ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഒക്ടോബര്‍ രണ്ടിന് തുടങ്ങാനിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.
നിലവില്‍ പരമ്പരയ്ക്കുള്ള സ്‌ക്വാഡ് വെസ്റ്റാ ഇന്‍ഡീസ് പുറത്തുവിട്ടിട്ടുണ്ട്. റോസ്റ്റന്‍ ചെയ്സിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇത്തവണ കരീബിയന്‍ ടീം കളത്തിലിറങ്ങുന്നത്. മാത്രമല്ല മുഖ്യ പരിശീലകന്‍ ഡാരന്‍ സമിയുടെ നേതൃത്വത്തില്‍ വമ്പന്‍ തന്ത്രങ്ങളുമായാണ് വിന്‍ഡീസ് കരുത്തര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി ഡാരന്‍ സമി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏത് സാഹചര്യത്തിലും പ്രകടനം നടത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളിങ് യൂണിറ്റ് തങ്ങള്‍ക്കുണ്ടെന്നും വ്യത്യസ്ത കഴിവുകളുള്ളവരാണ് അവരെന്നും സമി പറഞ്ഞു. മാത്രമല്ല ഇന്ത്യയില്‍ 20 വിക്കറ്റുകള്‍ നേടുക എന്നത് നിര്‍ണായകമാണെന്നും തങ്ങളുടെ ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് ഇന്ത്യയുടെ 20 വിക്കറ്റുകള്‍ നേടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏത് സാഹചര്യത്തിലും പ്രകടനം നടത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഞങ്ങള്‍ക്കുണ്ട്. ഷമര്‍ ജോസഫ് തന്റെ സ്‌കിഡ് പേസിന് പേരുകേട്ടതാണ്, ജെയ്ഡന് സീല്‍സിന് മികച്ച ബാലന്‍സുണ്ട് മാത്രമല്ല പന്ത് ഇരു ദിശകളിലേക്കും സ്വിങ് ചെയ്യിക്കാന്‍ അവന് കഴിയും. അതേസമയം അല്‍സാരി ജോസഫിന് പന്ത് നന്നായി ബൗണ്‍സ് ചെയ്യിപ്പിക്കാന്‍ കഴിയും.
കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ എത്ര നന്നായി ബൗള്‍ ചെയ്തുവെന്ന് കണക്കുകള്‍ നോക്കിയാല്‍ മനസിലാകും. ഞങ്ങള്‍ക്ക് അവരെ വിശ്വാസമുണ്ട്. ഇന്ത്യയില്‍ 20 വിക്കറ്റുകള്‍ നേടുക എന്നത് നിര്‍ണായകമാണ്. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു പോരായ്മയുണ്ട്. ഞങ്ങളുടെ ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് ഇന്ത്യയുടെ 20 വിക്കറ്റുകള്‍ നേടാന്‍ കഴിയും,’ ഡാരന്‍ സമി പത്രസമ്മേളനത്തില്‍ പറഞ്ഞു.