'കറുത്തവരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് പഠിപ്പിച്ച മാസ്റ്ററാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി'; തിരുത്തിയെഴുതുന്നത് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടോ?
society
'കറുത്തവരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് പഠിപ്പിച്ച മാസ്റ്ററാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി'; തിരുത്തിയെഴുതുന്നത് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടോ?
ശ്രിന്‍ഷ രാമകൃഷ്ണന്‍
Friday, 26th June 2020, 6:29 pm

ചൊവ്വാഴ്ച്ച ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ‘ഫെയര്‍ ആന്‍ഡ് ലൗവ്‌ലി’ റീബ്രാന്‍ഡ് ചെയ്യുകയാണ് എന്ന് പരസ്യപ്പെടുത്തി രംഗത്തെത്തിയിരുന്നു. ‘ഫെയര്‍’ എന്ന വാക്ക് നീക്കിയാണ് ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിയുന്ന കോസ്മറ്റിക്ക് ഇന്‍ഡസ്ട്രി ഉത്പന്നങ്ങളിലൊന്നായ ഫെയര്‍ ആന്‍ഡ് ലൗവ്‌ലി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിന് ശേഷം അമേരിക്കയില്‍ ആളിപടര്‍ന്ന ബ്ലാക്ക് ലൈഫ്‌സ് മാറ്റേഴ്സ് എന്ന പ്രൊട്ടസ്റ്റിന് പിന്നാലെ പ്രമുഖ ബ്രാന്‍ഡുകളായ ലോറിയല്‍, അഡിഡാസ്, നൈക്ക് എന്നിവ വര്‍ണ വര്‍ഗ വിവേചനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറും ഫെയര്‍ ആന്‍ഡ് ലൗവ്‌ലി റീബ്രാന്‍ഡിങ്ങിന് ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയത്. നേരത്തെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വെളുപ്പിക്കാനുള്ള ഉത്പന്നം എന്ന തരത്തിലാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി മാര്‍ക്കറ്റ് പിടിച്ചെടുക്കുന്നത്. ഇവരുടെ ഭൂതകാലം നമ്മുടെ ഓര്‍മ്മകളില്‍ കൃത്യമായി അടയാളപ്പെടുത്തിയതാണ്. ഇപ്പോള്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയുടെ ഫെയര്‍ മാറുമ്പോള്‍ ആ മാറ്റം ഉത്പന്നത്തിന്റെ പൊതുസ്വഭാവത്തിലും ഉണ്ടാകണം. എങ്കില്‍ മാത്രമേ ആ മാറ്റം സ്വീകാര്യമാകുകയുള്ളൂ എന്നാണ് ദളിത് ആക്റ്റിവിസ്റ്റായ മൃദുല ദേവി ശശിധരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

