അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രെ റസല്‍. ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയിലാണ് വിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ അവസാനമായി കളത്തിലിറങ്ങുക. ജൂലൈ 21നാണ് ഓസീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരക്ക് തുടക്കമാകുന്നത്. ഇതോടെ പരമ്പരയ്ക്കുള്ള സ്‌ക്വാഡും വിന്‍ഡീസ് പുറത്തുവിട്ടിട്ടുണ്ട്.
വിന്‍ഡീസിന് വേണ്ടി 2010ല്‍ അരങ്ങേറ്റം നടത്തിയ താരം തന്റെ അഗ്രസീവ് ബാറ്റിങ്ങിലൂടെയും പേസ് ആക്രമണത്തിലൂടെയും തന്റെ കരുത്ത് കാണിച്ചിരുന്നു. 84 ടി-20യിലെ 73 ഇന്നിങ്‌സില്‍ സിന്ന് 1078 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചു. 71 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 163.1 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഫോര്‍മാറ്റില്‍ നൂന്ന് അര്‍ധ സെഞ്ച്വറികളും 63 ഫോറും 90 സിക്‌സും താരം നേടി.
കുട്ടി ക്രിക്കറ്റിലെ ബൗളിങ്ങില്‍ നിന്ന് 61 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3/19 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഏകദിനത്തില്‍ 56 മത്സരത്തിലെ 47 ഇന്നിങ്‌സില്‍ നിന്ന് 1034 റണ്‍സും 92* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി.
ഫോര്‍മാറ്റില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയും 94 ഫോറും 57 സിക്‌സും താരത്തിന് നേടാന്‍ സാധിച്ചു. 70 വിക്കറ്റുകളാണ് വിന്‍ഡീസിന് വേണ്ടി താരം ഏകദിനത്തില്‍ നിന്ന് നേടിയത്. അഞ്ച് ഫോര്‍ഫറുകളും താരം ഫോര്‍മാറ്റില്‍ നിന്ന് നേടി.
മാത്രമല്ല ലോകമൊട്ടാകെയുള്ള ടി-20 ടൂര്‍ണമെന്റില്‍ നിറ സാന്നിധ്യമായ റസല്‍ 561 മത്സരങ്ങളിലെ 484 ഇന്നിങ്‌സില്‍ നിന്ന് 9316 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും താരം അടിച്ചെടുത്തു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.