ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് ബാബു നായകനാകുന്ന വാരണാസി. ചിത്രത്തിലെ കാസ്റ്റിനെക്കാള്‍ വാരണാസിക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം ഇന്ത്യ കണ്ട മികച്ച സംവിധായകനായ എസ്.എസ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ്. ഒപ്പം മലയാളി ഓഡിയന്‍സിന് പ്രതീക്ഷക്ക് വകയായി പ്രിയതാരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
രാജ്യത്ത് ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ മുതല്‍ മുടക്കില്‍ വേള്‍ഡ് വൈഡ് റിലീസെന്ന ലക്ഷ്യത്തോടെയാണ് വാരണാസിയെ രാജമൗലി അണിയിച്ചൊരുക്കുന്നത്. ഇതുവരെ കേള്‍ക്കാത്ത വിധം അന്റാര്‍ട്ടിക്കയിലടക്കം ഷൂട്ട് ചെയ്യുന്ന ചിത്രത്തിനായി നിര്‍മിച്ച വാരണാസിയുടെ സെറ്റിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹൈദരാബാദില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് കടുത്ത വേനലില്‍ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഷൂട്ടിങ്ങിനായി 150 ടാങ്കര്‍ വെള്ളത്തിനായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ജലക്ഷാമം നേരിടുന്നതിനാല്‍ അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കടുത്ത വേനലില്‍ പൊതുജനങ്ങള്‍ക്ക് വെള്ളം നല്‍കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ ഇത്രയും വലിയ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേവലം 150 ടാങ്കര്‍ വെള്ളത്തിന്റെ പേരില്‍ തടസപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് ബദല്‍ മാര്‍ഗം നിര്‍മാതാക്കള്‍ കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രിയങ്ക ചോപ്രയാണ് വാരണാസിയിലെ നായിക. ഗ്ലോബ് ട്രോട്ടര്‍ എന്ന ടാഗ്ലൈനിനോട് നീതിപുലര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഇന്ത്യക്ക് പുറമെ കെനിയ, യു.കെ, യു.എസ്, ജോര്‍ജിയ എന്നിവിടങ്ങള്‍ക്കൊപ്പം അന്റാര്‍ട്ടിക്കയും വാരണാസിയുടെ ലൊക്കേഷനാണ്. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Water Shortage puts hold to rajamouli’s Varanasi Shooting
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.