“മുഖക്കുരു വന്നാല്‍ അത് സൗന്ദര്യമില്ലായ്മയാണ് എന്ന് പഠിപ്പിച്ചിട്ടുണ്ട് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി, കറുത്താലും കരിവാളിച്ചാലും പൊതുസമൂഹത്തിന് ഉള്‍ക്കാളളാന്‍ കഴിയില്ലെന്ന പൊതുബോധം സൃഷ്ടിക്കുന്നതിന്റെ മസ്റ്റര്‍ ആയിരുന്നു ഫെയര്‍ ആന്‍ഡ് ലൗവ്‌ലി. എല്ലാത്തരം സ്‌കിന്നുകളുടെയും സംരക്ഷണം എന്നതാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി. ഉദ്ദേശിക്കുന്നതെങ്കില്‍ മാറ്റമുണ്ടാകും. ഡാര്‍ക്ക് സ്‌കിന്‍ മോഡലുകളെ കൊണ്ടുവരാനും ഫെയര്‍ ആന്‍ഡ് ലൗവ്‌ലിക്ക് സാധിക്കണം. ഇന്ത്യയില്‍ ജാതിയും കൂടി അധിഷ്ടിതമായാണ് കറുപ്പ് നിര്‍വചിക്കപ്പെടുന്നത്. ഇപ്പോഴും ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയിലെ ഫെയര്‍ മാത്രമേ മാറുന്നുള്ളൂ. ലൗവ്‌ലി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലൗവ്‌ലി ആകാനുള്ള പോക്കില്‍ വര്‍ണ, വര്‍ഗ, മത വിവേചനമില്ലാതെ എല്ലാ ഉടലുകളെയും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് അത് ജനാധിപത്യപരമാകുന്നത്”. മൃദുല ദേവി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് 2000 കോടി രൂപയുടെ റവന്യുവാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി എന്ന ഒറ്റ പ്രൊഡക്ടിന്റെ മേല്‍ ലഭിക്കുന്നത്. ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ പ്രൊഡക്ടറ്റുകളില്‍ നിന്ന് കമ്പനിയുടെ ആകെ റവന്യു 17000 കോടി രൂപയാണ്. കാലാകാലങ്ങളായി ബോളിവുഡ് സെലിബ്രിറ്റികളെ അടക്കം ഉള്‍പ്പെടുത്തി ആത്മവിശ്വാസത്തിന്റെയും ജീവിത വിജയത്തിന്റെയും അടിസ്ഥാനം വെളുപ്പ് എന്ന നിറമാണെന്ന വിശ്വാസം വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലി ഉള്‍പ്പെടെ ഫെയര്‍നെസ് ക്രീം പ്രൊഡക്റ്റുകള്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തരത്തില്‍ നിരവധി പഠനങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. ഒരു വ്യക്തിയുടെ സ്‌കിന്‍ കളര്‍ എന്നത് ഇന്ത്യയിലെ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയ്ക്ക് വില്‍പ്പന ചരക്കാണ് എന്ന് ദ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ മേരി റോസ് എബ്രഹാം വ്യക്തമാക്കിയിരുന്നു.

‘സെലിബ്രേറ്റിങ്ങ് ഓള്‍ സ്‌കിന്‍ ടോണ്‍സ്’ എന്ന തരത്തിലായിരിക്കും തങ്ങളുടെ റീബ്രാന്‍ഡിങ്ങ് എന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. 1978ലാണ് ഫെയര്‍ ആന്‍ഡ് ലൗവ്‌ലി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത്. തുടര്‍ന്ന് ഈ വര്‍ഷങ്ങളിലെല്ലാം ബ്യൂട്ടി ഇന്‍ഡസ്ട്രി എക്കാലത്തും ഉപയോഗിച്ച് പോന്നിരുന്ന ഫെയര്‍നസ് എന്ന ലേബലില്‍ തന്നെയായിരുന്നു ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയുടെ മാര്‍ക്കറ്റിങ്ങും.

മുഖ്യധാര സിനികളില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളെ ഉപയോഗിച്ചായിരുന്നു കോസ്മറ്റിക്ക്സ് ഇന്‍ഡസ്ട്രിയിലെ വലിയൊരു വിഭാഗവും തങ്ങളുടെ പരസ്യങ്ങള്‍ പുറത്തിറക്കിയതും. ദീപിക പദുക്കോണ്‍, ഐശ്വര്യറായ്, കത്രീന കയ്ഫ്, സോനം കപൂര്‍, ഷാരൂഖ് ഖാന്‍ അമല പോള്‍ തുടങ്ങി നിരവധി പേര്‍ ഫെയര്‍നസ് പ്രൊഡ്ക്റ്റുകളുടെ പ്രചാരകരുമായി. അതേസമയം ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ച പലരും തങ്ങളുടെ നിലപാടുകള്‍ തിരുത്തിയും മുന്നോട്ട് പോയിരുന്നു. സിനിമാമേഖലയില്‍ നിന്നുള്ള നന്ദിതാ ദാസ്, കങ്കണ റണൗത്ത് ഉള്‍പ്പെടെ നിരവധി പേര്‍ കറുപ്പിനെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്നോട്ട് വന്നിരുന്നു.

