിന്നെയും ഒന്നുകൂടി ചെയ്തപ്പോഴാണ് ഇപ്പോള്‍ കാണുന്ന സീനിലേക്ക് എത്തിയതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘ആദ്യ ഷോട്ട് ലാലേട്ടനും ശോഭനമാമും ഒപ്പം ഉള്ളതായിരുന്നു. ഞാന്‍ തലേദിവസം ഉറങ്ങിയിട്ടില്ല. എക്‌സൈറ്റ് ആയിരുന്നു. ഇവര്‍ക്കാണല്ലോ ഞാന്‍ ആക്ഷന്‍ വിളിക്കാന്‍ പോകുന്നത് എന്നൊക്കെയോര്‍ത്ത്.

അങ്ങനെ പൂജയൊക്കെ കഴിഞ്ഞ് രണ്ടുപേരും കൊച്ചുകുട്ടികളെപ്പോലെ ‘സാര്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. നമ്മളെ ആക്കുവാണോ എന്നാണ് ഞാന്‍ വിചാരിച്ചത്.

മാം എനിക്ക് വീട്ടിലൊക്കെ സാരി വലിക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് അതുപോലെ ഒരു സീന്‍ വേണമെന്നാണ് പറഞ്ഞത്. അപ്പോള്‍ ‘അതെങ്ങനെയാണ് വലിക്കേണ്ടത്’ എന്നാണ് ചോദിച്ചത്. ഞാന്‍ അസോസിയേറ്റിനെ വിളിച്ച് കാണിച്ചുകൊടുത്തു.

എന്റെ അച്ഛനും അമ്മയും ജനലില്‍ കൂടി നോക്കുന്നുണ്ട്. ഫസ്റ്റ് ടേക്ക് കഴിഞ്ഞപ്പോള്‍ അത് ശരിയായില്ല. അപ്പോള്‍ അമ്മ പറഞ്ഞു അത് ശരിയായില്ല എന്ന്. പിന്നെയും ഒന്നുകൂടി വലിച്ച് കുറച്ച് റൊമാന്‍സ് ഒക്കെ ചെയ്തപ്പോഴാണ് ഇപ്പോള്‍ കാണുന്ന സീനിലേക്ക് എത്തിയത്,’ തരുണ്‍ പറയുന്നു.

തുടരും

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രം ഫാമിലി ഓഡിയന്‍സിനെ ഇളക്കി മറിച്ച് മുന്നേറുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. 2018നെ വീഴ്ത്തിയാണ് ചിത്രം കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് മാത്രം 89 കോടി രൂപയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 170 കോടിയോളം നേടിയിട്ടുണ്ട്.

Content Highlight: When Lalettan and Shobhana Ma’am asked me that, I thought they were making fun of me: Tharun Moorthy

We use cookies to give you the best possible experience. Learn more