സൂര്യകുമാറിന് പകരം അവനെ കൊണ്ടു വാ, എന്നാല്‍... സഞ്ജുവിനെ തള്ളാനും തലോടാനുമാകാതെ ഇതിഹാസ താരം
Sports News
സൂര്യകുമാറിന് പകരം അവനെ കൊണ്ടു വാ, എന്നാല്‍... സഞ്ജുവിനെ തള്ളാനും തലോടാനുമാകാതെ ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th March 2023, 4:36 pm

ഏകദിന ഫോര്‍മാറ്റുമായി തനിക്ക് ഇനിയും അഡാപ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരന്തരമായി തെളിയിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായാണ് സ്‌കൈ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ എങ്ങനെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്തായോ അതിന്റെ കാര്‍ബണ്‍ കോപ്പിയെന്നോണമായിരുന്നു രണ്ടാം ഏകദിനത്തിലും സൂര്യകുമാര്‍ പുറത്തായത്.

പരമ്പര ആര് നേടുമെന്ന് നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നത് ഒരിക്കലും ഒരു മോശം തീരുമാനമാകില്ല എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും രഞ്ജി കിങ്ങുമായ വസീം ജാഫര്‍.

എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ഇടം കയ്യന്‍ പേസറും കങ്കാരുക്കളുടെ ട്രംപ് കാര്‍ഡുമായ മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടുന്നതില്‍ സഞ്ജുവിനും പ്രയാസം നേരിടാന്‍ സാധ്യതയുണ്ടെന്നും ജാഫര്‍ പറയുന്നു.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ ടൈം ഔട്ട് എന്ന സെഗ്മെന്റില്‍ സംസാരിക്കവെയായിരുന്നു വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

‘മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച രണ്ട് പന്തുകള്‍ നേരിടാന്‍ സാധിക്കാതെ പോയ സൂര്യകുമാറിനോട് നമുക്ക് സഹതപിക്കാം. എന്നാല്‍ സ്റ്റാര്‍ക്കിന് ഈ വിധമെല്ലാം പന്തെറിയാന്‍ സാധിക്കുമെന്ന് സൂര്യകുമാര്‍ മുന്‍കൂട്ടി കാണണമായിരുന്നു.

 

മൂന്നാം ഏകദിനത്തില്‍ സൂര്യകുമാറിന് പകരം സഞ്ജു സാംസണ്‍ കളിക്കുന്നത് ഒരു മോശം ഓപ്ഷനേ അല്ല. കുറച്ച് അവസരങ്ങള്‍ മാത്രമേ അവന് ലഭിച്ചിട്ടുള്ളുവെങ്കിലും അവന്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ എല്ലാം ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും,’ വസീം ജാഫര്‍ പറഞ്ഞു.

മാര്‍ച്ച് 22നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നിരിക്കെ രണ്ടും കല്‍പിച്ചാവും ഇരു ടീമും ഗ്രൗണ്ടിലേക്കിറങ്ങുക.

Content Highlight: Wasim Jaffer about replacing Suryakumar Yadav with Sanju Samson