വിന്‍ഡീസ് താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയാണെന്നും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനാണ് താത്പര്യപ്പെടുന്നത് എന്നുള്ള വെസ്റ്റ് ഇന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സിന്റെ വാക്കുകളോട് പ്രതികരിച്ച് സൂപ്പര്‍ താരം ആന്ദ്രേ റസല്‍.

ഇത് സംഭവിക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്നും എന്നാല്‍ താന്‍ ഒന്നും മിണ്ടാന്‍ പോകുന്നില്ല എന്നുമായിരുന്നു റസലിന്റെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തില്‍ റസല്‍ തന്റെ അമര്‍ഷം വ്യക്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കാന്‍ താരങ്ങളോട് തനിക്ക് യാചിക്കാനാവില്ലെന്ന ഫില്‍ സിമ്മണ്‍സിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്‍ത്ത ‘ഇത് സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ മിണ്ടാതിരിക്കുകയാണ്’ എന്ന ക്യാപ്ഷനോടെ താരം പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ദേഷ്യം കൊണ്ട് ചുവന്നുതുടുത്ത മുഖമുള്ള ഇമോജിക്കൊപ്പമായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

കോച്ചിന്റെ പറച്ചില്‍ കരീബിയന്‍ താരത്തിന് അത്രകണ്ട് പിടിച്ചിട്ടില്ല എന്ന കാര്യമുറപ്പാണ്.