ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുമ്പിലെത്തി ഇന്ത്യ. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസീസിനെ 48 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയില്‍ ലീഡെടുത്തത്.
ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനെ 18.2 ഓവറില്‍ ഇന്ത്യ 119ന് എറിഞ്ഞിട്ടു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അക്‌സര്‍ പട്ടേലും ശിവം ദുബെയും രണ്ട് വിക്കറ്റും സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
വെറും ഏഴ് പന്ത് മാത്രമെറിഞ്ഞാണ് വാഷിങ്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. വിട്ടുകൊടുത്തതാകട്ടെ മൂന്ന് റണ്‍സും!
മാര്‍കസ് സ്റ്റോയ്‌നിസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി വിക്കറ്റ് വേട്ട ആരംഭിച്ച സുന്ദര്‍, തൊട്ടടുത്ത പന്തില്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റിനെ റിട്ടേണ്‍ ക്യാച്ചായും പുറത്താക്കി. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ആദം സാംപയെയും ഗോള്‍ഡന്‍ ഡക്കാക്കി പുറത്താക്കിയ സുന്ദര്‍ ഇന്ത്യയുടെ വിജയവും ആഘോഷിച്ചു.
കരിയറിലെ 50 ടി-20ഐ വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയാണ് സുന്ദര്‍ ഇന്ത്യയുടെ വിജയവും ഉറപ്പാക്കിയത്.
ഇതിനൊപ്പം മറ്റൊരു നേട്ടവും സുന്ദര്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങി 3+ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതെത്തിയാണ് താരം റെക്കോഡിട്ടത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങി 3+ വിക്കറ്റ് നേടിയ താരം
(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം)
വാഷിങ്ടണ്‍ സുന്ദര്‍ – ഓസ്‌ട്രേലിയ – 3/3 – 2025*
ഭുവനേശ്വര്‍ കുമാര്‍ – അഫ്ഗാനിസ്ഥാന്‍ – 5/4 – 2022
ദീപക് ചഹര്‍ – വെസ്റ്റ് ഇന്‍ഡീസ് – 3/4- 2019
ശിവം ദുബെ – യു.എ.ഇ – 3/4 – 2025
അതേസമയം, നാലാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയതോടെ പരമ്പര വിജയമെന്ന ഓസ്‌ട്രേലിയയുടെ മോഹം അവസാനിച്ചു. ആദ്യ മത്സരം മഴയെടുത്തതിനാല്‍ ഇനി സീരീസ് സമനിലയിലെത്തിക്കാനാകും ആതിഥേയരുടെ ശ്രമം.
പരമ്പര തോല്‍ക്കാതെ രക്ഷപ്പെടണമെങ്കില്‍ നവംബര്‍ എട്ടിന് ഗാബയില്‍ നടക്കുന്ന അഞ്ചാം ടി-20 മത്സരത്തില്‍ മാര്‍ഷിനും സംഘത്തിനും വിജയം അനിവാര്യമാണ്. മോശം കാലാവസ്ഥയോ മറ്റേതെങ്കിലും കാരണത്താലോ മത്സരം ഉപേക്ഷിച്ചാലും കങ്കാരുക്കള്‍ക്ക് പരമ്പര നഷ്ടപ്പെടും.
Content Highlight: Washington Sundar set the record of least runs conceded in a 3+ wicket haul for India in T20Is