'മുംബ്രയെ മുഴുവന്‍ പച്ച നിറം പൂശും'; വിവാദ പ്രസംഗത്തില്‍ എ.ഐ.എം.ഐ.എം കോര്‍പ്പറേറ്റര്‍ക്ക് നോട്ടീസ് അയച്ച് പൊലീസ്
India
'മുംബ്രയെ മുഴുവന്‍ പച്ച നിറം പൂശും'; വിവാദ പ്രസംഗത്തില്‍ എ.ഐ.എം.ഐ.എം കോര്‍പ്പറേറ്റര്‍ക്ക് നോട്ടീസ് അയച്ച് പൊലീസ്
നിഷാന. വി.വി
Friday, 23rd January 2026, 9:20 am

മുബൈ: താനെയിലെ പുതുതായി തെരഞ്ഞടുക്കപ്പെട്ട കോര്‍പ്പറേറ്റര്‍ സഹര്‍ ഷെയ്ഖിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് നോട്ടീസ് അയച്ച് മുംബ്ര പൊലീസ്.

‘മുംബ്ര പ്രദേശം മുഴുവന്‍ പച്ചനിറം പൂശുമെന്ന’ സഹാര്‍ ഷെയ്ഖിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കിടയായിരുന്നു.

താനെയിലെ 30ാം വാര്‍ഡില്‍ നിന്നാണ് 29കാരിയായ സഹാര്‍ തെരഞ്ഞടുക്കപ്പെട്ടത്. തന്റെ വിജയ പ്രസംഗത്തിനിടെയായിരുന്നു വിവാദമായ സഹാറിന്റെ പരാമര്‍ശം.

ജനുവരി 15ന് നടന്ന താനെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് 30ല്‍ നിന്ന് വിജയിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ സഹാര്‍ എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അവഹാദിനെ പരിഹസിക്കുകയും തന്റെ അഞ്ച് വര്‍ഷ ഭരണക്കാലത്ത് മുംബ്ര മുഴുവന്‍ പച്ച നിറം പൂശുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

‘അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മുംബ്രയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും എ.ഐ.എം.ഐ.എമ്മില്‍ നിന്നുള്ളവരായിരിക്കും, മുംബ്ര മുഴുവന്‍ പച്ച പെയിന്റ ചെയ്യണം,’ ഇതായിരുന്നു സഹാറിന്റെ പരാമര്‍ശം.

വീഡിയോ വൈറലായതോടെ ഭരണകക്ഷിയായ മഹായുതിയും എന്‍.സി.പി (ശരത്പവാര്‍) വിഭാഗവും പരാമര്‍ശ പ്രകോപനപരാമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

മുന്‍ എം.പി കിരീത് സോമയ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം പരാമര്‍ശങ്ങള്‍ പ്രകോപനപരവും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുമെന്നുമാരോപിച്ച് പൊലീസിന് രേഖാ മൂലം പരാതി നല്‍കുകയും ചെയ്തു.

പരാമര്‍ശം മുംബ്രയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം പടര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

ഇതോടെയാണ് മുംബ്ര പൊലീസിന്റെ നോട്ടിസ് അയക്കല്‍ നടപടി.

എന്നാല്‍ പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് സഹാറിന് നോട്ടീസ് അയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

പൊതു പ്രസംഗങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണെമന്ന് സഹാറിന് നിര്‍ദേശം നല്‍കിയതായും പൊലീസ് അറിയിച്ചു.

എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യാപനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ മാത്രമാണ് പങ്കുവെച്ചതെന്നും സഹാര്‍ ഷെയ്ഖ് പറഞ്ഞു.

‘ എന്റെ പാര്‍ട്ടിയുടെ പതാക പച്ചയാണ്. ഞങ്ങളുടെ പതാക കാവിയായിരുന്നെങ്കില്‍ പകരം ഞാന്‍ അത് ഉപയോഗിക്കുമായിരുന്നു. എ.ഐ.ഐ.എമ്മിന്റെ രാഷ്ട്രീയ വളര്‍ച്ചയെകുറിച്ചാണ് ഞാന്‍ പറഞ്ഞത്,’ സഹാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസറുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) അഞ്ച് സീറ്റ് നേടിയിരുന്നു.

Content Highlight: ‘We will paint the entire Mumbra green’; Police send notice to AIMIM corporator over controversial speech

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.