ആര് പറഞ്ഞു? ബാബറുമല്ല റിസ്‌വാനുമല്ല ഇന്ത്യന്‍ സൂപ്പര്‍ താരമാണ് ലോകത്തിലെ മികച്ച ടി-20 ബാറ്റര്‍; വെളിപ്പെടുത്തലുമായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം
Sports News
ആര് പറഞ്ഞു? ബാബറുമല്ല റിസ്‌വാനുമല്ല ഇന്ത്യന്‍ സൂപ്പര്‍ താരമാണ് ലോകത്തിലെ മികച്ച ടി-20 ബാറ്റര്‍; വെളിപ്പെടുത്തലുമായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st October 2022, 8:26 pm

ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവാണ് ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്ററെന്ന് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ വെയ്ന്‍ പാര്‍ണെല്‍. അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ പ്രയാസമാണെന്നും 360 ഡിഗ്രിയില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് സൂര്യകുമാറെന്നും പാര്‍ണെല്‍ അഭിപ്രായപ്പെട്ടു.

‘എന്നെ സംബന്ധിച്ച് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തിന്റെ 360 ഡിഗ്രി ഗെയിം ബൗളര്‍മാര്‍ക്ക് ഏറെ പ്രയാസമാണ്.

ഇതെല്ലാം പന്തില്‍ മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ്. വളരെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും, എന്നാല്‍ ചിലപ്പോഴെല്ലാം ഭാഗ്യത്തിന്റെ തുണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സൂര്യകുമാറിന്റെ കളി ഞാന്‍ ആസ്വദിച്ച് കാണാറുണ്ടായിരുന്നു. അദ്ദേഹം മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്,’ പാര്‍ണെല്‍ പറയുന്നു.

ഇന്ത്യക്കെതിരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരം മാത്രമുപയോഗിച്ച് സൗത്ത് ആഫ്രിക്കയെ വിലിരുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നല്ല ക്രിക്കറ്റല്ല കളിച്ചത്. എന്നാല്‍ ഇതെല്ലാം കളിയുടെ ഭാഗവുമാണ്. ഒരു കളി മാത്രം നോക്കി പരിഭ്രാന്തരാകേണ്ട കാര്യമില്ല,’ പാര്‍ണെല്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് പാര്‍ണമെല്‍ പുറത്തെടുത്തത്. നാല് ഓവര്‍ പന്തെറിഞ്ഞ പാര്‍ണെല്‍ 14 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 3.50 മാത്രമായിരുന്നു താരത്തിന്റെ എക്കോണമി.

പാര്‍ണെലിന് പുറമെ കഗീസോ റബാദ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് റബാദ സ്വന്തമാക്കിയത്.

 

ഒക്ടോബര്‍ 2 ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. അസം ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടാണ് വേദി. രണ്ടാം മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

 

Content highlight: Wayne Parnell says Suryakumar Yadav is the best T20 batter