വയനാടിന് വേണ്ടത് അണക്കെട്ടല്ല; വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സംസാരിക്കുന്നു
Kadamanthodu Irrigation Project
വയനാടിന് വേണ്ടത് അണക്കെട്ടല്ല; വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സംസാരിക്കുന്നു
നിമിഷ ടോം
Tuesday, 30th July 2019, 12:07 am

വയനാട്ടില്‍ പുല്‍പ്പള്ളി കടമാന്‍തോട്ടില്‍ അണക്കെട്ട് പദ്ധതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജില്ലയിലെ വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും മറികടക്കാനാണ് അണക്കെട്ടുകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇനിയുമൊരു അണക്കെട്ടുകൂടി താങ്ങാന്‍ വയനാടിന് കഴിയുമോ എന്ന ആശങ്ക ഇവിടെനിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടല്ലാതെ എന്താണ് ബദല്‍ എന്ന് നിര്‍ദ്ദേശിക്കുകയാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്.

വയനാട്ടിലെ ജലവിനിയോഗത്തിന്റെ നിലവിലെ അവസ്ഥ എന്താണ്?

വയനാട് ജില്ലയുടെ ഏകനദിയാണ് കബനി. പ്രതിവര്‍ഷം 94 ടി.എം.സി വെള്ളമാണ് കബനീ നദിയിലൂടെ വയനാട് ജില്ലയില്‍നിന്ന് പുറത്തേക്കൊഴുകുന്നത്. ജില്ലയുടെ 78 ശതമാനം സ്ഥലവും കബനീനദിയുടെ വൃഷ്ടി പ്രദേശമാണ്. നിലവില്‍ കാരാപ്പുഴ അണക്കെട്ട്, ബാണാസുര സാഗര്‍ എന്നീ രണ്ട് അണക്കെട്ടുകള്‍ നദിയിലുണ്ട്. അപ്പോഴാണ് ഇനിയും അണക്കെട്ട് എന്ന ചര്‍ച്ചകള്‍ വരുന്നത്.

പുറത്തേക്കൊഴുകുന്ന 94 ടി.എം.സി വെള്ളത്തില്‍ സര്‍ക്കാരും ട്രിബ്യൂണലും അംഗീകരിച്ച പ്രകാരം നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് 21 ടി.എം.സി വെള്ളമാണ്. പക്ഷേ, നിലവിലുള്ള എല്ലാ നിര്‍മ്മിതികളുടെയും കണക്കെടുക്കുകയാണെങ്കില്‍ അഞ്ചര ടി.എം.സിയിലധികം സംഭരിക്കാനുള്ള ശേഷി വയനാട് ജില്ലക്ക് ഉണ്ടായിട്ടില്ല എന്ന് മനസിക്കാം. ജില്ലയില്‍ അത്തരം നിര്‍മ്മിതികളൊന്നും തന്നെയില്ല.

ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍, വയനാടിന് ജലസേചന പ്രക്രിയയുടെ ആവശ്യം നേരത്തെ കണ്ടിരുന്നില്ല. അതായത്, ജലസേചനത്തിലൂടെ കൃഷി ചെയ്യേണ്ട ആവശ്യം നേരത്തെ വയനാട്ടിലുണ്ടായിരുന്നില്ല. ഇപ്പോഴാണ് ഇവിടെ വരള്‍ച്ചയും ജലക്ഷാമവും വളരെ രൂക്ഷമായ അവസ്ഥയും കൂടുതല്‍ വെള്ളം സംഭരിക്കേണ്ട സാഹചര്യവും കൂടി വന്നത്.

വയനാട്ടില്‍ വീണ്ടുമൊരു അണക്കെട്ടിന് സാധ്യതയുണ്ടോ?

കബനീനദിയില്‍നിന്നും പുറത്തേക്കൊഴുകുന്ന ജലം കേരളത്തിന് ആവശ്യമില്ലെന്നും ഈ വെള്ളം തമിഴ്‌നാടിനും കര്‍ണാടകയ്ക്കും നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളുടെയും സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ വയനാടിന് ഒരു ഭീഷണിതന്നെയാണ്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ കടമാന്‍തോടോ അത്തരത്തില്‍ മറ്റേതെങ്കിലും ചെറുകിട ഡാമുകളുടെ നിര്‍മ്മാണമോ പ്രായോഗികമാണോ എന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ട്.

