തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനുമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്‍ സമര്‍പ്പിക്കുന്നതിനനുസരിച്ച് തുക കൈമാറാനാണ് തീരുമാനം.
മാര്‍ച്ച് ഒന്നിന് വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോല്‍ദാനം നടന്നിരുന്നു. 178 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്.
കല്‍പ്പറ്റ ബൈപ്പാസിന് സമീപത്തായാണ് ടൗണ്‍ഷിപ്പ് ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ അകെ 410 വീടുകളാണ് നിര്‍മിക്കുന്നത്.
കിഫ്ബിയുടെ കീഴിലുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ കിഫ്കോണിന്റെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം. ഏഴ് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയിലാണ് മുഴുവന്‍ വീടുകളും.
ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 178 കുടുംബങ്ങളാണ് ആദ്യ ഫേസില്‍ ഉള്‍പ്പെട്ടിരുന്നത്. വീട് നിര്‍മാണം തുടങ്ങി 320ാം ദിവസമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം, കേരളത്തിലെ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിരുന്നു. കൃഷിക്കും ഗൃഹ നിര്‍മാണത്തിനും മറ്റുമായി പതിച്ചുനല്‍കിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റു തരത്തില്‍ വിനിയോഗിക്കുന്നതിന് അനുമതി നല്‍കുന്ന ചട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഇതുപ്രകാരം വീടുകള്‍, കാര്‍ഷിക-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കാനാണ് തീരുമാനം.
കുടിയേറ്റ ജനതയുടെ ജീവിതപ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: Wayanad Township; Rs 1 lakh allocated to each family for purchasing household appliances