ഏകദിനത്തില്‍ ചരിത്രം രചിച്ച് കരീബിയന്‍ പട; ബംഗ്ലാദേശിനെതിരെ തന്ത്രം ഫലിച്ചു!
Sports News
ഏകദിനത്തില്‍ ചരിത്രം രചിച്ച് കരീബിയന്‍ പട; ബംഗ്ലാദേശിനെതിരെ തന്ത്രം ഫലിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st October 2025, 6:40 pm

ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഷെര്‍ ഇ ബംഗ്ലയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ കടുവകള്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടാനാണ് ബംഗ്ലാദേശിന് സാധിച്ചത്. വിന്‍ഡീസിന്റെ തന്ത്രപരമായ സ്പിന്‍ ബൗളിങ്ങിലാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

ഇതിന് പുറമെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കരീബിയന്‍ പടയ്ക്ക് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ 50 ഓവറും സ്പിന്നര്‍മാരെകൊണ്ട് എറിഞ്ഞുതീര്‍ത്ത ആദ്യ ടീമായി മാറിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്.

വിന്‍ഡീസിന്റെ അഞ്ച് സ്പിന്നര്‍ 10 ഓവര്‍ വീതം എറിഞ്ഞാണ് ഫോര്‍മാറ്റില്‍ റെക്കോഡിട്ടത്.
ആകേല്‍ ഹൊസൈന്‍ (രണ്ട് വിക്കറ്റ് നേടി), റോസ്ടണ്‍ ചെയ്‌സ്, ഖാരി പിയറി, ഗുഡകേഷ് മോട്ടി (മൂന്ന് വിക്കറ്റ്), അലിക് അത്തനാസെ (രണ്ട് വിക്കറ്റ് എന്നിവരായിരുന്നു ടീമിന് വേണ്ടി ബോളെറിഞ്ഞത്. സ്പിന്നിങ്ങിന് അനുയോജ്യമായ പിച്ചായതിനാലാണ് വിന്‍ഡീസ് ചരിത്ര തീരുമാനമെടുത്തത്.

അതേസമയം ബംഗ്ലാദേശിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സൗമ്യ സര്‍ക്കാരാണ്. 89 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 14 പന്തില്‍ 39* റണ്‍സ് നേടിയ നൂറുല്‍ ഹസന്റെ പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ 200 കടത്തിയത്. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് 58 പന്തില്‍ 32 റണ്‍സും നേടി.

നിലവില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 21 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. 58 പന്തില്‍ 35 റണ്‍സുമായി കീസി കാര്‍ട്ടും 25 പന്തില്‍ 15 റണ്‍സുമായി അക്കീം വെയ്ന്‍ ജാരല്‍ അഗസ്റ്റുമാണ് ക്രീസിലുള്ളത്.

ഓപ്പണ്‍ ബ്രണ്ടന്‍ കിങ്ങിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടപ്പെട്ടത്. പൂജ്യത്തിനാണ് താരം മടങ്ങിയത്. 13ാം ഓവറിലെ മൂന്നാം പന്തില്‍ അലിക് അത്തനാസയെയും ടീമിന് നഷ്ടമായി. 42 പന്തില്‍ 28 റണ്‍സായിരുന്നു താരം നേടിയത്.

 

Content Highlight: West Indies Created Great Record In ODI Cricket