വാട്‌സാപ്പ് ചോര്‍ച്ച: ജനാധിപത്യം തച്ചുടയ്ക്കാനുള്ള സൈബര്‍ ക്വൊട്ടേഷനും ഇന്ത്യാ- ഇസ്രഈല്‍ ബന്ധവും.
FB Notification
വാട്‌സാപ്പ് ചോര്‍ച്ച: ജനാധിപത്യം തച്ചുടയ്ക്കാനുള്ള സൈബര്‍ ക്വൊട്ടേഷനും ഇന്ത്യാ- ഇസ്രഈല്‍ ബന്ധവും.
നാസിറുദ്ദീന്‍
Tuesday, 5th November 2019, 3:07 pm

മേഖലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സാങ്കേതികവും സൈനികവുമായ സഹായമാണ് പുതിയ തലമുറയിലെ അറബ് ഏകാധിപതികള്‍ക്ക് ഇസ്രാഈലിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടാനാവശ്യമായ നിഗൂഡ പദ്ധതികളില്‍ ഇവരുടെ ഏറ്റവും വലിയ പങ്കാളി ഇസ്രാഈലാണ്. ജയില്‍ പീഡന മുറകള്‍ തൊട്ട് കംപ്യൂട്ടറും ഫോണും ക്രാക് ചെയ്യാനുപയോഗിക്കുന്ന ചാര സോഫ്റ്റ് വെയറുകള്‍ (Spyware) വരെ ഇസ്രാഈല്‍ നല്‍കുന്നു.

ഇതിലേറ്റവും പ്രധാനപ്പെട്ടതും വിവാദമായതുമാണ് സ്വകാര്യ ഇസ്രാഈല്‍ കമ്പനിയായ എന്‍ എസ് ഓ (NSO) ഗ്രൂപിന്റെ കുപ്രസിദ്ധ സോഫ്റ്റ് വെയര്‍ ആയ ‘പെഗസസ്'(Pegasus). സ്വകാര്യം-പൊതു എന്ന വ്യത്യാസത്തിലൊന്നും വലിയ കാര്യമില്ല. ഇസ്രാഈലി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കീഴിലുള്ള ‘യൂണിറ്റ് 8200’ ന്റെ തലപ്പത്തുണ്ടായിരുന്നവര്‍ തുടങ്ങിയ സ്ഥാപനമാണ് NSO. സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കായി ലോകം മുഴുവന്‍, പ്രത്യേകിച്ചും പലസ്തീന്‍, അറബ് മേഖലയില്‍ സൈബര്‍ ചാരവൃത്തി നടത്തലാണ് യൂണിറ്റ് 8200 ന്റെ പ്രധാന പരിപാടി.

ലോകമാകമാനമുള്ള ഏകാധിപത്യ, ഭീകര ഭരണകൂടങ്ങള്‍ക്ക് രാഷ്ട്രീയ എതിരാളികളേയും ആക്റ്റിവിസ്റ്റുകളേയും നേരിടാന്‍ സോഫ്റ്റ് വെയര്‍ വില്‍ക്കലാണ് NSO യുടെ ഏര്‍പ്പാട്. അതായത് സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടുള്ളിടത്ത് ഈ ‘സ്വകാര്യ’ കമ്പനികള്‍ വഴിയാവും ഇടപെടല്‍. ഭീമമായ കാശ് മാത്രമല്ല പ്രതിഫലം, സയണിസ്റ്റ് താല്‍പര്യങ്ങളുടെ സംരക്ഷണം കൂടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനാധിപത്യം തച്ചുടക്കാനുള്ള പദ്ധതിയുടെ ഭാഗമായ സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുക്കും.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദിയും മുഹമ്മദ് ബിന്‍ സായിദിന്റെ യു.എ.ഇ യുമാണ് പ്രധാന ഉപഭോക്താക്കള്‍. എന്ന് കരുതി അവര്‍ മാത്രമാണെന്നില്ല. അപ്പുറത്ത് മെക്‌സിക്കോ വരെ നീണ്ടു നില്‍ക്കുന്നുണ്ട് കസ്റ്റമേഴ്‌സിന്റെ ലിസ്റ്റ്. ‘സര്‍ക്കാരുകള്‍ക്ക് ഭീകരതയെ നേരിടാനുള്ള സാങ്കേതിക സഹായം നല്‍കല്‍’ എന്നാണ് അവരുടെ ഈ ഏര്‍പ്പാടിനെ അവര്‍ തന്നെ വിശേഷിപ്പിക്കുന്നത്.

സൗദിയിലും യു.എ.ഇ യിലും ഉറക്കത്തിലെങ്കിലും അറിയാതെ ജനാധിപത്യമെന്നോ സ്വാതന്ത്രമെന്നോ പറഞ്ഞ് പോയവരൊക്കെ ഇന്ന് ജയിലിലോ പരലോകത്തോ എത്തിയിട്ടുണ്ട്. ഭരണകൂടങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് ‘പെഗസസ്’ വഴിയുള്ള ട്രാകിംഗ് ആയിരുന്നുവെന്ന് ആക്റ്റിവിസ്റ്റുകള്‍ ഒന്നടങ്കം പറയുന്നു.

മേഖലയില്‍ നിന്ന് ഓടി രക്ഷപ്പെട്ടവരെ പോലും വിടാതെ പിന്തുടരുന്നുണ്ട് പെഗസസ്. തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സൗദി വിമതന്‍ ഖശോഗ്ജിയുടെ മരണത്തിലേക്ക് നയിച്ചത് പെഗസസ് വഴിയുള്ള കൃത്യമായ ട്രാക്കിംഗ് ആയിരുന്നുവെന്ന് പറഞ്ഞത് ഖശോഗ്ജിയുടെ അടുത്ത കൂട്ടുകാരനും കാനഡയില്‍ താമസക്കാരനുമായ സൗദി ആക്റ്റിവിസ്റ്റ് ഉമര്‍ അബ്ദുല്‍ അസീസായിരുന്നു.

