ഇന്റെര്‍വെല്ലിനോട് അടുക്കുമ്പോള്‍ വമ്പന്‍ ഇടി..നായകന്‍ ഒന്ന് കൊടുക്കുന്നു, വില്ലന്‍ രണ്ട് കൊടുക്കുന്നു, അവസാനം നായകന്‍ കൊക്കയില്‍ വീഴുന്നു. അതല്ലെങ്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലുവഴുതി നായകന്‍ കൊക്കയിലേക്ക് വീഴുന്നു. എങ്ങനെ വീണാലും താഴെ അടിവാരത്ത് രക്ഷിക്കാനായി മൂപ്പനുണ്ടാകും. ആ മൂപ്പനൊരു മകളുണ്ടാകും. മകള്‍ വെളുത്തിട്ടായിരിക്കും, അതിലുപരി നല്ല അച്ചടി മലയാളം സംസാരിക്കും. അല്ലെങ്കില്‍ തമിഴ് കലര്‍ന്ന മലയാളം.
കാലാകാലങ്ങളായി ഒട്ടുമിക്ക മലയാള സിനിമയിലും ആദിവാസികളെ കാണിക്കുന്നത് ഇത്തരത്തിലായിരിക്കും. തൊലിപ്പുറത്ത് കറുത്ത ചായം തേച്ചും മുറുക്കി തുപ്പിയും ആദിവാസികളുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഷ സംസാരിച്ചും അപഹാസ്യരായാണ് അവരെ സ്‌ക്രീനില്‍ അവതരിപ്പിച്ചിരുന്നത്. അതില്‍ എടുത്ത് പറയേണ്ടതാണ് രാമസിംഹന്‍ അബൂബക്കര്‍ എന്ന് പുനര്‍നാമകരണം ചെയ്ത അലി അക്ബര്‍ സംവിധാനം ചെയ്ത ബാംബു ബോയ്‌സ്. ചിത്രം ആദിവാസി സമൂഹത്തെ തെറ്റായി ചിത്രീകരിച്ചു എന്ന പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ സലിം കുമാര്‍ പോലും ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബാംബു ബോയ്‌സ് ആദിവാസികളെ അപമാനിക്കുന്ന സിനിമയായിരുന്നുവെന്നും അതിന്റെ സെറ്റില്‍ നിന്നും താന്‍ ഇറങ്ങി പോന്നിട്ടുണ്ടെന്നും ഇന്നായിരുന്നെങ്കില്‍ അങ്ങനെയൊരു സിനിമ താന്‍ ചെയ്യില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ചിത്രം എന്ന സിനിമയില്‍ മണിയന്‍പിള്ള രാജു അവതരിപ്പിച്ച വേഷവും നാട്ടുവിശേഷം എന്ന സിനിമയുമെല്ലാം ഇത്തരത്തില്‍ ഒരു സമൂഹത്തെ തന്നെ തെറ്റായി പ്രതിനിതീകരിച്ച ചിത്രങ്ങളായിരുന്നു.
സഞ്ജീവ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ അപരിചിതന്‍, മലയാള സിനിമയിലെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു. എന്നിരുന്നാലും ചിത്രത്തിലെ കണ്ണാടി കണ്ട് കരയുന്ന സലിം കുമാറിന്റെ ആദിവാസി റോളും കല്യാണി എന്ന മൂപ്പന്റെ മകളായെത്തിയ ബോളിവുഡ് നടി മാഹി വിജിയും അവരുടെ ഭാഷയായി കാണിക്കുന്ന തമിഴ് കലര്‍ന്ന മലയാളവുമെല്ലാം ആദിവാസികളെ തെറ്റായി കാണിക്കുന്നതായിരുന്നു.
ലയണ്‍ എന്ന സിനിമയിലെ സലിം കുമാറിന്റെ വേഷമുണ്ടെങ്കിലും ഭാഷയെ കുറിച്ചായതുകൊണ്ട് അതിവിടെ പ്രതിപാദിക്കുന്നില്ല.
