തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂയെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ റെയിൽ ഗതാഗതം മെച്ചപ്പെട്ടെന്നും തിരുവനന്തപുരത്തു വരാൻ സാധിച്ചത് സൗഭാഗ്യമാണെന്നും മോദി പറഞ്ഞു.
തമ്പാനൂരില്‍ നാലു ട്രെയിനുകള്‍ മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇതില്‍ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളാണ്. തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തെ സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറ്റുമെന്നും കേരളത്തെ അഴിമതിയിൽ നിന്നും മുക്തമാക്കുന്ന വിജയത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളിൽ തിരുവനന്തപുരം പിന്നിലാണെന്നും മാറാത്തത് ഇനി മാറുമെന്നും തിരുവനന്തപുരം രാജ്യത്തിന് മാതൃകയാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.
സി.പി.ഐ.എമ്മിന്റെയും കോൺഗ്രസിന്റെയും പതാകകൾ വ്യത്യസ്തമായിരിക്കുമെന്നും എന്നാൽ ഇവരുടെ രാഷ്ട്രീയം, അജണ്ട എന്നിവ ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അത് വർഗീയതയും അഴിമതിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ കേരളത്തെ ദുർഭരണത്തിൽ മുക്കി. കേരളത്തിൽ മൂന്നാമതൊരു പക്ഷം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: What remains unchanged will change; Centre stands with Kerala for a developed India: Modi