NSO മാത്രമൊന്നുമല്ല ഈ ഏര്‍പ്പാടിനായുള്ള ഇസ്രഈല്‍ കമ്പനി. ‘പ്രിവസി ഇന്റര്‍നാഷനല്‍’ പറയുന്നത് 27 ഇസ്രഈല്‍ കമ്പനികളെങ്കിലും ഈ മേഖലയിലുണ്ടെന്നാണ്. പെര്‍ കാപിറ്റാ തോതില്‍ മറ്റാരെക്കാളും മുമ്പില്‍. ‘Black cube’ ആണ് NSO പോലെ തന്നെ യൂണിറ്റ് 8200 അടയിരുത്തി വിരിയിച്ച മറ്റൊരു കമ്പനി. ‘മീ റ്റൂ’ പരമ്പരകള്‍ക്ക് തുടക്കമിട്ട ഹാര്‍വെ വിന്‍സ്റ്റയിന്‍ വിവാദത്തില്‍ ബ്ലാക് ക്യൂബിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. ബ്ലാക് ക്യൂബ് വിന്‍സ്റ്റയിന് സാങ്കേതിക സഹായം നല്‍കിയ കാര്യം വലിയ വിവാദമായിരുന്നു.

കാംബ്രിഡ്ജ് അനാലിറ്റികാ വിവാദത്തിലും ബ്ലാക് ക്യൂബ് ഉള്‍പ്പെട്ടു. വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി നേരിട്ടായിരുന്നു കാംബ്രിഡ്ജ് അനാലിറ്റികയും ബ്ലാക് ക്യൂബും തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞത്. നെതന്യാഹുവിന്റെ അടുത്ത കൂട്ടുകാരനും ഹംഗറിയിലെ മോദിയുമായ ഓര്‍ബാന്‍ വിക്റ്റര്‍ തന്റെ രാഷ്ട്രീയ എതിരാളികളായി കണ്ട എന്‍.ജി.ഓകളെ മേല്‍ ചാരവൃത്തി നടത്താന്‍ ഏല്‍പ്പിച്ചതും ബ്ലാക് ക്യൂബിനെ ആയിരുന്നു. ജനാധിപത്യത്തെ വലിയ അപകടമായി കണ്ടവരായിരുന്നു ഇവരുടെ കസ്റ്റമേഴ്‌സ് എല്ലാമെന്നത് യാദൃശ്ചികമല്ല.

ഇപ്പോള്‍ ഇന്ത്യയിലും പെഗസിസിന്റെയും NSO യുടേയും പേരുകള്‍ ചര്‍ച്ചയാവുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളുടെ ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ഇവരുടെ സഹായം തേടിയതായാണ് വാര്‍ത്തകള്‍. ഇതിലല്‍ഭുതമില്ല. സൗദിയും യു.എ.ഇയും ഭരിക്കുന്നവരും ഇന്ന് ഇന്ത്യ ഭരിക്കുന്നവരുമായി ആശയപരമായി ഒരു വ്യത്യാസവുമില്ല. ജനാധിപത്യത്തോടും വ്യക്തി സ്വാതന്ത്ര്യത്തോടും പരമ പുച്ഛം പുലര്‍ത്തുന്ന ഇവര്‍ക്ക് പെഗസസ് ഒരേ പോലെ സ്വീകാര്യമാവുന്നത് സ്വാഭാവികം.

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അവശിഷ്ടം ഇപ്പോഴുമുള്ളതിനാല്‍ ഇത് വാര്‍ത്തയായി. മറ്റുള്ള രാജ്യങ്ങളില്‍ അതുമില്ല. മോദിയുടെ രണ്ടാം സൗദി സന്ദര്‍ശനം ഇന്ന് കഴിഞ്ഞതേ ഉള്ളൂ. അധികാരത്തിലേറിയ ശേഷം മൂന്ന് തവണ യു.എ.ഇയും സന്ദര്‍ശിച്ചു. തിരിച്ച് ഈ രണ്ട് രാജ്യങ്ങളിലേയും നേതാക്കള്‍ പല തവണ ഇന്ത്യയും സന്ദര്‍ശിച്ചു.

ഈ മൂന്ന് രാജ്യങ്ങളിലേയും നിലവിലുള്ള ഭരണാധികാരികളുമായി ഏറ്റവുമടുത്ത ബന്ധമാണ് ഇസ്രഈലിനുള്ളത്, പ്രത്യേകിച്ചും നെതന്യാഹുവിന്. പതിവ് നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തിലെ ചെറിയ കണ്ണി മാത്രമാണ് പെഗസസ്.

കാശ്മീരില്‍ ഇസ്രഈല്‍ മാതൃകക്ക് തുടക്കമിട്ടിട്ടുണ്ട്. ഇസ്രഈല്‍ ബന്ധത്തിന്റെ കൂടുതല്‍ തലങ്ങള്‍ വരും നാളുകളില്‍ കാണാം. ഇസ്രഈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടും. അതിനനുസരിച്ച് സൗദിയും യു.എ.ഇ യുമായൊക്കെയുള്ള ഇന്ത്യയുടെ വ്യത്യാസങ്ങളും കുറയും. ജനാധിപത്യം ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ക്ക് ഇസ്രഈലിനോളം നല്ലൊരു പങ്കാളി വേറെയില്ല.

DoolNews Video