ഫെയര്‍ ആന്‍ഡ് ലൗവ്ലി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത നടിയും മോഡലുമായ കനി കുസൃതി കണ്‍മണി അതുകൊണ്ട് മാത്രം ഇവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിവേചനങ്ങള്‍ മാറുമെന്നോ തീരുമാനത്തിന് വലിയ ചലനങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ സാധിക്കുമെന്നോ കരുതുന്നില്ലെന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഫെയര്‍ ആന്‍ഡ് ലൗവ്‌ലി ‘ഫെയര്‍’ എന്നത് മാറ്റി റീബ്രാന്‍ഡ് ചെയ്തത് കൊണ്ട് മാത്രം ഇവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഡിസ്‌ക്രിമിനേഷന്‍ മാറുമെന്നോ അതിന് വലിയ ചലനങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ സാധിക്കുമെന്നോ കരുതുന്നില്ല. ചെറിയ തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നമ്മള്‍ ചെറുപ്പം മുതല്‍ ഫെയര്‍ ആയിരിക്കുക എന്നതാണ് സൗന്ദര്യം എന്ന് പ്രസ്താവിക്കുന്ന പരസ്യങ്ങള്‍ കണ്ടാണ് വളരുന്നത്. ഇത്തരത്തിലുള്ള റീബ്രാന്‍ഡിങ്ങ് ഒരു പക്ഷേ സൗന്ദര്യത്തിന് ‘നിറം’ ഒരു മാനദണ്ഡം അല്ലാത്ത ഒരു തലമുറ ഉണ്ടാക്കാന്‍ ഇടയാക്കാം, അതും എല്ലാ മേഖലയില്‍ ഉള്ളവരും ഒത്ത് ശ്രമിച്ചാല്‍.

ഒരിക്കല്‍ ഞാന്‍ കെനിയയില്‍ പോയപ്പോള്‍ ഡാര്‍ക്ക് ആന്‍ഡ് ലൗവ്‌ലി എന്ന ലേബലില്‍ അവതരിപ്പിക്കുന്ന ബ്യൂട്ടി പ്രൊഡക്റ്റ്സ് കണ്ടിരുന്നു. അത്തരത്തിലുള്ള കണ്‍സപ്റ്റുകള്‍ ഇവിടെ ഇതുവരെ കണ്ടിട്ടില്ല. നിറവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവേചനങ്ങള്‍ നിറത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നത് കൊണ്ട് തന്നെ ഈ മാറ്റം ഒരു അടിസ്ഥാനപരമായ മാറ്റം ആയി കണക്കാക്കുന്നില്ല. കനി പറഞ്ഞു.

ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ അവരുടെ നിറം ചര്‍ച്ചയാകുന്നു. കുട്ടിയുടെ നിറം അവരുടെ തന്നെ സഹോദരങ്ങളുടെ നിറവുമായി താരതമ്യപ്പെടുത്തിയോ അച്ഛന്റെയോ അമ്മയുടെയോ നിറവുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ താരതമ്യത്തിന് പലപ്പോഴും തുടക്കം കുറിക്കുന്നത്. ഇത് നമ്മുടെ വീടുകളില്‍ നിന്ന് തന്നെ തുടങ്ങുന്നതാണ്. നമ്മുടെ കുടുംബങ്ങളില്‍ നിന്ന് തന്നെ തുടങ്ങുന്നുവെന്നാണ് ‘വുമണ്‍ ഓഫ് വേര്‍ത്ത്’ എന്ന എന്‍.ജി.ഒയുടെ സ്ഥാപകയായ കവിത ഇമ്മാനുവല്‍ അഭിപ്രായപ്പെടുന്നത്. തങ്ങള്‍ ആരംഭിച്ച ‘ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന്‍’ ആന്റി വൈറ്റ് ക്യാമ്പയിനല്ലെന്നും സൗന്ദര്യമെന്നത് വ്യത്യസ്തതയിലാണ് എന്നാണ് പ്രഖ്യാപിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വന്‍ കമ്പനികളുള്‍പ്പെടെ തങ്ങള്‍ ഇത് വരെ ഉപയോഗിച്ചിരുന്ന മാര്‍ക്കറ്റിങ്ങ് സമവാക്യങ്ങള്‍ ഉത്തരവാദിത്തത്തോടെ തിരുത്തിയെഴുതിയാല്‍ ചെറിയ തരത്തിലെങ്കിലും വ്യത്യാസങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നാണ് ഉയരുന്ന വാദങ്ങള്‍.