ഞാന്‍ വിരമിക്കാന്‍ കാരണം ധോണിയാണെന്ന് ഇനിയെങ്കിലും പറയരുത്; ക്യാപ്റ്റന്‍ കൂളിനെക്കുറിച്ച് ലക്ഷ്മണ്‍
Cricket
ഞാന്‍ വിരമിക്കാന്‍ കാരണം ധോണിയാണെന്ന് ഇനിയെങ്കിലും പറയരുത്; ക്യാപ്റ്റന്‍ കൂളിനെക്കുറിച്ച് ലക്ഷ്മണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th November 2018, 10:58 pm

ഹൈദരാബാദ്: താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കാരണം ധോണിയാണെന്നുള്ള വാര്‍ത്തകള്‍ ചിലരുടെ ഊഹാപോഹം മാത്രമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വി.വി.എസ് ലക്ഷ്മണ്‍. ജന്മനാടായ ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ആത്മകഥയായ “281 ആന്‍ഡ് ബിയോണ്ട്” പ്രകാശനവേളയിലാണു ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍.

2012 ഓഗസ്റ്റില്‍ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അതിനു മുന്‍പെ ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ലക്ഷ്മണിനു പുറമെ വീരേന്ദര്‍ സേവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരുപിടി മഹാരഥന്‍മാരുടെ വിരമിക്കലിനു കാരണം മഹേന്ദ്രസിങ് ധോണിയാണെന്ന സംസാരം ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമാണ്.

ALSO READ: ഐ.എം.ഡി.ബിയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ‘ഒടിയന്’ നാലാം സ്ഥാനം

എന്നാല്‍ ഇത് ശരിയല്ലെന്നാണ് ലക്ഷ്മണിന്റെ പക്ഷം. മാത്രമല്ല ധോണിയുമൊത്തുള്ള നിമിഷങ്ങള്‍ രസകരമായി തന്റെ ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നുമുണ്ട് ഇന്ത്യയുടെ വെരി വെരി സ്‌പെഷ്യല്‍ ബാറ്റ്‌സ്മാന്‍.

ധോണിയെക്കുറിച്ച് ലക്ഷ്മണിന്റെ വാക്കുകള്‍ (281 ആന്‍ഡ് ബിയോണ്ട്)

ധോണിയെക്കുറിച്ചുള്ള എന്റെ സുന്ദരമായൊരു ഓര്‍മ, നാഗ്പുരില്‍ എന്റെ നൂറാം ടെസ്റ്റിന്റെ സമയത്ത് അദ്ദേഹം ടീം ബസിന്റെ ഡ്രൈവറായതാണ്. അന്ന് ധോണിയാണ് ബസ് ഓടിച്ച് ഞങ്ങളെ സ്റ്റേഡിയത്തില്‍നിന്ന് ഹോട്ടലിലെത്തിച്ചത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ടീമിന്റെ ക്യാപ്റ്റന്‍ ബസ് ഓടിച്ച് സഹതാരങ്ങളെ ഹോട്ടലിലെത്തിക്കുന്നു! അനില്‍ കുംബ്ലെ വിരമിച്ച ശേഷം ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ആദ്യ ടെസ്റ്റായിരുന്നു ഇത്. എന്നാല്‍ അതിന്റെ സമ്മര്‍ദ്ദമോ ആശങ്കയോ ഒന്നും ധോണിക്കുണ്ടായിരുന്നില്ല. ധോണി എന്നും അങ്ങനെയായിരുന്നു. എപ്പോഴും ചിരിച്ചുകളിച്ച്, വളരെ എളിമയോടെ പെരുമാറുന്ന ഒരു മനുഷ്യന്‍.

ആ സന്തോഷവും ചിരിയുമൊന്നും ധോണിക്ക് ഒരിക്കലും കൈമോശം വന്നിട്ടില്ല. ധോണിയേപ്പോലെ ശാന്തനായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ടീമിലേക്കു വരുമ്പോള്‍ മുതല്‍ ഞാന്‍ എന്റെ അവസാന ടെസ്റ്റ് കളിക്കുന്നിടം വരെ ധോണിയുടെ റൂം എല്ലാവര്‍ക്കുമായി തുറന്നിട്ടിരുന്നു. അക്കാലത്തിനിടയ്ക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി ധോണി പേരെടുത്തിരുന്നു എന്നോര്‍ക്കണം. എന്നിട്ടും രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ തന്റെ മുറിയുടെ വാതില്‍ അദ്ദേഹം എല്ലാവര്‍ക്കുമായി തുറന്നിട്ടു.

ALSO READ: ഹര്‍മന്‍പ്രീതിന്റെ റെക്കോര്‍ഡ് തിരുത്തി സ്മൃതി മന്ദാന

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യം ധോണിയുമായി സംസാരിച്ചോ” എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍, ധോണിയെ ഒന്നു കാണാന്‍ തന്നെ എന്തു ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ” എന്നു മറുപടി കൊടുത്തു. എന്നാല്‍, എന്റെ ക്രിക്കറ്റ് ജീവിതത്തില ഏറ്റവും വലിയ വിവാദമായി ഇതു മാറുമെന്ന് അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

സംഭവം കൈവിട്ടുപോയെങ്കിലും അവസാന ടെസ്റ്റിന്റെ അവസാന ദിനം വരെ ഞാന്‍ കാത്തിരുന്നു. മല്‍സരം പൂര്‍ത്തിയായ ശേഷം ടീമംഗങ്ങളെയും സപ്പോര്‍ട്ടിങ് സ്റ്റാഫിലെ അംഗങ്ങളെയും വെവ്വേറെ കണ്ട് നന്ദിയറിയിച്ചു. ധോണിയെ കാണാനെത്തിയപ്പോള്‍ എന്നെ നോക്കി അദ്ദേഹം പൊട്ടിച്ചിരിച്ചു.

“ലക്ഷ്മണ്‍ ഭായ്, ഇത്തരം വിവാദങ്ങള്‍ നിങ്ങള്‍ക്കത്ര പരിചിതമല്ലായിരിക്കും. എനിക്കു പക്ഷേ അങ്ങനെയെല്ല. ഈ വിവാദമൊന്നും മനസ്സില്‍ വയ്ക്കരുത്. ചില സമയത്ത് വസ്തുതകള്‍ നല്ലൊരു വാര്‍ത്തയുടെ രൂപത്തിലായിരിക്കില്ല വരുന്നത് എന്ന് നമുക്കെല്ലാം അറിയാമല്ലോ” എന്നു പറഞ്ഞു എന്നെ ആലിംഗനം ചെയ്തു. കാര്യങ്ങളെ ഇത്ര ലഘുവായി കാണാനുള്ള ധോണിയുടെ കഴിവില്‍ വീണ്ടും വീണ്ടും ഞാന്‍ അതിശയിച്ചുപോയി.

WATCH THIS VIDEO: