തിരുവനന്തപുരം: വിവാദമായ തന്റെ മംഗലാപുരം സന്ദര്‍ശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. വിഷയത്തില്‍ മറുപടി പറയുന്നില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രതികരണം. തനിക്ക് അദാനിയുമായി എന്ത് ബന്ധമാണെന്നും ഇതൊക്കെ വെറുതെ പറയുകയാണെന്നും പറഞ്ഞ് അദ്ദേഹം പരിഹസിച്ചു. അതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘ഗോവിന്ദന്‍ മാഷ് പറയട്ടെ, പുള്ളിക്ക് എന്തെങ്കിലും പറയണ്ടേയെന്നും വി.ഡി സതീശന്‍ പറഞ്ഞു. അദാനിയുടെ ഏജന്റിനെ സന്ദര്‍ശിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് താന്‍ ആരെ സന്ദര്‍ശിച്ചു എന്നാണ് പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടി. എന്നാല്‍ വീഡിയോ അടക്കം പുറത്ത് വന്നിട്ടുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ സന്ദര്‍ശിച്ചു എന്ന് പറയുകയായിരുന്നു.
‘ഞാന്‍ ആളെ സന്ദര്‍ശിച്ചു. അദാനിയുടെ ഏജന്റാണോ ആള്? ഞാന്‍ കണ്ട ആളുകളുടെ മുഴുവന്‍ ഫോട്ടോ കാണിച്ചു തരട്ടേ. കേരളത്തില്‍ മുഴുവന്‍ ബന്ധങ്ങളുളള മക്കളെയൊക്കെ കേരളത്തില്‍ കല്യാണം കഴിപ്പിച്ചിട്ടുള്ള ആളാണ്. ആര്യാടന്‍ സാറിന്റെ അകന്ന ബന്ധുവാണ്, കോഴിക്കോടും കാസര്‍ഗോഡുമൊക്കെ കുടുംബ ബന്ധങ്ങളുള്ള ആളാണ്,’ വി.ഡി സതീശന്‍ പറഞ്ഞു.
കൂടെ പോയി കണ്ടു സംസാരിച്ചുവെന്നും എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടപ്പോള്‍ തന്റെയടുത്ത് വന്ന് സംസാരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിയുടെ ആളാണെങ്കില്‍ ഞാന്‍ എന്തിനാണ് ഈ ഇലക്ഷന്‍ കാലത്ത് അദാനിയെ കാണാന്‍ പോയത്. അദാനിയുമായി മന്ത്രിസഭയുണ്ടാക്കാനോ? അദ്ദേഹം പറഞ്ഞു.
ചാര്‍ട്ടേഡ് ഫ്‌ളെറ്റില്‍ പോയ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും നിങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ മുഖ്യമന്ത്രി വി.ഡി സതീശന്റെ മംഗാലാപുരം യാത്ര വിവാദമായിരുന്നു. മെയ് ഒന്നിന് നടത്തിയ അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇവിടെ വെച്ച് എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസിന്റെ നേതാക്കളുമായി വി .ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ബി.ജെ.പി പിന്തുണയില്‍ എം.എല്‍.സിയായ ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെ.ഡി.എസില്‍ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശന്‍ കണ്ടത്. രാവിലെ 8.40ന് മംഗലാപുരത്തെത്തിയ വി.ഡി സതീശന്‍ തിരിച്ച് വൈകിട്ട് അതേ ഫ്‌ളൈറ്റില്‍ തന്നെ കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു. ഇതും വിവാദത്തിനിടയാക്കിയിരുന്നു.
Content Highlight: What is my connection with Adani? I met Aryadan sir’s distant relative: CM on Mangalore trip controversy
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.