| Saturday, 10th January 2026, 4:36 pm

രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഞങ്ങളാണ്, അമേരിക്കക്കാരാകാൻ താത്പര്യമില്ല; ഗ്രീൻലാൻഡിലെ രാഷ്ട്രീയ പാർട്ടികൾ

ശ്രീലക്ഷ്മി എ.വി.

ന്യൂക്ക്: തങ്ങൾക്ക് അമേരിക്കക്കാരാകാൻ താത്പര്യമില്ലെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഗ്രീൻലാൻഡുകാരാണെന്നും ഗ്രീൻലാൻഡിന്റെ രാഷ്ട്രീയ പാർട്ടികൾ.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ അമേരിക്കയുടെ കീഴിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കക്കാരോ ഡാനിഷുകാരോ ആകാൻ ആഗ്രഹമില്ലെന്നും തങ്ങൾക്ക് ഗ്രീൻലാൻഡുകാരാകണമെന്നും അവർ പറഞ്ഞു.

ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡ് തങ്ങൾ സ്വന്തമാക്കുമെന്നും അല്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന് മേൽ സ്വാധീനം ചെലുത്തുന്നത് തടയാനാണ് യു.എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഗ്രീൻലാൻഡിലെ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.

‘ഞങ്ങൾക്ക് അമേരിക്കക്കാരാകാൻ ആഗ്രഹമില്ല, ഡാനിഷുകാരാകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഗ്രീൻലാൻഡുകാരാകണം. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് ഗ്രീൻലാൻഡുകാരാണ്,’ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞു.

മറ്റൊരു രാജ്യത്തിനും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും രാജ്യത്തിന്റെ ഭാവി തങ്ങൾ തന്നെ തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രീൻലാൻഡിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ആദ്യം വെടിവെക്കുക, പിന്നീട് ചോദ്യങ്ങൾ ചോദിക്കുക എന്ന ഉത്തരവ് തങ്ങളുടെ സൈനികർക്ക് നൽകിയിട്ടുണ്ടെന്നും ഡെൻമാർക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങളുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ലെന്ന് ട്രംപിന് മറുപടിയായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസണും പറഞ്ഞിരുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പരസ്‌പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്‌ഠിതമായിരിക്കണമെന്നും നീൽസൺ പറഞ്ഞു.

ഗ്രീൻലാൻഡ് തങ്ങളുടെ മേഖലയെന്നും നിലവിലത് എങ്ങനെയാണോ അതുപോലെ തന്നെ തുടരുമെന്നും നീൽസൺ കൂട്ടിച്ചേർത്തു.

Content Highlight: we have no interest in becoming Americans; Greenland’s political parties

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more