'ആവശ്യത്തിന് വിദേശ നാണ്യമുണ്ട്, അത് സുരക്ഷിതവുമാണ്'; യു.എസ് ഉപരോധങ്ങളെ ഞങ്ങള്‍ ഭയക്കുന്നുമില്ല: ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍
World
'ആവശ്യത്തിന് വിദേശ നാണ്യമുണ്ട്, അത് സുരക്ഷിതവുമാണ്'; യു.എസ് ഉപരോധങ്ങളെ ഞങ്ങള്‍ ഭയക്കുന്നുമില്ല: ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍
അഞ്ജു ചന്ദ്രന്‍
Tuesday, 1st September 2026, 2:18 pm

ടെഹ്‌റാന്‍: അമേരിക്കയുടെ കടുത്ത ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദവും തുടരുന്നതിനിടയിലും രാജ്യത്തിന് ആവശ്യത്തിന് വിദേശ നാണയ ശേഖരമുണ്ടെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുള്‍ നാസര്‍ ഹെമ്മതി.

ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്ന വാദങ്ങള്‍ തള്ളുകയും സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രബാങ്ക് സജ്ജമാണെന്നും ഹെമ്മതി പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറയുന്നു… ഇറാന്റെ കൈവശം വിദേശ കറന്‍സിയുണ്ട്. ആവശ്യത്തിനുണ്ട്,’ ഹെമ്മതി പറഞ്ഞു.

ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രബാങ്ക് ഗവര്‍ണറുടെ പ്രതികരണം. വിപണിയെ നിയന്ത്രിക്കുന്നതിനായി ആവശ്യമായ ഘട്ടത്തില്‍ 2 ബില്യണ്‍ ഡോളര്‍ വരെ വിദേശനാണയം വിപണിയില്‍ എത്തിക്കാന്‍ കേന്ദ്ര ബാങ്ക് തയ്യാറാണെന്നും ഹെമ്മതി പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇറാന്‍ സാമ്പത്തിക യുദ്ധത്തില്‍ പരാജയപ്പെടുന്നതിന്റെ സമ്മര്‍ദത്തിലാണ് കടുത്ത പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഹെമ്മതിയുടെ ഈ പ്രസ്താവന പുറത്തുവന്നത്.

അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദം ശക്തമായിട്ടും ഇറാന്റെ കൈവശം വിദേശനാണയ വരുമാനങ്ങളും മറ്റ് വിഭവങ്ങളും ഉണ്ടെന്നാണ് കേന്ദ്രബാങ്കിന്റെ വിശദീകരണം.

‘അമേരിക്ക നടത്തുന്ന ഉപരോധങ്ങള്‍ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരിക്കലും നമ്മള്‍ തളരില്ല,’ ഹെമ്മതി പറഞ്ഞു.

എന്നാല്‍ ഇറാന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മര്‍ദത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. റിയാല്‍ റെക്കോര്‍ഡ് താഴ്ചയിലെത്തുകയും പണപ്പെരുപ്പം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രബാങ്ക് വിപണിയില്‍ ഇടപെടല്‍ ശക്തമാക്കുന്നത്.

Content Highlights: “We have sufficient foreign currency, and it is secure; nor do we fear U.S. sanctions”: Iran Central Bank Governor.

 

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.