അടുത്തിടെ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വ്യാസനസമേതം ബന്ധുമിത്രാദികള്‍. നവാഗതനായ എസ്. വിപിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അനശ്വര രാജന്‍, സിജു സണ്ണി, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഇപ്പോള്‍ ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ എസ്. വിപിന്‍. താന്‍ എന്താണോ ഉദ്ദേശിക്കുന്നത്, അത് അതുപോലെ മനസിലാക്കുന്ന നടിയാണ് അനശ്വര്യയെന്ന് വിപിന്‍ പറയുന്നു. ഒ.ടി.ടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അനശ്വരക്ക് ഞാന്‍ സീനിന്‍ എന്താണെന്ന് ചെറുതായി ഒന്ന് വിവരിച്ച് കൊടുക്കുകയെ വേണ്ടു. ഞാന്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് കൃത്യമായി അവള്‍ക്ക് മനസിലാകും. മാത്രമല്ല തൊട്ടടുത്ത സീനുകളിലെല്ലാം അതേ ഇമോഷന്‍ കൃത്യമായി മെയിന്റൈന്‍ ചെയ്യും. ഓരോ പ്രാവശ്യവും അവള്‍ക്കത് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല.
തന്റെ കഥാപാത്രത്തിന് വേണ്ടി അസീസ് നെടുമങ്ങാട്, നമ്മുടെ നാട്ടിന്‍ പുറത്തുള്ള കടയുടമകളെ പഠിക്കുകയും സ്‌ക്രീനില്‍ അവരുടെ പെരുമാറ്റം സമര്‍ത്ഥമായി കൊണ്ടുവരികയും ചെയ്തു. മല്ലിക സുകുമാരനും ബൈജു സന്തോഷും അവരുടെ ഭാഗങ്ങള്‍ അനായാസമായി അവതരിപ്പിച്ചു
റീയാക്ഷനുകളിലൂടെയാണ് അഭിനയം വരേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ആ സീനിന്റെ ഇമ്പാക്ട് വളരെ വലുതായിരിക്കും. തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കാനാണ് ഞാന്‍ കൂടുതലായും എന്റെ ആര്‍ട്ടിസ്റ്റുകളോട് പറയാറുള്ളത്.
എന്നാലും അവരുടെയും ചില സജഷനുകള്‍ ഞാന്‍ സ്വീകരിക്കാറുണ്ട്. ജോമോന്റെ കഥാപാത്രം ഒരു വൃദ്ധനെ പെട്ടെന്ന് മോട്ടോര്‍ ബൈക്ക് ഓടിച്ചുകൊണ്ട് ഞെട്ടിക്കുന്നതുപോലെയുള്ള ചില മാറ്റങ്ങള്‍ അങ്ങനെ വന്നതാണ്.
തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷം അനുയോജ്യമായവരെ തെരഞ്ഞെടുക്കാനാണ് എനിക്ക് ഇഷ്ടം. ഒരു താരത്തിന് വേണ്ടി എഴുതുന്നതിനേക്കാള്‍ ശക്തമായ ഒരു കഥയാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്,’ എസ്. വിപിന്‍ പറയുന്നു.
Content highlight: Vysanasametham Bandhumithradhikal director S Vipin on Anaswara Rajan’s professionalism