ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് കളിക്കണം; ആവശ്യവുമായി മുന്‍ പാക് താരം
Cricket
ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് കളിക്കണം; ആവശ്യവുമായി മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th August 2025, 8:22 pm

ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് കളിക്കുന്നത് കാണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം. ഏഷ്യ കപ്പില്‍ ഇരുവരും തമ്മിലുള്ള മത്സരം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലികോം ഏഷ്യ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്രം.

‘ഇന്ത്യയും പാകിസ്ഥാനും ഏഷ്യ കപ്പില്‍ ഏറ്റുമുട്ടുന്നത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയൊരു വിരുന്നായിരിക്കും. ഇരുവരും പരസ്പരം ടെസ്റ്റ് കളിക്കുന്നത് തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇങ്ങനെയൊന്ന് നടന്നിട്ട് ഒരുപാട് കാലമായി. അത് സംഭവിക്കുകയാണെങ്കില്‍ ഇരു ടീമിന്റെയും ആരാധകര്‍ക്കും ഒരു ചരിത്ര കാഴ്ചയായിരിക്കും,’ അക്രം പറഞ്ഞു.

2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ദ്വിരാഷ്ട്ര പരമ്പര കളിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ – നയതന്ത്ര ബന്ധം വഷളായതോടെയാണ് ക്രിക്കറ്റില്‍ പരസ്പരം കളിക്കുന്നത് അവസാനിച്ചത്. ഇപ്പോള്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കാറുള്ളൂ.

ഇനി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത് സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിലാണ്. ടൂര്‍ണമെന്റില്‍ ഫൈനല്‍ എത്തിയാല്‍ മൂന്ന് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. ഇതിനെ കുറിച്ചും അക്രം സംസാരിച്ചു.

‘മറ്റെല്ലാ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം പോലെ ഇതും കടുത്ത പോരാട്ടമായിരിക്കും. പക്ഷേ, ഇരു ടീമുകളുടെയും താരങ്ങളും ആരാധകരും സംയമനം പാലിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യ ജയിക്കണമെന്നാണെങ്കില്‍ പാകിസ്ഥാനി ആരാധകരും തങ്ങളുടെ ടീം ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യ മികച്ച ഫോമിലായതിനാല്‍ അവരാണ് ഫേവറിറ്റ്. പക്ഷേ, സമ്മര്‍ദം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും അന്ന് ജയിക്കുക,’ അക്രം പറഞ്ഞു.

അതേസമയം, ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്‌റ്ക്കാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡസ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനുമായുള്ള സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

Content Highlight: Wasim Akram says that India and Pakistan would resume playing test series