ഓസ്‌ട്രേലിയക്ക് താങ്ങാനാകുമോ ഗൂഗിളിന്റെ പ്രതികാരം
Media
ഓസ്‌ട്രേലിയക്ക് താങ്ങാനാകുമോ ഗൂഗിളിന്റെ പ്രതികാരം
ശ്രിന്‍ഷ രാമകൃഷ്ണന്‍
Sunday, 31st January 2021, 11:41 pm

ഓസ്‌ട്രേലിയ ലോകത്തില്‍ ആദ്യമായി മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മ്മാണം നടപ്പിലാക്കിയിരിക്കുകയാണ്. മാധ്യമ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെയും ഫേസ്ബുക്ക് ഫീഡിലൂടെയും ഉപയോഗപ്പെടുത്തുമ്പേള്‍ അതത് മാധ്യമങ്ങളുമായുള്ള ധാരണകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഗൂഗിളും ഫേസ്ബുക്കും പ്രതിഫലം നല്‍കണമെന്നതാണ് ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച, ഇപ്പോള്‍ ഏറെ വിവാങ്ങള്‍ക്ക് പാത്രമായ പുതിയ നിയമം.

നമ്മള്‍ നിര്‍മ്മിക്കുന്ന ഒരു വസ്തു മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ അതിനുള്ള പണം ഈടാക്കാനുള്ളതും അത് എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശവും മാത്രമാണ് ഈ നിയമത്തിലൂടെ മാധ്യമസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.

അത് ഓസ്‌ട്രേലിയയിലെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് മറ്റൊരുവശം. പക്ഷേ ഗൂഗിളിലൂടെയും ഫേസ്ബുക്കിലൂടെയും ട്രാഫിക് ലഭിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ ഇതിനെതിരെ രംഗത്തെത്താന്‍ സാധ്യതയില്ല.

എന്നിരുന്നാലും സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന് പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കാന്‍ സാധിച്ചെങ്കിലും വലിയ തടസ്സങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിനെയും ഫേസ്ബുക്കിനെയും തൊട്ടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കളിച്ചിരിക്കുന്നത്.

പുതിയ നിയമവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് സെര്‍ച്ച് ഓപ്ഷന്‍ പൂര്‍ണമായി എടുത്തുകളയുമെന്നാണ് ഗൂഗിളിന്റെ ഭീഷണി. ഫീഡിലൂടെ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കുമെന്നാണ് സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കിന്റെ വിരട്ടല്‍. തങ്ങള്‍ കോഡിനെതിരല്ല, പക്ഷേ കുറച്ചുകൂടി ന്യായമായ ഒരു കോഡ് വേണമെന്നാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന കോഡ് ഒരു വശം മാത്രം പറയുന്നതാണെന്നും ഗൂഗിള്‍ പറയുന്നു.

സ്‌കോട്ട് മോറിസണാകട്ടെ ഞങ്ങള്‍ നിയമം അവതരിപ്പിച്ചത് അത് നടപ്പിലാക്കാനാണ്. ഞങ്ങളോട് സഹകരിക്കാന്‍ മനസുള്ളവര്‍ മാത്രം ഇവിടെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിലപാടുമായി മുന്നോട്ട് പോകുന്നു.

നേരത്തെ വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യു.കെയിലെ മാധ്യമങ്ങളുടെ കണ്ടന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഫേസ്ബുക്ക് ലൈസന്‍സിങ്ങ് ഫീ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ നിയമത്തില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ചയായി വേണമെങ്കില്‍ പ്രസ്തുത നിയമത്തെ കാണാവുന്നതാണ്.

ഓസ്‌ട്രേലിയയില്‍ നിയമം നടപ്പിലാക്കാതിരിക്കാന്‍ ഗൂഗിളും ഫേസ്ബുക്കും ഇപ്പോള്‍ നിയമ പോരാട്ടത്തിലാണ്. സെര്‍ച്ച് എന്‍ഞ്ചിന്‍ ഓപ്ഷന്‍ നിര്‍ത്തലാക്കുമെന്ന ഗൂഗിളിന്റെ ഭീഷണി സര്‍ക്കാരിനെ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പര്യാപ്തവുമാണ്.

