'ബി.ജെ.പി മുക്ത രാമനെ'യാണ് വേണ്ടത്; അതിനായി പോരാടുമെന്ന് ഉദ്ധവ് താക്കറെ
India
'ബി.ജെ.പി മുക്ത രാമനെ'യാണ് വേണ്ടത്; അതിനായി പോരാടുമെന്ന് ഉദ്ധവ് താക്കറെ
സിജൊ
Sunday, 28th June 2026, 10:36 am

മുംബൈ: അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ തട്ടിപ്പ് നടത്തിയത് മറയ്ക്കാനായി ബി.ജെ.പി ഹിന്ദുക്കളുടെ മത വികാരം ചൂഷണം ചെയ്യുകയാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. ‘ബി.ജെ.പി മുക്ത രാമനെയാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു. ശനിയാഴ്ച മഹാരാഷ്ട്രയിലെ യാത് മാലില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്.

‘ബി.ജെ.പി മുക്ത രാമന്’ വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ‘ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വത്തിനെ ഞങ്ങള്‍ തള്ളിക്കളയുകയാണ്. ഞങ്ങള്‍ക്ക് വേണ്ടത് ബി.ജെ.പി മുക്ത രാമനെയാണ്. അതിനായുള്ള പ്രതിഷേധങ്ങള്‍ക്ക് ശിവസേന നേതൃത്വം നല്‍കും,’ ഉദ്ധവ് പറഞ്ഞു.

ഹിന്ദുക്കളെ അവരുടെ വൈകാരികതകൊണ്ട് കളിച്ച് വഞ്ചിക്കുകയാണ്. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനുള്ള എന്‍ജിനീയറിങ് നടത്തുകയാണ് ബി.ജെ.പി. അതിലൂടെ പൊതുവിഷയങ്ങളില്‍ നിന്ന് ബി.ജെ.പി ശ്രദ്ധ തിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയനായ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയും ട്രസ്റ്റി അനില്‍ മിശ്രയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യാക്ഷനാണ് ചമ്പത്ത് റായി.

അയോധ്യ രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത്ത് റായിയുടെ സഹായി രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു്. ഇതിന് പിന്നാലെയായിരുന്നു് ചമ്പത്ത് റായുടെ രാജി.

ടിന്നു യാദവിന് പുറമെ, അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ എട്ടുപേരെയും പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

എന്നാല്‍ എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ളവരെ പ്രതിയാക്കാതിരുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ നടപടിയെ പ്രതിപക്ഷം ചോദ്യം ചെയ്തു. എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ള ഉന്നതരെ പൊലീസ് ഒഴിവാക്കി. ഇവരെ ഭരണ കക്ഷിയായ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഒരാഴ്ചയോളം എസ്.ഐ.ടി സംഘം അയോധ്യയില്‍ ക്യാമ്പ് ചെയ്ത അന്വേഷണം നടത്തിയിരുന്നു. 150 ഓളം പേരെ കേസില്‍ പ്രത്യേക അന്വേഷണ സംഘം സംശയിച്ചിരുന്നതായാണ് വിവരം. ഇവരെ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കേസില്‍ 25 പേര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ നിലവില്‍ എഫ്.ഐ.ആറില്‍ പ്രതികളായി കാണിച്ചവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ചമ്പത്ത് റായിയും അനില്‍ മിശ്രയും രാമക്ഷേത്ര നിര്‍മാണ ചുമതല വഹിച്ച ഗോപാല്‍ റാവു എന്നിവരടക്കമുള്ള ഉന്നതര്‍ക്കെും എതിരെ കേസില്‍ നടപടിയുണ്ടാവുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭാവനകളില്‍ നിന്ന് പണവും സ്വര്‍ണം, വെള്ളി, രത്ന ആഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. കോടിക്കണക്കിന് രൂപയുടെ പണവും ആഭരണവും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തട്ടിയെടുത്തതായാണ് വിവരം. ക്ഷേത്രത്തില്‍ ആകെ 1500ഓളം ജീവനക്കാരാനുള്ളത്. ഇതില്‍ 90 ശതമാനവും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിലും ആര്‍.എസ്.എസുകാരാണ് കൂടുതല്‍.

Content Highlight: We Want BJP-Mukt Ram: Uddhav Thackeray