ഇറാനെ ലക്ഷ്യം വെച്ച യുദ്ധത്തിനൊടുവില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നു; ഇസ്രഈലിന്റെ കൗണ്ട് ഡൗണ്‍ വേഗത്തിലാക്കി: ഖുദ്‌സ് കമാന്‍ഡര്‍
Trending
ഇറാനെ ലക്ഷ്യം വെച്ച യുദ്ധത്തിനൊടുവില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നു; ഇസ്രഈലിന്റെ കൗണ്ട് ഡൗണ്‍ വേഗത്തിലാക്കി: ഖുദ്‌സ് കമാന്‍ഡര്‍
നിഷാന. വി.വി
Tuesday, 16th June 2026, 7:13 am

ടെഹ്‌റാന്‍: ഇറാനെതിരായ മൂന്നാമത്തെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം കാരണം അമേരിക്ക പൂര്‍ണമായും അപമാനിതരായെന്ന് ഇസ്‌ലാമിക് റെവല്യൂഷ്യന്‍ ഗാര്‍ഡ് കോപ്‌സ് ( ഐ.ആര്‍.ജി.സി). യുദ്ധം ക്രിമിനലുകളായ ഇസ്രഈലിന്റെ തകര്‍ച്ച വേഗത്തിലാക്കിയെന്നും ഐ.ആര്‍.ജി.സി ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ എസ്മായില്‍ ഖാനി പറഞ്ഞു.

അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇറാനെതിരായ യുദ്ധം അമേരിക്കയുടെ ആഗോള മേധാവിത്വത്തിനും വിശ്വാസ്യതയ്ക്കും കടുത്ത ആഘാതമേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ ലോകത്തിന് മുന്നില്‍ അമേരിക്കയുടെ സൈനികവും രാഷ്ട്രീയവുമായ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ നിലനില്‍പ്പിനായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ കൗണ്ട്ഡൗണ്‍ കൂടുതല്‍ വേഗത്തിലാക്കാനും ഈ യുദ്ധത്തിന് സാധിച്ചു,’ ഖാനി പറഞ്ഞു.

പ്രതിരോധ നിരയിലെ തങ്ങളുടെ ധീരരായ യോദ്ധാക്കള്‍ ഒരിക്കല്‍ കൂടെ അധിനിവേശ ശക്തികള്‍ക്ക് മേല്‍ ചരിത്രപരമായ വിജയം നേടിയിരിക്കുന്നുവെന്നും അമേരിക്ക തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം യഥാര്‍ത്ഥത്തില്‍ അവരുടെ തന്നെ തകര്‍ച്ചയ്ക്ക് തന്നെ വഴിയൊരിക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലെബനനിലെ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള പ്രതിരോധ ശക്തികളുടെ പങ്കിനെയും ഖാനി പ്രശംസിച്ചു. ലെബനീസ് പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ല ഈ പോരാട്ടത്തില്‍ ഇറാന് നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെ സംരക്ഷിക്കാന്‍ അവര്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നുവെന്നും പ്രശ്‌നം ഗുരുതരമായപ്പോഴും പ്രതിരോധത്തില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘ഹിസ്ബുല്ലയെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് യു.എസും ഇസ്രഈലും കരുതിയിരുന്നു, എന്നാല്‍ അവര്‍ കൂടുതല്‍ കരുത്തോടെയാണ് ഈ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നത്,’ ഖാനി പറഞ്ഞു.

ഇസ്രഈല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട ഗസ മുനമ്പിനെയും ഹമാസിനെയും കുറിച്ച് സംസാരിക്കവെ, തകര്‍ന്നടിഞ്ഞ ഗസയെയും ഹമാസിന്റെ സൈനിക ശേഷിയെയും ഇറാനും ഐ.ആര്‍.ജി.സിയും ചേര്‍ന്ന് കൂടുതല്‍ ശക്തമായി പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പ്രതിജ്ഞചെയ്തു.

ബാബ് അല്‍-മന്ദേബ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ പ്രതിരോധ സഖ്യം കൈവരിച്ച നേട്ടങ്ങളെയും ഖാനി എടുത്തുപറഞ്ഞു. ശത്രുക്കളെ കടുത്ത ഭയത്തിലും അനിശ്ചിതത്വത്തിലും നിര്‍ത്താന്‍ സഖ്യത്തിന് സാധിച്ചുവെന്നും, ആവശ്യമായി വന്നാല്‍ ഇതിലും വലിയ പ്രതിരോധ ശേഷി പുറത്തെടുക്കാന്‍ തങ്ങള്‍ സജ്ജരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കരാറിലെത്താന്‍ ശ്രമിച്ച ഇറാന്റെ നയതന്ത്ര ചര്‍ച്ചാ സംഘത്തെയും ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ അഭിനന്ദിച്ചു. ശത്രുക്കളുടെയോ മധ്യസ്ഥരുടെയോ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാതെ, രാജ്യത്തിന്റെ താത്പ്പര്യങ്ങളും പ്രതിരോധ സഖ്യത്തിന്റെ അന്തസും ഉയര്‍ത്തിപ്പിടിച്ചാണ് ചര്‍ച്ചാ സംഘം കരാറില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഹോര്‍മുസിലുള്ള യു.എസ് നാവികസേനാ ഉപരോധം പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. സമാധാന കരാറില്‍ ഒപ്പിടുന്നതായി ഇറാനും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ഖാനിയുടെ പ്രതികരണം.

Content Highlight: War targeting Iran led to its downfall; destroyed US credibility, accelerated Israel’s countdown: Quds commander

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.