ഓസ്‌ട്രേലിയ എത്തിനില്‍ക്കുന്ന പുതിയ സംഘട്ടനം ഭാവിയില്‍ പരസ്യങ്ങളെ അടിസ്ഥാനമാക്കി നിലനിന്നുപോരുന്ന ഇന്ത്യന്‍ മാധ്യമങ്ങളും നേരിട്ടേക്കാവുന്ന സമ്മര്‍ദ്ദമായി തന്നെ തീര്‍ന്നേക്കാം. പ്രത്യേകിച്ച് തികച്ചും ഏകാധിപത്യപരമായ തീരുമാനങ്ങള്‍ മാത്രം നടപ്പിലാക്കി മുന്നോട്ട് പോകുന്ന രണ്ട് വമ്പന്‍ കമ്പനികളാണ് എതിര്‍ ടീമില്‍ നില്‍ക്കുന്നത് എന്നത് കൊണ്ടു തന്നെ.

എന്തുകൊണ്ട് ഈ പോരാട്ടം ഇത്ര കടുത്തത് ആകുന്നു എന്നതിന്റെ ഉത്തരം ചെന്ന് നില്‍ക്കുന്നത് ദശകോടികളുടെ കഥ പറയാനുള്ള പരസ്യ ഇന്‍ഡ്‌സ്ട്രിയിലേക്കാണ്. അവിടെ തന്നെയാണ് ഈ നിയമം അത്യാവശ്യമാണ് എന്ന് പറയാനുള്ളതിന്റെ പ്രധാന കാരണവും ഒളിഞ്ഞിരിക്കുന്നത്.

പരസ്യം തന്നെയായിരുന്നു ഇവിടെ നിലനിന്നിരുന്ന പരമ്പരാഗത മാധ്യമങ്ങളുടെയെല്ലാം പ്രധാന വരുമാന സ്രോതസ്സ്. സ്‌പേസും, ടൈമുംവെച്ച് കോടികള്‍ മുടക്കി നിര്‍മ്മാതാക്കള്‍ മാധ്യമങ്ങള്‍ക്ക് പൈസ നല്‍കി.

പക്ഷേ പുതിയ കാലത്ത് ഈ പരസ്യ സാധ്യതകളും മാറി മറഞ്ഞിരിക്കുകയാണ്. ഒരു വൈഡ് സ്‌പേസിലൂടെ ഓഡിയന്‍സിനെ ടാര്‍ഗറ്റ് ചെയ്യേണ്ട സ്ഥിതി ഇപ്പോള്‍ പരസ്യം നല്‍കുന്നവര്‍ക്ക് ഇല്ല. പരസ്യം ചെയ്യുന്നവര്‍ക്ക് ആവശ്യമായ ആളുകളിലേക്ക് മാത്രം ഗൂഗിളിനും ഫേസ്ബുക്കിനും അവര്‍ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങളടങ്ങിയ വലിയ ശൃംഖല വഴി പരസ്യമെത്തിക്കാന്‍ ഇപ്പോള്‍ സാധിക്കും. അതവര്‍ക്ക് കൂടുതല്‍ പരസ്യങ്ങള്‍ ലഭിക്കാനും ഇടയാക്കി.

പുതിയ കണക്ക് പ്രകാരം ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിങ്ങിന് 100 ഡോളര്‍ ചിലവാക്കുന്നുണ്ടെങ്കില്‍ അതില്‍ 53 ഡോളറും പോകുന്നത് ഗൂഗിളിനാണ്. 28 ഡോളര്‍ ഫേസ്ബുക്കിന്, ബാക്കി 19 മാധ്യമങ്ങള്‍ ഉള്‍പ്പെട്ട മറ്റുപാര്‍ട്ടികള്‍ക്കും ലഭിക്കുന്നു.