1970കളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍കിട ഡാമുകള്‍ നിര്‍മ്മിച്ചുകൊണ്ടുള്ള ജലസേചന പദ്ധതികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിയന്ത്രണത്തിന് പ്രധാനകാരണമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച പ്രശ്‌നങ്ങളും നിശ്ചിത സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും നിശ്ചയിച്ച സാമ്പത്തിക പരിധിക്കകത്ത് നിന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമാണ്. പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി ഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി അവിടത്തെ പുനരധിവാസം തന്നെയാണ്. ഇത്തരത്തില്‍ അണക്കെട്ടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അണക്കെട്ടല്ലാതെ എന്താണ് ബദല്‍?

വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ചുകൊണ്ട് ഒരു ഭൂമിയും നഷ്ടപ്പെടാതെയും ഒരാളെയും പുനരധിവസിപ്പിക്കാതെയും വലിയ സാമ്പത്തിക ബാധ്യതയില്ലാതെയും ചെലവ് വളരെ കുറച്ചുകൊണ്ടുതന്നെ നടപ്പാക്കാവുന്ന ചില ബദലുകള്‍ ഉണ്ട്. അതിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളാണ് നമ്മള്‍ നോക്കേണ്ടത്.

മൂന്ന് പോഷക നദികളും മറ്റ് ചെറിയ പോഷക നദികളുമാണ് കബനി നദിക്ക് ഉള്ളത്. കബനിയുടെ ഏറ്റവും വലിയ പോഷക നദിയാണ് പനമരം പുഴ. കല്‍പറ്റയും ബത്തേരിയും പരന്ന് കിടക്കുന്നതാണ് പനമരം പുഴയുടെ ഉത്ഭവ സ്ഥാനങ്ങള്‍. അത് ബാണാസുരവരെ നീണ്ടുനില്‍ക്കുന്ന വലിയൊരു പ്രദേശമാണ്. അതായത്, ചെതലയം വനത്തില്‍നിന്നും ബത്തേരിയില്‍നിന്നും കുപ്പമുടിയില്‍നിന്നും വടുവന്‍ചാലില്‍നിന്നും മേപ്പാടിയില്‍നിന്നും ഉള്ള വെള്ളം പനമരം പുഴയിലേക്കാണ് ഒഴുകി എത്തുന്നത്. കൂടാതെ, വൈത്തിരി, ലക്കിടി, സുഗന്ധഗിരി, പൊഴുതന, ബാണാസുര തുടങ്ങിയ ഭാഗങ്ങളില്‍നിന്നും വെള്ളമെത്തുന്നത് പനമരം പുഴയിലേക്കാണ്. മാനന്തവാടിപ്പുഴയും ഇങ്ങനെത്തന്നെ. വാളാട്, പേരിയ, മക്കിമല, കമ്പമല തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഉത്ഭവിക്കുന്ന ചെറുതോടുകളും മറ്റും ചേര്‍ന്നാണ് മാനന്തവാടി പുഴയും ഒഴുകുന്നത്. മറ്റൊരു പ്രധാന നദി ബാവലിപ്പുഴയാണ്. തൃശ്ശിലേരി, തിരുനെല്ലി ഭാഗങ്ങളില്‍നിന്നുള്ള വെള്ളമാണ് ബാവലിയിലെത്തുന്നത്.

പ്രധാന പോഷകനദികളിലേക്കെത്തുന്ന ഈ ചെറുതോടുകളെല്ലാം ഉത്ഭവിക്കുന്നത് വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന കുന്നുകളില്‍നിന്നാണ്. ഈ ഉയര്‍ന്ന കുന്നുകള്‍ വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളുമാണ്. അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഈ ഉയര്‍ന്ന കുന്നുകളും അവിടെയുള്ള നിബിഡ വനശേഖരവുമാണ് വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ നിര്‍ണയിച്ചിരുന്നത്. വയനാടിന്റെ ജലസുരക്ഷ നിശ്ചയിക്കുന്നതും ഇവയാണ്.

