| Saturday, 8th March 2025, 12:20 pm

'വളണ്ടിയര്‍' എന്ന ഓമനപ്പേരിട്ട് വിളിച്ചതുകൊണ്ട് തൊഴിലിന്റെ കാഠിന്യം അലിയിക്കാനാകില്ല; ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഡബ്ലിയു.സി.സിയുടെ ഐക്യദാര്‍ഢ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിയു.സി.സി. മാര്‍ച്ച് എട്ടിന്റെ അന്താരാഷ്ട പ്രധാന്യം എന്താണെന്നറിയുന്ന ഒരു സര്‍ക്കാറിനും ആശാ തൊഴിലാളികളുടെ അവകാശ സമരത്തോട് മുഖം തിരിച്ചിരിക്കാനാവില്ലെന്ന് ഡബ്ലിയു.സി.സി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

‘തൊഴിലിടത്ത് നീതിയുടെയും സമത്വത്തിന്റെയും വില എന്താണെന്ന് അതില്ലാതായവര്‍ക്കേ മനസിലാകൂ. തുല്യനീതിയും സമത്വവും എവിടെയെല്ലാം പുലരാതിരിക്കുന്നുവോ അവിടെയെല്ലാം സ്ത്രീകള്‍ക്ക് എന്നും മാര്‍ച്ച് എട്ട് തന്നെയാണ്. അത് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ച് മടക്കി വെക്കാനുള്ള പ്രതിജ്ഞാവാചകമല്ല, എന്നും ഏര്‍പ്പെടേണ്ട ജീവിതപ്പോരാട്ടമാണ്,’ ഡബ്ലിയു.സി.സി പറഞ്ഞു.

തൊഴില്‍ രംഗത്തെ ഏറ്റവും വലിയ ചൂഷണം നടക്കുന്നത് സേവന മേഖലയിലാണെന്നും ഡബ്ലിയു.സി.സി ചൂണ്ടിക്കാട്ടി. ‘വളണ്ടിയര്‍’ എന്ന ഓമനപ്പേരിട്ട് വിളിച്ചതുകൊണ്ട് അവരെടുക്കുന്ന തൊഴിലിന്റെ കാഠിന്യം അലിയിച്ച് കളയാനാകില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗതികെട്ട ജീവിത സാഹചര്യങ്ങളുമാണ് സേവന തൊഴില്‍ മേഖലകളിലെ സ്ത്രീകളെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടാതെ വളണ്ടിയര്‍മാരായി തുടരാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും ഡബ്ലിയു.സി.സി പ്രതികരിച്ചു.

നിരവധി ക്ഷേമ പദ്ധതികളില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന അസംഘടിത സ്ത്രീ തൊഴിലാളികള്‍ പെരുകിവരികയാണെന്നും ഡബ്ലിയു.സി.സി പറഞ്ഞു. അവിടെ നിയമം പ്രാബല്യത്തില്‍ വരുത്തുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിയമപരമായി പ്രാബല്യത്തിലുള്ള തൊഴിലാളി വര്‍ഗത്തിന്റെ അവകാശമായ മിനിമംകൂലി നിഷേധിക്കപ്പെട്ടിരിക്കുന്നവരാണ് ആശാ തൊഴിലളികളെന്നും ഡബ്ലിയു.സി.സി പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര് സമരം നടത്തിയാലും അതിനൊപ്പം നില്‍ക്കാന്‍ കൊടിയുടെ നിറം നോക്കേണ്ടതില്ല. അതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ആശാ തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തോട് ഡബ്ലിയു.സി.സി. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സംഘടന അറിയിച്ചു.

നിലവില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന മഹാസംഗമത്തിലേക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.


ആശാ പ്രവര്‍ത്തകരുടെ സമരത്തിന് എഴുത്തുകാരി അരുന്ധതി റോയി, ഡബ്ലിയു.സി.സി അംഗവും അഭിനേത്രിയുമായ റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ എന്നിവര്‍ ഇന്നലെ (വെള്ളി) ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇപ്പോള്‍ സമരവേദിയില്‍ എത്തുന്നുണ്ട്.


എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമരം ഇന്ന് 27ാം ദിനം പിന്നിടുകയാണ്. വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുന്നത്. വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

Content Highlight: WCC’s solidarity with the protest of ASHA workers

We use cookies to give you the best possible experience. Learn more