ഇനി ഞങ്ങള്‍ ഇന്ത്യ മുന്നണിയിലില്ല; പുതിയ ബി.ജെ.പി വിരുദ്ധ സഖ്യമുണ്ടായേക്കാം? ഡി.എം.കെ
India
ഇനി ഞങ്ങള്‍ ഇന്ത്യ മുന്നണിയിലില്ല; പുതിയ ബി.ജെ.പി വിരുദ്ധ സഖ്യമുണ്ടായേക്കാം? ഡി.എം.കെ
നിഷാന. വി.വി
Tuesday, 9th June 2026, 7:14 am

ചെന്നൈ: ഡി.എം.കെ ഇനി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കില്ലെന്ന് പാര്‍ട്ടി വക്താവ് ടി.കെ.എസ് ഇളങ്കോവന്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് സഖ്യത്തില്‍ നിന്ന് വേര്‍പിരിയോാനുള്ള തീരുമാനമെടുത്തതെന്നും ഇളങ്കോവല്‍ പറഞ്ഞു.

നിരവധി പാര്‍ട്ടികള്‍ ഇതിനോടകം തന്നെ സഖ്യത്തില്‍ നിന്ന് അകന്ന് കഴിഞ്ഞതായും ഡി.എം.കെയും സമാന പാത തെരഞ്ഞെടുക്കുന്നതിലേക്ക് കോണ്‍ഗ്രസ് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭാവിയില്‍ ശക്തവും മതേതരവുമായ ബി.ജെ.പി വിരുദ്ധ സഖ്യം ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞങ്ങളുടെ മൂന്ന് കക്ഷികള്‍ (കോണ്‍ഗ്രസ്, ഐ.യു.എം.എല്‍, വിസി.കെ) ഇപ്പോള്‍ ടി.വി.കെ സര്‍ക്കാരിന്റെ ഭാഗമാണ് അതിനര്‍ത്ഥം അവര്‍ ഇന്ത്യാ ബ്ലോക്കില്‍ ഇല്ലെന്നാണ്. ആം ആദ്മി പാര്‍ട്ടിയും ഇതിനകം വിട്ടുപോയിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ആ സഖ്യത്തിലില്ല,’ ഇളങ്കോവല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം. എന്നാല്‍ ഡി.എം.കെ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാത്തതെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.

ഇന്ത്യ സഖ്യത്തിന്റെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് ഇനി സഖ്യത്തിന്റെ ഭാഗമല്ലെന്ന് ഡി.എം.കെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

Content Highlight: We are no longer in the India Front; Could there be a new anti-BJP alliance? DMK

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.