| Saturday, 21st June 2025, 8:32 am

'പട്ടിണി കിടന്നാലും തൻ്റെ സിനിമയിൽ അഭിനയിക്കില്ല' എന്ന് ഞാൻ പറഞ്ഞു; അങ്ങനെ പറയാൻ പാടില്ലായിരുന്നു: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ സിനിമയിലെത്തിയ നടനാണ് ഹരിശ്രീ അശോകന്‍. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെ തൻ്റെ ആരംഭിച്ചു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു.

പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന ഹാസ്യകഥാപാത്രമാണ് ഹരിശ്രീ അശോകൻ്റെ കരിയറിൽ വഴിത്തിരിവായി. അദ്ദേഹത്തിൻ്റെ മകനായ അർജുനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോൾ സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന സമയത്ത് ഒരു നിർമാതാവ് തന്നെ പറ്റിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ.

സിനിമയിൽ അഭിനയിക്കാനുള്ള ചാൻസ് അന്വേഷിക്കുന്ന സമയത്ത് ഒരു നിർമാതാവ് തന്നോട് മദ്രാസിലേക്ക് പോകാൻ പറഞ്ഞുവെന്നും എന്നാൽ മദ്രാസിൽ ചെന്ന് രണ്ടുദിവസം വെറുതെ ഇരുന്നെന്നും ഹരിശ്രീ അശോകൻ പറയുന്നു.

മടക്കയാത്രക്കുള്ള ടിക്കറ്റ് പോലും തന്നില്ലെന്നും എന്നാൽ പിന്നീട് സിനിമയിൽ അറിയപ്പെടുന്ന നടനായപ്പോൾ ആ നിർമാതാവ് തന്നെ ഡേറ്റ് ചോദിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇനി തൻ്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് അയാളോട് പറഞ്ഞുവെന്നും താനന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ടെലികോം ഡിപ്പാർട്‌മെൻ്റിൽ മസ്‌ദൂർ ആയി ജോലി ചെയ്യുന്ന സമയത്ത് സിനിമയിൽ അഭിനയിക്കാനുള്ള മോഹം കൊണ്ട് ചാൻസും അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോൾ ഒരു നിർമാതാവ് മദ്രാസിൽ ചെല്ലാൻ പറഞ്ഞു.

പെങ്ങൾ അവളുടെ കമ്മൽ പണയം വെച്ചാണ് പെട്ടിയും ഡ്രസുമൊക്കെ വാങ്ങിച്ചു തന്നത്. മദ്രാസിൽ ചെന്ന് രണ്ടുദിവസം വെറുതെ ഇരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് പോലും തന്നില്ല. ആത്മഹത്യയെക്കുറിച്ചു പോലും ആലോചിച്ചു.

പിന്നീട് സിനിമയിൽ നാലാൾ അറിയുന്ന നിലയിൽ എത്തിയപ്പോൾ ആ നിർമാതാവ് ഡേറ്റ് ചോദിച്ചു വന്നു ‘പട്ടിണി കിടന്നാലും തൻ്റെ സിനിമയിൽ അഭിനയിക്കാൻ ഇല്ല’ എന്ന് മറുപടി നൽകി.

ഇപ്പോൾ തോന്നുന്നു, ഞാനന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു. അന്ന് ഞാൻ അറിയപ്പെടാത്ത ആളായതുകൊണ്ട് അയാൾ അങ്ങനെ പെരുമാറി. പിന്നീട് ആവശ്യമെന്ന് തോന്നിയപ്പോൾ എന്നെ അന്വേഷിച്ചുവന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണ്. മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരു ഉറുമ്പിനെ കയ്യിലെടുത്ത് നിങ്ങൾ രക്ഷിക്കുന്നു. അതേ നിമിഷം ആ ഉറുമ്പ് നിങ്ങളെ കടിച്ചിരിക്കും. അതാണ് ഉറുമ്പിന്റെ സ്വഭാവം. അതുപോലെയാണ് ചില മനുഷ്യരും,’ ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: When I was asking for a chance in the cinema, a producer cheated me says Harisree Ashokan

We use cookies to give you the best possible experience. Learn more