തീയുണ്ട ബൗളര്‍മാര്‍ കാരണമല്ല, സച്ചിന്‍ യുഗത്തില്‍ വിരാടിന് ഇതുപോലെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല; തുറന്നടിച്ച് വഖാര്‍ യൂനിസ്
Sports News
തീയുണ്ട ബൗളര്‍മാര്‍ കാരണമല്ല, സച്ചിന്‍ യുഗത്തില്‍ വിരാടിന് ഇതുപോലെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല; തുറന്നടിച്ച് വഖാര്‍ യൂനിസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd March 2025, 5:51 pm

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. ഏകദിനത്തില്‍ 51 സെഞ്ച്വറികളടക്കം 14,000+ റണ്‍സ് നേടിയ താരം ഈ റെക്കോഡിലെത്തുന്ന മൂന്നാമത് മാത്രം താരവും ഏറ്റവും വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന താരവുമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തന്റെ പ്രതിഭ തെളിയിച്ച താരം ഏകദിനത്തില്‍ തന്റെ 300ാം മത്സരം കളിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായാണ് വിരാട് തന്റെ 300ാം ഏകദിനം കളിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിയുടെ ഇംപാക്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസറും ക്രിക്കറ്റ് ഇതിഹാസവുമായ വഖാര്‍ യൂനിസ്. വിരാട് ഇന്ത്യന്‍ ടീമില്‍ ഡോമിനേഷന്‍ തുടരുകയാണെന്നും വിരാടിനോളം ഡൈനാമിക്കായ മറ്റൊരു താരം ടീമിലില്ല എന്നുമാണ് വഖാര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫിയില്‍ നടന്ന സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് മത്സരത്തിനിടെ കമന്ററിയിലൂടെയാണ് പാക് ലെജന്‍ഡ് ഇക്കാര്യം പറഞ്ഞത്.

‘ വിരാട് തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും. അവന്‍ എക്കാലത്തെയും മികച്ച താരമാണ്.

എന്നാല്‍ വിരാട് ഇങ്ങനെ ആയിത്തീര്‍ന്നതില്‍ ടീമില്‍ ഇത്രത്തോളം ഡൈനാമിക്കായ താരങ്ങളുടെ അഭാവവും ഒരു കാരണമാണെന്ന് പറയേണ്ടി വരും. രോഹിത് ശര്‍മ ടീമിന്റെ ഭാഗമാണ്. രോഹിത്തും വിരാടുമല്ലാത ടീമിലെ മറ്റെല്ലാ താരങ്ങളും ഇത്രത്തോളം മികച്ചവരല്ല.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കാലത്തേക്ക് കൊണ്ടുപോവുകയാണെങ്കില്‍, വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങി നിരവധി താരങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നു. വിരാട് സച്ചിന്റെയോ സേവാഗിന്റെയോ കാലത്താണെങ്കില്‍ ഇത്രത്തോളം റണ്‍സ് നേടുമായിരന്നില്ല.

അവന്‍ റണ്‍സെടുക്കില്ല എന്നല്ല, ടീമില്‍ സച്ചിനും മറ്റ് താരങ്ങളും ഉള്ളതുകൊണ്ട് മത്സരത്തില്‍ കംപ്ലീറ്റ് ഡോമിനേഷന്‍ നേടാന്‍ വിരാടിന് ഒരിക്കലും സാധിക്കുമായിരുന്നില്ല. അവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റണ്‍സ് നേടിയ താരങ്ങളാണ്. അവരുടെ സംഭാവനകള്‍ കൂടിയാകുമ്പോള്‍ വിരാട് കോഹ്‌ലിക്ക് ഒരിക്കലും സെന്റര്‍ സ്‌റ്റേജ് ലഭിക്കുമായിരുന്നില്ല,’ വഖാര്‍ പറഞ്ഞു.

രണ്ട് യുഗങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഗവാസ്‌കറിന്റെ വാക്കുകളും വഖാര്‍ പങ്കുവെച്ചു.

‘രണ്ട് യുഗങ്ങളില്‍ കളിച്ച താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എന്നോട് വിരാട് കോഹ്‌ലിയെ കുറിച്ച് ചോദിച്ചു. ഇതുകൊണ്ട് മാത്രമാണ് ഞാന്‍ ഇത് ഒരു ഉദാഹരണമെന്നോണം പറഞ്ഞത്.

സാഹചര്യങ്ങളും മറ്റും വ്യത്യസ്തമായതിനാല്‍ രണ്ട് ജനറേഷനിലെ താരങ്ങള്‍ പരസ്പരം താരതമ്യം ചെയ്യരുതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Waqar Younis says Virat Kohli wouldn’t have earned big if he had played in Sachin and Sehwag’s era