| Thursday, 15th May 2025, 1:03 pm

ആ നടൻ അഭിനയിക്കുന്നത് കണ്ടപ്പോൾ സീരിയസ് ആയി നിൽക്കേണ്ട സമയത്തും എനിക്ക് ചിരി വന്നു: മിഥുൻ രമേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നടനും ടെലിവിഷൻ അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് മിഥുൻ രമേശ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. വെട്ടം സിനിമയിലെ അദ്ദേഹത്തിൻ്റെ ഫെലിക്സ് എന്ന കഥാപാത്രവും, റൺവേയിലെ ജോണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

മലയാളത്തിലെ പല ആർട്ടിസ്റ്റുകൾക്കും ശബ്ദം നൽകിയിട്ടുണ്ട് മിഥുൻ. വേറിട്ട അവതരണശൈലിയാണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്. 2013ൽ സഹപ്രവർത്തകനോടൊപ്പം ചെയ്ത 84 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മ്യൂസിക് ഷോ മാരത്തൺ പരിപാടിക്ക് ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്നസെൻ്റിൻ്റെ അഭിനയത്തിനെക്കുറിച്ചും പറയുകയാണ് മിഥുൻ രമേശ്.

ഇന്നസെൻ്റ് അഭിനയിക്കുന്ന സമയത്ത് സ്വന്തം കയ്യിൽ നിന്നും ഭാവങ്ങളിടുമെന്നും എന്നാൽ അത് റിഹേഴ്സലിൽ ഇല്ലാത്തതുകൊണ്ടും തനിക്ക് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടും ഷൂട്ടിങ്ങിൻ്റെ ഇടയിൽ ചിരി വരുമായിരുന്നുവെന്നും നടൻ പറയുന്നു. താൻ ടെൻഷൻ അടിച്ച് നിൽക്കുന്ന സമയത്ത് പോലും തനിക്ക് ചിരി വന്നെന്നും അതുകൊണ്ട് തനിക്ക് വഴക്ക് കിട്ടിയിരുന്നുവെന്നും മിഥുൻ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു മിഥുൻ.

‘ഇന്നസെൻ്റ് ചേട്ടൻ സീനിൽ ഷോട്ടാകുമ്പോൾ പുള്ളി കയ്യിൽ നിന്നും കുറെ സാധനം ഇടും. റിഹേഴ്സലിൽ അതില്ലല്ലോ? നമ്മൾ അത്ര എക്സ്പീരിയൻസുള്ള നടനൊന്നും അല്ലല്ലോ? ഇന്നസെൻ്റ് ചേട്ടൻ ചെയ്യുന്നത് നമ്മളെ ചിരിപ്പിക്കുന്ന സാധനങ്ങളല്ലെ.

വെട്ടത്തിൽ ‘നിനക്ക് സമാധാനം ആയില്ലേടി’ എന്ന് ഗീതാ വിജയനോട് ചോദിക്കുന്ന സമയത്ത് ഇടുന്ന ഭാവങ്ങളെല്ലാം കയ്യിൽ നിന്നെടുക്കുന്നതാണ്. ഇത് കണ്ട് ഷൂട്ടിങ്ങിൻ്റെ ഇടയിൽ ഞാൻ ചിരിച്ചു പോയി. അതിന് എനിക്ക് ചീത്ത വിളി കേട്ടു. ഞാൻ ടെൻഷൻ അടിച്ച് നിൽക്കേണ്ട സമയമാണ്. ബാക്കിയെല്ലാം കോമഡിയാണെങ്കിലും ഞാനതിൽ ചെയ്യേണ്ടത് സീരിയസായ റോളാണ്,’ മിഥുൻ പറയുന്നു.

Content Highlight: When I saw that actor acting, I laughed even when I should have been serious: Mithun Ramesh

We use cookies to give you the best possible experience. Learn more