മറ്റ് ഘടകങ്ങള്‍ ഉണ്ടെങ്കിലും ഭാഷതന്നെയാണ് ഈ സിനിമകളിലെയെല്ലാം പൊതുവായ വില്ലന്‍. ആദിവാസികളില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് വ്യത്യസ്തമായ ഭാഷകളുമാണ്. പണിയ ഭാഷയില്‍ ഇന്നും വ്യത്യസ്തമാണ് ഇരുള ഭാഷ. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കുറിച്യ ഭാഷ. അതുപോലതന്നെ കാട്ടുനായ്ക്കര്‍, ചോളനായ്ക്കര്‍, കൊറഗ, മലയരയന്‍, ഊരാളി, വേട്ടക്കുറുമന്‍ തുടങ്ങിയ വ്യത്യസ്ത ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്നതെല്ലാം തന്നെ വ്യത്യസ്ത ഭാഷയാണ്. എന്നാല്‍ സിനിമയിലേക്ക് വന്നാല്‍ ആധുനിക മലയാളത്തില്‍ കുറച്ച് വെള്ളം ചേര്‍ത്ത് അവതരിപ്പിക്കുന്നതാണ് പതിവ്.
എന്നാല്‍ എല്ലാ മലയാള സിനിമകളും ഇങ്ങനെയാണെന്ന് അര്‍ത്ഥമില്ല. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ധബാരി ക്യുരുവി എന്ന ചിത്രത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണ് അഭിനേതാക്കള്‍. പൂര്‍ണമായും ഇരുള ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന ധബാരി ക്യുരുവി, ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമയാണ്.
പണിയ ഭാഷയില്‍ നിര്‍മിച്ച ചിത്രമാണ് കെഞ്ചിറ. പ്രധാന കഥാപാത്രങ്ങളൊഴികെ കെഞ്ചിറയില്‍ അഭിനയിച്ച മറ്റുള്ളവരെല്ലാം ആദിവാസി സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ ആദിവാസി യുവാവിന്റെ ജീവിതവും ഗോത്ര സമൂഹത്തിലെ ലിംഗഭേദ വിഷയങ്ങളും ദാരിദ്ര്യവും അതിസൂക്ഷ്മമായി അവതരിപ്പിച്ച ഉടലാഴവും പണിയ സമുദായത്തിന്റെ ജീവിതം ആധികാരികമായി ചിത്രീകരിച്ചിരുന്നു.
ഫോട്ടോഗ്രാഫറും പഴശ്ശിരാജയും നേരിയ രീതിയിലെങ്കിലും ഇവരോട് നീതികാട്ടി. ധബാരി ക്യുരുവി, കെഞ്ചിറ, ഉടലാഴം തുടങ്ങിയ സിനിമകള്‍ ഉണ്ടെങ്കിലും മെയിന്‍സ്ട്രീം സിനിമകളിലേക്ക് വരുമ്പോള്‍ ആദിവാസി കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല.
എന്നാല്‍ മുത്തങ്ങ ഭൂസമരത്തെ അടിസ്ഥാനമാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ നരിവേട്ട മറ്റ് മെയിന്‍സ്ട്രീം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ടൊവിനോ നായകനായെത്തിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളൊഴികെ ആദിവാസി സമൂഹത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. എടുത്തുപറയേണ്ടതായി തോന്നിയത് അവര്‍ സംസാരിക്കുന്ന ഭാഷയാണ്.
പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിങ്ങായ രീതിയില്‍ അവരെക്കൊണ്ട് സംസാരിപ്പിക്കുകയാണല്ലോ സാധാരണ പതിവ്. എന്നാല്‍ നരിവേട്ടയില്‍ ആദിവാസി വിഭാഗത്തിന്റെ ഡയലോഗുകളെല്ലാം അവരുടെ ഭാഷയില്‍ തന്നെയാണ്. കാണികള്‍ക്ക് മനസിലാകാന്‍ വേണ്ടി മലയാളം സബ്ടൈറ്റില്‍സുമുണ്ട്. ഹിന്ദിയും തമിഴും ഇംഗ്ലീഷുമെല്ലാം മലയാള സിനിമയില്‍ എത്തുമ്പോള്‍ ഇത്തരത്തില്‍ സബ്‌ടൈറ്റില്‍ ഇട്ട് കാണുന്നുണ്ടെങ്കിലും ആദിവാസി ഭാഷയില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ അനുരാജ് കയ്യടി അര്‍ഹിക്കുന്നുണ്ട്. കാലാകാലങ്ങളായി സിനിമയില്‍ നിലനിന്ന അസമത്വമോ അനീതിയോ എന്ന് വിളിക്കാവുന്ന ഈ വിവേചനത്തിന് അന്ത്യം കുറിക്കുക കൂടിയാണ് നരിവേട്ട ചെയ്യുന്നത്.
Content Highlight: What language is spoken by the Tribals in Malayalam cinema?