ഇത് വ്യക്തമാക്കുന്നത് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞു എന്നാണ്. തുടര്‍ന്ന് പല മാധ്യമങ്ങളും പിടിച്ചു നില്‍ക്കാന്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലേക്കും പോയി.

പക്ഷേ പരസ്യത്തിലൂടെ ലഭിക്കുന്ന കോടികളെ റീപ്ലേസ് ചെയ്യാന്‍ മാത്രം പര്യാപത്മായിരുന്നില്ല മാധ്യമങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷനുകളിലൂടെ ലഭിക്കുന്ന വരുമാനം. അടുത്തകാലത്തായി അത്രയധികം മാധ്യമ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്, അതിനോളംതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

അതേസമയം ഗൂഗിളിന് 4.3 ബില്ല്യണ്‍ ഡോളറാണ് പരസ്യവരുമാനമായി 2019ല്‍ മാത്രം ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിച്ചത്. ഫേസ്ബുക്കിന് 0.7 ബില്ല്യണാണ് ലഭിച്ചത്. ഇത് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരമുള്ള വിവരമാണ്. ഇതേ അവസ്ഥതന്നെയാണ് ലോകത്ത് ഭൂരിഭാഗം ഇടങ്ങളിലുമുള്ളത്.

തങ്ങള്‍ വലിയ അധ്വാനത്തിലൂടെ ഒരു വലിയ വാര്‍ത്താ സംഘത്തിന്റെ ശ്രമഫലമായി നിര്‍മ്മിച്ചെടുക്കുന്ന വാര്‍ത്തകളിലൂടെയും, അപഗ്രഥനങ്ങളിലൂടെയുമാണ് ഗൂഗിളും ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നതെന്നും ഇതൊന്നുമില്ലെങ്കില്‍ പലരും ഗൂഗിളിലേക്ക് തിരിഞ്ഞു പോലും നോക്കില്ലെന്നും മാധ്യമ സ്ഥാപനങ്ങള്‍ പറയുന്നു.

അതുകൊണ്ട് തന്നെ ഗൂഗിളും ഫേസ്ബുക്കും ഉപയോഗിക്കുന്ന കണ്ടന്റുകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കണമെന്നാണ് മാധ്യമ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് ഓസ്‌ട്രേലിയയില്‍ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കാന്‍ സഹായകരമാകുമെന്നും കമ്പനികള്‍ പറയുന്നു. റൂപര്‍ട്ട് മര്‍ഡോകിന്റെ ന്യൂസ് കോര്‍പ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുമേല്‍ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഓസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ ആന്‍ഡ് കോംപറ്റീഷന്‍ കമ്മീഷനെവെച്ച് 18 മാസം വിഷയം പഠിച്ച ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് കമ്മീഷനോട് വിഷയത്തില്‍ ഇടപെടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതും. തുടര്‍ന്ന് എ.സി.സി.സി ഒരു ഡ്രാഫ്റ്റ് കോഡ് തയ്യാറാക്കുകയും മാധ്യമ സ്ഥാപനങ്ങളോട് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എ.സി.സി.സി കോഡിനെ മാധ്യമങ്ങള്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. ശക്തമായ എതിര്‍പ്പുമായി ഗൂഗിളും ഫേസ്ബുക്കും രംഗത്തെത്തി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുടക്കമിട്ട രീതി ഒരു ആഗോള മാതൃകയായി മാറുമോ എന്നതായിരുന്നു അവരുടെ ഭയപ്പാട്.

