തെറ്റ് തിരുത്താനുള്ള ശ്രമമല്ല സി.പി.ഐ.എമ്മില്‍ നടക്കുന്നത്; വിവാദമുണ്ടാക്കുന്നത് പാര്‍ട്ടി നേതൃത്വം തന്നെ: വി.കുഞ്ഞികൃഷ്ണന്‍
Kerala
തെറ്റ് തിരുത്താനുള്ള ശ്രമമല്ല സി.പി.ഐ.എമ്മില്‍ നടക്കുന്നത്; വിവാദമുണ്ടാക്കുന്നത് പാര്‍ട്ടി നേതൃത്വം തന്നെ: വി.കുഞ്ഞികൃഷ്ണന്‍
നിഷാന. വി.വി
Monday, 6th July 2026, 1:47 pm

കണ്ണൂര്‍: തെറ്റ് തിരുത്താനുള്ള ശ്രമമല്ല സി.പി.ഐ.എമ്മില്‍ നടക്കുന്നതെന്ന് പയ്യന്നൂര്‍ എം. എല്‍.എ വി. കുഞ്ഞികൃഷ്ണന്‍. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പുറത്ത് വന്ന നേതാക്കളുടെ പ്രതികരണങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള പരിശ്രമമാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും അത് തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നേതൃത്വം തന്നെയാണ് നിരന്തരമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അവര്‍
തന്നെ പരസ്പര പ്രസ്താവനകള്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഞാന്‍ തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ച് വരാം എന്നാണ് എം. വി ജയരാജന്‍ നടത്തിയ പ്രസ്താവന. എന്നാല്‍ തെറ്റ് തിരുത്തണമെങ്കില്‍ ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് ആദ്യം ബോധ്യപ്പെടുത്തണ്ടെ? എന്നാലല്ലേ തിരുത്താന്‍ സാധിക്കൂ,’ അദ്ദേഹം പറഞ്ഞു.

തെറ്റെന്താണെന്ന് ബോധ്യപ്പെടുത്താനുള്ള നിലപാട് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും പുതിയ കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സ്വതന്ത്രനാായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് യു.ഡി.എഫ് തന്നെ പിന്തുണച്ചതെന്നും അത് മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

‘ യു.ഡി.എഫിന്റെ പിന്തുണയെന്ന് എല്ലാ കാലത്തും പറഞ്ഞിട്ട് കാര്യമില്ല. എന്നെ ആ നിലയില്‍ എത്തിച്ചത് പാര്‍ട്ടി തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

ധനരാജ് രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് ടി .ഐ മധുസൂദനനെ മാറ്റിനിര്‍ത്തണം. സാധാരണ രീതിയില്‍ രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റേണ്ടതായിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

ധനരാജ് രക്തസാക്ഷി ദിനാചരണ സംഘാടകസമിതിയുടെ ഭാരവാഹിയാണ് ടി.ഐ മധുസൂദനനെന്നും പയ്യന്നൂരിലെ നേതൃത്വം ഇപ്പോഴും ടി.ഐ മധുസൂധനനാണെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി അനുസ്മരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പാര്‍ട്ടി നേതൃത്വം അക്കാര്യം കാര്യമായി ചിന്തിക്കേണ്ടതാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

‘എം.വി ജയരാജനും എ .വി ഗോവിന്ദനും പരസ്പരം തിരുത്തുകയാണ്. താന്‍ ഇപ്പോഴും സ്വതന്ത്രനാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചു എന്ന് മാത്രമേയുള്ളൂ. ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി നടപടി എടുക്കാത്തതാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. പാര്‍ട്ടി സമീപനം വേറെയായിരുന്നുവെങ്കില്‍, സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാവുമായിരുന്നില്ല. ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കാനാണ് സി.പി.ഐ.എം ശ്രമിച്ചത്. വ്യക്തികളെ ചൂണ്ടി ചര്‍ച്ചയും തിരുത്തലുകളും നടക്കുന്നില്ല. ചെയ്തവര്‍ തന്നെ കീഴെ വിശദീകരിക്കുന്നതാണ് രീതി,’ അദ്ദേഹം പറഞ്ഞു.

തെററ് ചെയ്തവര്‍ തന്നെയാണ് വിശദീകരിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറി മുതല്‍ ഓരോ വ്യക്തിയേയും പരിശോധിച്ച് തെറ്റു തിരുത്തിയാല്‍ മാത്രമേ പാര്‍ട്ടിക്ക് തിരുത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

തെറ്റു തിരുത്തി തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന സി.പി.ഐ.എം നേതാവ് എം.വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ വഞ്ചിച്ച് പോയവര്‍ വര്‍ഗ വഞ്ചകരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: What is happening within the CPIM is not an attempt to rectify errors; it is the party leadership itself that is stoking controversy: V. Kunhikrishnan.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.