കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വിസ്ഡം മുജാഹിദ് ഗ്രൂപ്പിന്റെ ഒരു പരിപാടി നിയമപ്രകാരമുള്ള സമയം കഴിഞ്ഞിട്ടും തുടര്‍ന്നപ്പോള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. ഈ സംഭവത്തിന് പിന്നാലെ പരിപാടി നിര്‍ത്തിച്ച പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് തിരികെ വരുന്ന പൊലീസ് ഉദ്യോഗസ്ഥന് പ്രവര്ത്തകിലൊരാളുടെ ചിരിക്കാനുള്ള ആവശ്യത്തോട് പ്രതികരിച്ച രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ പരിപാടി നടന്നത് റെസിഡൻഷ്യൽ ഏരിയയിലാണ്. പത്ത് മണിക്ക് ശേഷം 45 ഡെസിബെലിൽ കൂടുതൽ ശബ്ദത്തിൽ പരിപാടി നടത്താൻ ആർക്കും അനുമതി ഇല്ല. അത് തടയാൻ പൊലീസിന് അധികാരം ഉണ്ട് താനും. കാരണം കേരളത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള അധികാരം പൊലീസ് വകുപ്പിലെ അധികാരികളായ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അല്ലെങ്കിൽ പ്രാദേശിക അധികാരപരിധിയിലുള്ള പൊലീസ് സൂപ്രണ്ട് എന്നിവർക്കാണ്.