തങ്ങള്‍ക്ക് സാധ്യമാകുന്ന വിധത്തിലെല്ലാം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിയമത്തിനെതിരെ ഗൂഗിള്‍ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ഉപയോക്താക്കളെവരെ ഗൂഗിള്‍ ഇതിനായി ഉപയോഗിച്ചു. യൂട്യൂബിലൂടെ പ്രത്യേക കാമ്പയിന്‍ തന്നെ ഓസ്‌ട്രേലിയ കേന്ദ്രീകൃതമായി നടത്തി. പക്ഷേ ബില്ല് 2020ല്‍ തന്നെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ എത്തി.

സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൂഗിളിന്റെ ഒടുവിലത്തെ ഭീഷണിയും എത്തിയിരിക്കുന്നത്. കൂടുതല്‍ വിരട്ടിയാല്‍ തങ്ങള്‍ ഓസ്‌ട്രേലിയയില്‍ സേവനം നിര്‍ത്തുമെന്നതായിരുന്നു അത്. ഫേസ്ബുക്കും വിഷയത്തില്‍ ഗൂഗിളിനൊപ്പം തന്നെ നിന്നു ഇക്കാര്യത്തില്‍.

എങ്ങിനെയാണ് പുതിയ കോഡ് വര്‍ക്ക് ചെയ്യുന്നത്?

ഓസ്‌ട്രേലിയ പുറത്തിറക്കിയ പുതിയ കോഡ് ഫേസ്ബുക്ക്, ഗൂഗിള്‍, എന്നിവയുമായി കോഡിന് പുറത്ത് വാണിജ്യ ഇടപാടുകള്‍ നടത്താന്‍ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്.

പക്ഷേ കോഡ് മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലപേശാനും, കരാറില്‍ ഏര്‍പ്പെടാനുമുള്ള ഒരു ചട്ടക്കൂട് നല്‍കുന്നു എന്നിടത്താണ് ഈ ഭീമന്‍ കമ്പനികള്‍ക്ക് പ്രശ്‌നമുണ്ടാകുന്നതും.

ഇരുവിഭാഗങ്ങള്‍ക്കും പ്രതിഫലത്തിന്റെ വിഷയത്തില്‍ ഒരു ധാരണയിലെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു മധ്യസ്ഥന്റെ ഇടപെടലിലൂടെ പ്രതിഫലം നിശ്ചയിക്കുന്ന ഫൈനല്‍ ഓഫര്‍ ആര്‍ട്ടിബിറ്ററേഷന്‍ രീതിയും കോഡ് മുന്നോട്ട് വെക്കുന്നുണ്ട്.

ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന എതിരാളികളില്ലാത്ത കമ്പനികളുടെ ധാര്‍ഷ്ട്യം കൂടിയാണ് ഈ നിയമങ്ങള്‍ ഇത്രമേല്‍ അവര്‍ എതിര്‍ക്കുന്നതിന് പിന്നിലെ പ്രധാന കാരണം എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അല്‍ഗൊരിതം വിഷയങ്ങളിലും മാനദണ്ഡങ്ങള്‍ വെക്കുന്നുണ്ട്.

കമ്പനികള്‍ വാര്‍ത്താ മീഡിയ ബിസിനസുകളെ ബാധിക്കുന്ന വിധത്തില്‍ ബോധപൂര്‍വ്വം അര്‍ഗൊരിതം മാറ്റുന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങള്‍ക്ക് 14 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും കോഡില്‍ പറയുന്നുണ്ട്.

ചെറിയ കമ്പനികള്‍ക്ക് വിലപേശല്‍ കുറയ്ക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓഫറുകള്‍ നല്‍കാം. അതല്ലെങ്കില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂട്ടായ രീതിയില്‍ വിലപേശാന്‍ കഴിയും.

ചര്‍ച്ച നടത്താന്‍ ഗൂഗിളും ഫേസ്ബുക്കും വിസമ്മതിക്കുകയാണെങ്കില്‍ അവര്‍ 10 മില്ല്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ വാര്‍ഷിക വിറ്റുവരവിന്റെ 10% അല്ലെങ്കില്‍ ലഭിച്ച ആനുകൂല്യത്തിന്റെ മൂന്നിരട്ടി, ഏതാണോ വലുത് അത് നല്‍കേണ്ടി വരും.

