നീ എന്റെ എല്ലാ പന്തും ഫോര്‍ അടിക്കും അല്ലേടാ..; മത്സരശേഷം പൃഥ്വി ഷായുടെ 'കഴുത്തിന് പിടിച്ച്' ശിവം മാവി
ipl 2021
നീ എന്റെ എല്ലാ പന്തും ഫോര്‍ അടിക്കും അല്ലേടാ..; മത്സരശേഷം പൃഥ്വി ഷായുടെ 'കഴുത്തിന് പിടിച്ച്' ശിവം മാവി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th April 2021, 11:55 am

മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരായ വ്യാഴാഴ്ചത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ മുതല്‍ വെടിക്കെട്ട് പ്രകടനം നടത്തിയ പൃഥ്വി ഷായുടെ മികവിലാണ് ഡല്‍ഹി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

41 പന്തില്‍ 82 റണ്‍സെടുത്ത പൃഥ്വി, ശിവം മാവി എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ ആറ് ഫോറുകള്‍ നേടിയിരുന്നു. ഇതിന് ശേഷം മാവിയ്ക്ക് ഓവര്‍ ലഭിച്ചതുമില്ല.


ഡല്‍ഹിയുടെ വിജയം പൂര്‍ത്തിയായ ശേഷം പൃഥ്വി ഷായും ശിവം മാവിയും തമ്മില്‍ സൗഹൃദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഹസ്തദാനത്തിന് ശേഷം ചെറിയ ചിരിയുമായി വന്ന പൃഥ്വിയുടെ കഴുത്തില്‍ പിടിച്ചുവലിക്കുകയാണ് മാവി ചെയ്യുന്നത്. ഇതിന് പിന്നാലെ പൃഥ്വി തന്റെ വേദന പ്രകടിപ്പിക്കുന്നതും കാണാം.

ഇരുവരും ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2018 ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ടീമില്‍ ശിവം മാവിയുമുണ്ടായിരുന്നു.

ശിവം മാവി എവിടെയാണ് പന്ത് എറിയാന്‍ പോകുന്നതെന്ന് തനിക്ക് ധാരണയുണ്ടായിരുന്നെന്നാണ് ആറ് പന്തും ഫോര്‍ നേടിയതിനെക്കുറിച്ച് പൃഥ്വി ഷാ പറഞ്ഞിരുന്നത്.

11 ഫോറും മൂന്നു സിക്സും സഹിതം 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. ഓപ്പണിങ് വിക്കറ്റില്‍ ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹി ഇന്നിംഗ്സിന് അടിത്തറ പാകി.

ധവാന്‍ നാലു ഫോറും ഒരു സിക്സും സഹിതം 47 പന്തില്‍ 46 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Watch: Shivam Mavi Grabs Prithvi Shaw By Neck After The Latter Smashed Him For Six Fours In An Over