ഇപ്പോള്‍ ഈ പ്രദേശങ്ങളുടെ നല്ലൊരു ശതമാനവും ഹാരിസണ്‍ മലയാളം പോലെയുള്ള എസ്റ്റേറ്റുകളുടെയും തോട്ടങ്ങളുടെയും കീഴിലാണ്. ഒരുപാട് തെയ്‌ലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമാണ് ഇവിടെയുള്ളത്. ഇത്തരം തോട്ടങ്ങളിലൊക്കെത്തന്നെ ആയിരക്കണക്കിന് വാലികളുണ്ട്. എന്നുപറഞ്ഞാല്‍, രണ്ട് കുന്നുകള്‍ക്കിടയിലായി ചതുപ്പായി കിടക്കുന്ന സ്ഥലങ്ങളാണ്. ഈ ചതുപ്പുകളില്‍ ഏകദേശം അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള ചെറിയ അണകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇവ മണ്ണുകൊണ്ടുതന്നെ നിര്‍മ്മിക്കാവുന്നതാണ്. ഇങ്ങനെ 25 മുതല്‍ 150 മീറ്റര്‍ വരെ നീളം വരുന്ന ചെറിയ മണ്‍അണകള്‍ നിര്‍മ്മിക്കാന്‍ കഴിയും.

ഇങ്ങനെയുള്ള ആയിരക്കണക്കിന് മലയടിവാരങ്ങള്‍ വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുണ്ട്. ആ പ്രദേശങ്ങള്‍ ഇത്തരം മണ്‍അണകള്‍ നിര്‍മ്മിച്ച് ഈ പ്രദേശത്തുള്ള എസ്‌റ്റേറ്റുകള്‍ പഞ്ചായത്തുകളുമായി ചേര്‍ന്ന് ധാരണാ പത്രത്തില്‍ എത്തിയാല്‍, അത്തരം ചെറുഅണകളില്‍നിന്നുള്ള വെള്ളം ഗ്രാവിറ്റി ഫോഴ്‌സില്‍ത്തന്നെ, ചെറിയ പൈപ്പുകള്‍ ഉപയോഗിച്ച് ജലസേചനത്തിനായി എത്തിക്കാന്‍ കഴിയും. ഇത്തരത്തില്‍ ജലം ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒപ്പംതന്നെ, സംസ്ഥാനത്തിന് ആവശ്യമുള്ളതും ഇവയില്‍നിന്നും ഉപയോഗിക്കാവുന്നതുമാണ്. വളരെ ചുരുങ്ങിയ തുകയ്ക്കും ചുരുങ്ങിയ സമയത്തിനുള്ളിലും നിര്‍മ്മിക്കാനും ഉപയോഗിക്കാനും കഴിയുന്നവയാണ് ഇവ.

കടമാന്‍തോട് അണക്കെട്ട് വയനാടന്‍ ജലസേചനത്തിന് ഒരു പരിഹാരമാണോ?

കടമാന്‍തോട് പദ്ധതി വന്നുകഴിഞ്ഞാല്‍ അതില്‍നിന്നും സംഭരിക്കാന്‍ കഴിയുന്ന ജലത്തിന്റെ ശേഷി കേവലം അര ടി.എം.സി മാത്രമാണ്. ഈ അര ടി.എം.സി വെള്ളം ഉപയോഗിച്ച് ജലസേചനം നടത്താന്‍ കഴിയുന്നത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ നാമമാത്രമായ പ്രദേശത്ത് മാത്രമാണ്. അതേസമയം, കുപ്പമുടി, തൊവരിമല, എടക്കല്‍ തുടങ്ങി ബ്രഹ്മഗിരി വരെയുള്ള വയനാടിനെ ചുറ്റപ്പെട്ടുകൊണ്ടുള്ള പ്രദേശങ്ങളില്‍ ഇത്തരം ചെറിയ അണകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ വലിയ അണക്കെട്ടിനുവേണ്ടി ചെലവാക്കുന്നതിനേക്കാള്‍ വളരെ ചെറിയ തുകയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയും. വയനാടിന്റെ സര്‍വ്വ ഭാഗങ്ങളെയും സ്പര്‍ശിക്കാന് കഴിയുന്ന രൂപത്തിലുള്ളവയാണ് ഇവ. അതുകൊണ്ടുതന്നെ, പ്രശ്‌നങ്ങള്‍ ഏറ്റവും ലളിതമായി പരിഹരിക്കാന്‍ കഴിയുമെന്ന് മാത്രമല്ല, ഒരാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടതായും വരില്ല.