ചര്‍ച്ചയ്ക്ക് വേണ്ടി കോഡില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഗൗരവകരമായ കാര്യങ്ങള്‍ ലംഘിച്ചാല്‍ മാത്രമേ ഇത്തരം നടപടികളിലേക്ക് പോകുകയുള്ളൂ. ‌ന്യൂസ്‌കോര്‍പ്പ്, ഗാഡിയന്‍ ഓസ്‌ട്രേലിയ, തുടങ്ങി ഒമ്പത് പബ്ലിഷര്‍ എന്നിവര്‍ക്കാണ് പ്രധാനമായും കോഡ് ബാധതം.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മധ്യമങ്ങള്‍ക്ക് കോഡ് ബാധകമാകില്ല എന്നാണ് പറഞ്ഞതെങ്കിലും പിന്നീട് സര്‍ക്കാര്‍ മാധ്യമങ്ങളായ എ.ബി.സി, എസ്.ബി.എസ് എന്നിവയേയും കോഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഓസ്‌ട്രേലിയിലെ ജനങ്ങള്‍ക്കും വമ്പന്‍ കമ്പനികളായ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റൈയും ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നടപടി വേണമെന്നതാണ് നിലപാട് എന്നാണ് സര്‍വ്വേകളിലൂടെ പൂറത്തു വന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ലേബര്‍ പാര്‍ട്ടിയും കോഡിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന് ഫെഡറല്‍ പാര്‍ലമെന്റ് ചേരാനിരിക്കേ അറിയിച്ചിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയ വിടുമെന്ന ഗൂഗിളിന്റെ ഭീഷണി സ്‌കോട്ട് മോറിസണിന്റെ മുന്നില്‍ വലിയ സമ്മര്‍ദ്ദം തന്നെയാണ് തീര്‍ത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ പാര്‍ലമെന്റ് വീണ്ടും ചേരാനിരിക്കേ ഓസ്‌ട്രേലിയയില്‍ തര്‍ക്കങ്ങള്‍ വീണ്ടും മുറുകും. പക്ഷേ പ്രതികാരനടപടികള്‍ പാടില്ലെന്ന നിര്‍ദേശം പുതിയ നിയമത്തില്‍ കര്‍ശനമായി വ്യവസ്ഥ ചെയ്യുമ്പോഴും ഗൂഗിള്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോകാനും ആരംഭിച്ചിരിക്കുകയാണ്.

പ്രധാനപ്പെട്ട ഒമ്പത് പബ്ലിഷര്‍മാരുടെ വാര്‍ത്തകള്‍ ഗൂഗിള്‍ പരീക്ഷാണടിസ്ഥാനത്തില്‍ ഒഴിവാക്കുന്നുവെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പ്പ് പോലുള്ള വമ്പന്‍ മാധ്യമങ്ങളുള്ള ഓസ്‌ട്രേലിയയില്‍ പുതിയ സംഘട്ടനമാണ് നിലവില്‍ രൂപപ്പെട്ടിരിക്കുന്നത്.

ഒടുക്കം സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന് വമ്പന്‍ കമ്പനികളുടെ ഭീഷണിക്ക് വഴങ്ങികൊടുക്കേണ്ടി വരുമോ, അതോ കോപ്പിറൈറ്റ് പോലുള്ള ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ഗൂഗിളിനെയും ഫേസ്ബുക്കിനെയും ഒതുക്കി മോറിസണ്‍ സര്‍ക്കരിന് പുതിയ വഴിവെട്ടാന്‍ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. പക്ഷേ അപ്പോഴും ഓസ്‌ട്രേലിയക്ക് സേവനം നിര്‍ത്തുമെന്ന ഗൂഗിളിന്റെ പ്രതികാരം താങ്ങാന്‍ ആകുമോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: What is  Australia Digital Newscode; Why it make facebook and google angry