ട്വിസ്‌റ്റോട് ട്വിസ്റ്റ്... അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടപ്പോള്‍.... ഇതല്ലേ ക്രിക്കറ്റിന്റെ സൗന്ദര്യം
Sports News
ട്വിസ്‌റ്റോട് ട്വിസ്റ്റ്... അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടപ്പോള്‍.... ഇതല്ലേ ക്രിക്കറ്റിന്റെ സൗന്ദര്യം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 5:22 pm

അണ്‍പ്രഡിക്ടബിലിറ്റിയാണ് ക്രിക്കറ്റിനെ എന്നും മനോഹരമാക്കുന്നതെന്ന് വീണ്ടും തെളിയിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ദി ഹണ്‍ഡ്രഡില്‍ നടന്നത്. ബെര്‍മിങ്ഹാം ഫീനിക്‌സ് – വെല്‍ഷ് ഫയര്‍ വനിതാ ടീമുകളുടെ മത്സരത്തിലായിരുന്നു ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവേശത്താല്‍ കയ്യടിച്ച സംഭവം നടന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെല്‍ഷ് ഫയര്‍ ക്യാപ്റ്റന്‍ ടാമി ബ്യൂമൗണ്ടിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി.

40 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 59 റണ്‍സാണ് ബ്യൂമൗണ്ട് നേടിയത്. 19 പന്തില്‍ 25 റണ്‍സ് നേടിയ സോഫി ഡന്‍ക്ലിയും 23 പന്തില്‍ 23 റണ്‍സ് നേടി ഹെയ്‌ലി മാത്യൂസും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ബെര്‍മിങ്ഹാമിനായി ഹന്നാ ബേക്കര്‍, കേയ്റ്റി ലെവിക്, എമിലി ആര്‍ലോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ടെസ് ഫ്‌ളിന്റോഫ് ഒരു വിക്കറ്റും നേടി.

നൂറ് പന്തില്‍ 138 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെര്‍മിങ്ഹാമിന് മികച്ച തുടക്കമാണ് ലഭിച്ചത്. സോഫി ഡിവൈനും ടെസ് ഫ്‌ളിന്റോഫും ആദ്യ വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 പന്തില്‍ 29 റണ്‍സ് നേടിയ ഡിവൈനെ പുറത്താക്കി അലക്‌സ് ഗ്രിഫിറ്റ്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ വണ്‍ ഡൗണായി വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സ് എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി. അര്‍ധ സെഞ്ച്വറി തികച്ച ഫ്‌ളിന്റോഫും അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ജോണ്‍സും ബെര്‍മങ്ഹാം ആരാധകരെ ആവേശത്തിലാഴ്ത്തി.

ഒടുവില്‍ വിജയിക്കാന്‍ അവസാന അഞ്ച് പന്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഷബ്‌നിം ഇസ്മയില്‍ എറിഞ്ഞ ആദ്യ പന്ത് സിംഗിള്‍ നേടിയ എമി സ്‌ട്രൈക്ക് ഫ്‌ളിന്റോഫിന് കൈമാറി. ഇതിനോടകം അര്‍ധ സെഞ്ച്വറി തികച്ച ഫ്‌ളിന്റോഫ് രണ്ടാം പന്ത് ബൗണ്ടറി കടത്തി. ഇനിയുള്ള മൂന്ന് പന്തില്‍ വിജയിക്കാന്‍ വേണ്ടത് വെറും നാല് റണ്‍സ് എന്ന നിലയില്‍ കാര്യങ്ങള്‍ ഫീനിക്‌സിന് അനുകൂലമായി.

ക്രീസില്‍ നിലയുറപ്പിച്ച ഫ്‌ളിന്റോഫ് അത് നേടും എന്ന പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് ഷബ്‌നിം ഇന്നിങ്‌സിലെ 98ാം പന്തെറിഞ്ഞു. ക്ലീന്‍ ബൗള്‍ഡായി ഫ്‌ളിന്റോഫ് പവലിയനിലേക്ക്. 45 പന്തില്‍ 55 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്റെ സമ്പാദ്യം.

99ാം പന്തില്‍ എറിന്‍ ബേണ്‍സിന് ക്ലാരി നിക്കോള്‍സിന്റെ കൈകളിലെത്തിച്ച് മടക്കിയ ഷബ്‌നിം അവസാന പന്തില്‍ ഇസി വോങ്ങിനെയും ക്ലീന്‍ ബൗള്‍ഡാക്കി. ജയിക്കാന്‍ മൂന്ന് പന്തില്‍ നാല് റണ്‍സ് വേണമെന്നിരിക്കെ ഹാട്രിക് തികച്ച് ടീമിനെ വിജയിപ്പിക്കുക, അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍.

ഈ കാഴ്ചകളെല്ലാം കണ്ട് മറുശത്ത് നിരാശയോടെ തലകുനിച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു 34 പന്തില്‍ 48 റണ്‍സ് നേടിയ ജോണ്‍സിന് സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും വെല്‍ഷിന് സാധിച്ചിരുന്നു. നാല് മത്സരത്തില്‍ നിന്നുംമൂന്ന് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റാണ് വെല്‍ഷിനുള്ളത്.

ആഗസ്റ്റ് 12നാണ് വെല്‍ഷിന്റെ അടുത്ത മത്സരം. സതേണ്‍ ബ്രേവാണ് എതിരാളികള്‍.

 

Content Highlight: Welsh Fire defeated Birmingham Phoenix